25 April, 2020 06:52:06 PM


ഏറ്റുമാനൂര്‍ മാര്‍ക്കറ്റില്‍ അന്യസംസ്ഥാന ലോറികള്‍ക്ക് നാളെ മുതല്‍ വിലക്ക്

പച്ചക്കറിക്കായി നാട്ടില്‍നിന്നും അന്യസംസ്ഥാനങ്ങളിലേക്ക് പോയി വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരെ ക്വാറന്‍റയിന്‍ ചെയ്യണമെന്നും നിര്‍ദ്ദേശം



ഏറ്റുമാനൂര്‍: മാര്‍ക്കറ്റില്‍ അന്യസംസ്ഥാന ലോറികള്‍ക്ക് വിലക്ക്. കോവിഡ് വ്യാപനം വീണ്ടും ശക്തിപ്രാപിക്കുന്നതിനാല്‍ നാളെ മുതല്‍ മത്സ്യമാര്‍ക്കറ്റില്‍ അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള വണ്ടികള്‍ പ്രവേശിപ്പിക്കില്ല. കേരളത്തിനു പുറത്തുനിന്നുള്ള മത്സ്യവും ഏറ്റുമാനൂരില്‍ വില്‍ക്കേണ്ടതില്ലെന്ന് മത്സ്യവ്യാപാരികളെയും വിവിധ സംഘടനാ പ്രതിനിധികളെയും പങ്കെടുപ്പിച്ച് നഗരസഭ വിളിച്ചു കൂട്ടിയ യോഗത്തില്‍ തീരുമാനിച്ചതായി ആഗോഗ്യകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് അറിയിച്ചു.


മത്സ്യമാര്‍ക്കറ്റില്‍ എത്തുന്ന വാഹനങ്ങളിലെ ജീവനക്കാരെ പുറത്തിറങ്ങി വിശ്രമിക്കാന്‍ അനുവദിക്കില്ല. മാര്‍ക്കറ്റില്‍ എത്തുന്ന വാഹനങ്ങള്‍ അണുവിമുക്തമാക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും. മത്സ്യവുമായി വരുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ക്കായി പ്രത്യേകം ശുചിമുറി സംവിധാനം ചെയ്തിട്ടുണ്ട്. പല ഭാഗങ്ങളില്‍കൂടി മാര്‍ക്കറ്റിലേക്ക് വാഹനങ്ങള്‍ കടന്നുവരുന്നതും പോകുന്നതും നിരോധിക്കും. വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തി ഡ്രൈവര്‍ ഉള്‍പ്പെടെ ജീവനക്കാരുടെ ആരോഗ്യനില പരിശോധിച്ചശേഷമേ മാര്‍ക്കറ്റിലേക്ക് പ്രവേശിപ്പിക്കു. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നതിന് കൂടുതല്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കും. പോലീസിന്‍റെ സഹായവും തേടും.


മത്സ്യമാര്‍ക്കറ്റിലെ ചരക്കിറക്ക് തൊഴിലാളികളുടെ എണ്ണത്തിലും നിയന്ത്രണമേര്‍പ്പെടുത്തി. നിലവിലുള്ളതിന്‍റെ മൂന്നിലൊന്ന് തൊഴിലാളികള്‍ മാത്രമേ ഒരു സമയത്ത് മാര്‍ക്കറ്റില്‍ ഉണ്ടാവു. ഇപ്പോള്‍ 60 പേരാണ് ആകെയുള്ള തൊഴിലാളികള്‍. നാളെ മുതല്‍ പരമാവധി 20 പേരെ മാത്രമേ ജോലിക്ക് അനുവദിക്കൂ. 12 സ്റ്റാളുകളിലും ഓരോ മാനേജ്മെന്‍റ് സ്റ്റാഫിനേയും അനുവദിക്കും. ഇതുവരെ ഒരോ സ്റ്റാളിലും നാലും അഞ്ചും പേര്‍ വീതം കരാര്‍ ഏറ്റെടുത്തവരുടെ ജീവനക്കാരായി ഉണ്ടായിരുന്നു. മാസ്കും കൈഒറയും ഇല്ലാതെ ജീവനക്കാരെ മാര്‍ക്കറ്റില്‍ ജോലി ചെയ്യാനും അനുവദിക്കില്ല.


പേരൂര്‍ റോഡിലെ സ്വകാര്യ പച്ചക്കറി മാര്‍ക്കറ്റിലെ തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനവും നാളെ മുതല്‍ നടപ്പാക്കും. അന്യസംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറികളുമായി വരുന്ന വാഹനങ്ങളില്‍ ഉടമയുടെ സ്വന്തം ചെലവില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയശേഷമേ മാര്‍ക്കറ്റില്‍ പ്രവേശിപ്പിക്കാവു. മാര്‍ക്കറ്റിലെ ഓരോ സ്റ്റാളിലും ഒരേ സമയം 5 പേരില്‍ കൂടുതല്‍ ഉണ്ടാവരുത്. മാസ്ക് ധരിച്ച് എത്തുന്നവര്‍ക്ക് മാത്രമേ പച്ചക്കറികള്‍ നല്‍കാവു എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പച്ചക്കറി മാര്‍ക്കറ്റിന്‍റെ പ്രവേശന കവാടത്തില്‍ ബാരിക്കേഡ് കെട്ടി ആളുകളുടെ പ്രവേശനം നിയന്ത്രിക്കണമെന്നും ആള്‍ക്കൂട്ടം ഉണ്ടാവരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.


പച്ചക്കറിക്കായി നാട്ടില്‍നിന്നും അന്യസംസ്ഥാനങ്ങളിലേക്ക് പോയി വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുള്‍പ്പെടെ ജീവനക്കാരെ നിശ്ചിതദിവസം ക്വാറന്‍റയിന്‍ ചെയ്യണമെന്നും നിര്‍ദ്ദേശം ഉയര്‍ന്നു. ഇന്ന് മണര്‍കാട് ലോറി ഡ്രൈവര്‍ക്കും കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍നിന്ന് തണ്ണിമത്തന്‍ എത്തിച്ച മലയാളി ഡ്രൈവര്‍ക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇത് അത്യന്താപേക്ഷിതമാണെന്ന് ചൂണ്ടികാട്ടിയെങ്കിലും മാര്‍ക്കറ്റ് ഉടമ ബുദ്ധിമുട്ട് പ്രകടിപ്പിച്ചതായി നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.


അന്യസംസ്ഥാനലോറികള്‍ ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ ജില്ലയിലെ മറ്റ് മാര്‍ക്കറ്റുകളില്‍ മീന്‍ ഇറക്കില്ലേ എന്ന സംശയം വ്യാപാരികള്‍ ഉന്നയിച്ചു. അത് നിയന്ത്രിക്കാന്‍ ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് പറ്റില്ലാത്തതിനാല്‍ വിഷയം ചൂണ്ടികാട്ടി ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയതായും ടി.പി.മോഹന്‍ദാസ് പറ‍ഞ്ഞു. അരിക്കടകളിലും സിമന്‍റ് കടകളിലും എത്തുന്ന ലോറികളും വ്യാപാരികളുടെ സ്വന്തം ചെലവില്‍ അണുവിമുക്തമാക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നഗരസഭാ ചെയര്‍പേഴ്സണ്‍ ലൌലി ജോര്‍ജിന്‍റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പി.വി.മൈക്കിള്‍, ടി.വി.ബിജോയ്, ബിജു കൂമ്പിക്കന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.ബിനു, റവന്യു - പോലീസ് അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.9K