23 April, 2020 07:01:27 PM


കോട്ടയത്ത് മാര്‍ക്കറ്റ് അടച്ചു: നാളെ ശുചീകരണം; റൂട്ട് മാപ്പ് തയ്യാറാക്കുന്നു



കോട്ടയം: ജില്ലയില്‍ ഇന്ന് രണ്ടു പേരില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോട്ടയം മാര്‍ക്കറ്റ് അടച്ചു. രോഗികളില്‍ ഒരാള്‍ കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയും മറ്റൊരാള്‍ ആരോഗ്യപ്രവര്‍ത്തകനുമാണ്. പാലക്കാട്ടുനിന്ന് ലോഡുമായി വന്ന ലോറി ഡ്രൈവറുടെ സഹായില്‍ നിന്നാകാം ചുമട്ടുതൊഴിലാളിക്ക് രോഗം പകര്‍ന്നതെന്നാണ് സൂചന. എന്നാല്‍ ഡ്രൈവറുടെ സഹായിക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. മറ്റേതെങ്കിലും വഴിയാണോ ഇദ്ദേഹത്തിന് രോഗം വന്നതെന്നും അന്വേഷിക്കുന്നുണ്ട്.


തമിഴ്നാട്ടില്‍ നിന്നും വന്ന ലോറി പാലക്കാട് കുഴല്‍മന്ദം വരെ ഓടിച്ചത് കോവിഡ് സ്ഥിരീകരിച്ച ഡ്രൈവറാണ്. ശരീരോഷ്മാവ് വര്‍ദ്ധിക്കുകയും രോഗലക്ഷണങ്ങള്‍‌ കാണുകയും ചെയ്തതിനാലാണ് പാതിവഴിയില്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നാണ് തേങ്കുറിശ്ശി സ്വദേശിയായ സഹായി ലോറിയുമായി കോട്ടയത്തേക്ക് വന്നത്. സേലത്തുനിന്നും ലോറിയില്‍ തണ്ണിമത്തന്‍ കയറ്റുമ്പോഴും വന്ന വഴിയിലുടനീളം ലോറിയില്‍ ഡ്രൈവറുടെ സ്പര്‍ശനമുണ്ടായതും രോഗം പകരാന്‍ വഴിവെച്ചിരിക്കാം എന്നും സംശയിക്കുന്നവരുണ്ട്. അങ്ങിനെയാണ് രോഗം പകര്‍ന്നതെങ്കില്‍ ഈ തണ്ണിമത്തന്‍ വിപണിയില്‍ എത്തിയിട്ടുണ്ടോ എന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. ചുമട്ടുതൊഴിലാളിക്ക് കോവിഡ്-19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നാളെ കോട്ടയം മാര്‍ക്കറ്റില്‍ അഗ്നിരക്ഷാസേനയുടെ സഹായത്തോടെ ശുചീകരണ പ്രവര്‍ത്തനം നടത്തും. 


ആരോഗ്യ പ്രവര്‍ത്തകന്‍ മാര്‍ച്ച്‌ 24നാണ് തിരുവനന്തപുരത്തുനിന്ന് കോട്ടയത്തെത്തിയത്. ഇവിടെ വീട്ടില്‍ത്തന്നെ കഴിയുകയായിരുന്നു. നിശ്ചിത കാലയളവിലെ നിരീക്ഷണത്തിനുശേഷം രോഗം സ്ഥിരീകരിച്ചതും ആശങ്ക ജനിപ്പിക്കുന്നു. രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് തയാറാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് അധികൃതര്‍ പറയുന്നു. ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ച പഞ്ചായത്തുകളില്‍ പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികളും ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തും.
         




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K