24 April, 2020 11:01:39 PM


പ്രസവത്തെ തുടര്‍ന്ന് അധ്യാപിക മരിച്ചു: ചികിത്സാപിഴവെന്ന് ബന്ധുക്കള്‍



ഏറ്റുമാനൂര്‍: തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെതുടര്‍ന്ന് യുവതി മരിച്ചു. ചികിത്സാപിഴവ് മൂലമാണ് മരണം സംഭവിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കോട്ടയം ബാറിലെ അഭിഭാഷകൻ പേരൂര്‍ തച്ചനാട്ടേല്‍ അഡ്വ. ടി.എന്‍. രാജേഷിന്‍റെ ഭാര്യ അരീപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ററി സ്കൂള്‍ അധ്യാപിക ജി.എസ്.ലക്ഷ്മി (41) ആണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷം മരണത്തിന് കീഴടങ്ങിയത്.


ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് സംശയം ജനിപ്പിക്കുന്ന രീതിയിലുണ്ടായ പെരുമാറ്റവും മരുന്ന് ലഭിക്കുന്നില്ലാ എന്ന് പറഞ്ഞതുമാണ് ചികിത്സാപിഴവിലേക്കെന്ന ആരോപണത്തിലേക്ക് വഴിവെച്ചത്. വ്യാഴാഴ്ചയാണ് ലക്ഷ്മിയെ തെള്ളകത്തെ മിറ്റേരാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച നാലര മണിയോടെ പെണ്‍കുഞ്ഞിന്  ജന്മം നല്‍കി. പ്രസവം നോര്‍മല്‍ ആയിരുന്നുവെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും ഡോക്ടര്‍ ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കൾ അമ്മയേയും കുഞ്ഞിനെയും കാണുകയും ചെയ്തിരുന്നുവത്രേ.


എന്നാല്‍ അഞ്ചരയോടെ ലക്ഷ്മിയ്ക്ക് രക്തസ്രാവം ഉണ്ടായി എന്നും രക്തം ആവശ്യമുണ്ടെന്നും പറയുന്നു. ആശുപത്രിയില്‍ നിന്ന് തന്നെ രക്തം തത്ക്കാലം നല്‍കാമെന്നും പറഞ്ഞത്രേ. ഏഴ് മണിയോടെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും ഇതിനിടെ രണ്ട് തവണ ഹൃദയസ്തംഭനം ഉണ്ടായെന്നും അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. രക്തസ്രാവം നിലയ്ക്കാത്തതിനാല്‍ ഗര്‍ഭപാത്രം നീക്കിയെന്ന് ഏഴരയോടെ ഡോക്ടര്‍ അറിയിച്ചതായി ബന്ധുക്കള്‍ സ്റ്റേഷനില്‍ മൊഴി നല്‍കി.


ഇതിനിടെ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ മരുന്ന് കോട്ടയത്ത് ലഭ്യമല്ലെന്നും എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ എത്തിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞുവത്രേ. എന്നാല്‍ ബന്ധുക്കളുടെയും രാജേഷിന്‍റെ സുഹൃത്തുക്കളുടെയും അന്വേഷണത്തില്‍ തെള്ളകത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ഈ മരുന്ന് ലഭ്യമാണെന്ന് അറിഞ്ഞു. ഈ വിവരം ഡോക്ടറെ അറിയിച്ചെങ്കിലും അവരുടെ പെരുമാറ്റം സംശയം ജനിപ്പിക്കുന്ന രീതിയിലായിരുന്നു എന്നാണ് ആരോപണം. മാത്രമല്ല മരുന്ന് ലഭിച്ചാലും ലക്ഷ്മിയുടെ ജീവന്‍ രക്ഷിക്കാനാവുമെന്ന് തോന്നുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞുവെന്നാണ് ബന്ധുക്കളുടെ മൊഴി. 8.45 മണിയോടെയാണ് ലക്ഷ്മി മരിച്ചെന്ന് ഭര്‍ത്താവിനെ അറിയിച്ചത്.


അമിതരക്തസ്രാവമാണ് ലക്ഷ്മിയുടെ മരണത്തിന് കാരണമായതെന്ന് മിറ്റേര ആശുപത്രി അധികൃതർ കൈരളി വാർത്തയോട് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച ലക്ഷ്മി തിരുവനന്തപുരം സ്വദേശിനിയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. എസ്എംവി ഗ്ലോബല്‍ സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി മകളാണ്. സംസ്കാരം ശനിയാഴ്ച വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 18.7K