25 April, 2020 12:56:20 PM


കോട്ടയം ജില്ലയില്‍ 3 പേർക്ക് കൂടി കോവിഡ്; രോഗികളുടെ എണ്ണം ആറായി



കോട്ടയം: കോട്ടയം ജില്ലയില്‍ 3 പേര്‍ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. മണര്‍കാട് സ്വദേശിയായ ലോറി ഡ്രൈവര്‍ (50), കുമാരനല്ലൂര്‍ സംക്രാന്തി സ്വദേശിനി (55), കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ചിങ്ങവനം പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍റെ മാതാവ് (60) എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇതോടെ കോവിഡ് വിമുക്തജില്ലയായി മാറിയ കോട്ടയത്ത് വീണ്ടും വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ആറായി.


നേരത്തെ ഇടുക്കി ജില്ലയില്‍ രോഗം സ്ഥിരീകരിച്ച പാലാ സ്വദേശിനി, കോട്ടയം മാര്‍ക്കറ്റിലെ ലോഡിങ് തൊഴിലാളിയായ വിജയപുരം പാറമ്പുഴ സ്വദേശി, പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ എന്നിവരില്‍ രോഗബാധ കണ്ടെത്തിയിരുന്നു. ആറു പേരും ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സാ വിഭാഗത്തിലാണ്.


അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ചരക്ക് ലോറിയുടെ ഡ്രൈവറാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മണര്‍കാട് സ്വദേശി . മാര്‍ച്ച് 25ന് മഹാരാഷ്ട്രയില്‍നിന്നു നാട്ടിലെത്തിയ ശേഷം ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശപ്രകാരം വീട്ടില്‍ 28 ദിവസം ക്വാറന്‍റീൻ പൂര്‍ത്തിയാക്കിയെന്നാണ് പറയപ്പെടുന്നത്. സംക്രാന്തി സ്വദേശിനി ഒന്നര മാസം മുമ്പാണ് ഷാര്‍ജയില്‍ നിന്ന് എത്തിയത്. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകനുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയതു പരിഗണിച്ചാണ് മാതാവിന്‍റെ സ്രവം എടുത്തത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ടും പരോക്ഷമായും സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.


കോട്ടയം നഗരസഭയുടെ പരിധിയിൽ 4 വാർഡുകളും സമീപ പഞ്ചായത്തുകളായ പനച്ചിക്കാടും വിജയപുരവുമാണു ഹോട്സ്പോട്ട് മേഖലകൾ. ഹോട്സ്പോട്ട് ആയി പ്രഖ്യാപിച്ച നഗരത്തിലെ വാർഡുകളിലും സമീപ പഞ്ചായത്തുകളിലും കനത്ത ജാഗ്രതയിലാണു പൊലീസും അധികൃതരും. പനച്ചിക്കാട്, വിജയപുരം എന്നിവിടങ്ങളിലെ സമൂഹ അടുക്കള പൂട്ടി. ക്വാറന്‍റീനിൽ കഴിയുന്നവർക്കു ഭക്ഷണം വീടുകളിലാണ് എത്തിക്കുന്നത്. വിജയപുരത്തു കുടുംബശ്രീയുടെ അടുക്കളയും പ്രവർത്തിക്കുന്നില്ല. എന്നാൽ കോട്ടയത്തു സമൂഹ അടുക്കള പ്രവർത്തിക്കുന്നുണ്ട്. 


അതേസമയം, രോഗബാധിതരില്ലാത്ത അവസ്ഥയിലേക്ക് കോട്ടയം ജില്ല എത്തിയതിന്‍റെ അടിസ്ഥാനത്തില്‍ ലോക്ഡൌണിന് ഇളവുകള്‍ അനുവദിച്ചതുമൂലം സമൂഹവ്യാപനം കൂടിയിട്ടുണ്ടെന്നും അതുമൂലമാണ് രോഗികളുടെ എണ്ണം വീണ്ടും വര്‍ദ്ധിച്ചുവരുന്നതെന്നും ആരോപണം ഉയര്‍ന്നു. മാര്‍ക്കറ്റില്‍ തമിഴ്നാട്ടില്‍ നിന്നും വന്ന ലോറിയില്‍ നിന്നും  തണ്ണിമത്തന്‍ ഇറക്കിയ ലോഡിംഗ് തൊഴിലാളിക്കും അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ലോറിയുടെ ഡ്രൈവര്‍ക്കും രോഗബാധയുണ്ടായത് ഏറെ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് അതിര്‍ത്തി കടന്ന് ഇപ്പോഴും ലോറികള്‍ കേരളത്തില്‍ എത്തുന്നത് ജനങ്ങളില്‍ ആശങ്കയുളവാക്കിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K