28 April, 2020 07:11:07 PM


അലക്സ് മേനാമ്പറമ്പിലിന് ഒരാഗ്രഹം; ഒരു തവണയെങ്കിലും 'ശ്രീനാരായണ ഗുരുദേവന്‍' ആകണം

- സുനില്‍ പാലാ



പാലാ: എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോയി കുർബാന കൂടുന്ന 65-കാരനായ അലക്സ് മേനാംപറമ്പിലിന് ഒരാഗ്രഹം. ഒരു തവണയെങ്കിലും "ശ്രീനാരായണ ഗുരുദേവനായി" ഒന്നു വേഷമിടണം. ചതയദിനം പോലെ ഗുരുദേവനുമായി ബന്ധപ്പെട്ട ഒരു പുണ്യദിനമാണെങ്കിൽ അത്രയും നന്ന്.


ഇത്ര കാലം മനസ്സിൽ സൂക്ഷിച്ച ആഗ്രഹം ഇപ്പോൾ പരസ്യമാക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട് ; കോവിഡിന്‍റെ ലോക്ക് ഡൗണിൽ വീട്ടിൽപ്പെട്ടു പോയതോടെ നീണ്ട തലമുടി വെട്ടാൻ മകൻ ചെറിയെ ഏൽപ്പിച്ചു. വെട്ടി വെട്ടി വന്നപ്പോൾ തല മൊട്ടയായി.... "ഇച്ചായനെ ഇപ്പോ കണ്ടാൽ ഗുരുദേവനെപ്പോലെ" - ചെറി പറഞ്ഞു.


തുടർന്ന് നാട്ടിലും കടയിലുമൊക്കെ കറങ്ങിയപ്പോൾ പലരുടേയും കമന്‍റ് ; "അലക്സേ... അസൽ നാരായണ ഗുരുദേവൻ തന്നെ.!"
വീട്ടിൽ വന്ന് മൊബൈലിൽ ഒരു ചിത്രമെടുത്ത് സിംഗപ്പൂരിലുള്ള മകൾ അന്നയ്ക്കും മരുമകൻ തോമസിനും അയച്ചുകൊടുത്തു.


ശ്രീ നാരായണ ഗുരുദേവന്‍റെ ചിത്രം കൂടി അലക്സിന്‍റെ ചിത്രത്തോടൊപ്പം ചേർത്ത്  മറുപടിയായി  അയച്ചുകൊടുത്ത മരുമകൻ ഒരു അടിക്കുറിപ്പും കൊടുത്തു ; "മെയ്ഡ് ഫോർ ഈച്ച് അദർ "! ഉത്തമ ക്രൈസ്തവ പാരമ്പര്യം പേറുന്ന അതിപുരാതന കുടുംബമായ മേനാംപറമ്പിലിലെ അലക്സിന് ഗുരുദേവന്‍റെ ആദർശങ്ങളും സന്ദേശങ്ങളുമെല്ലാം ഇഷ്ടമാണ്. പലതും ക്രിസ്തുവിന്റെ സന്ദേശങ്ങളോട് ഏറെ ചേർന്നു നിൽക്കുന്നതാണെന്ന് അലക്സ് പറയും. 


ഞായറാഴ്ചത്തെ പള്ളിയിൽ പോക്കു കഴിഞ്ഞ് ഉച്ചതിരിഞ്ഞ് ഉപനിഷദ് പഠിക്കാൻ അരുണാപുരം ശ്രീരാമകൃഷ്ണാശ്രമത്തിൽ ഇദ്ദേഹം സ്ഥിരമായി പോയിരുന്നു. അരുണാപുരത്തെ മഠാധിപതിയായിരുന്ന സ്വാമി സ്വപ്രഭാനന്ദജിയുടെ ഗൃഹസ്ഥ ശിഷ്യനുമാണ്. മൂത്ത സഹോദരനും ഗുവാഹത്തി മുൻ ആർച്ച് ബിഷപ്പുമായിരുന്ന മാർ തോമസ് മേനാംപറമ്പിലിൽ നിന്നാണ് മറ്റു മതങ്ങളേയും ശ്രീനാരായണ ഗുരുദേവനെപ്പോലുള്ള അവതാര പുരുഷരെയും കുറിച്ച്  മനസ്സിലാക്കാനുള്ള പ്രചോദനം ഉണ്ടായതെന്ന് അലക്സ് പറഞ്ഞു.


മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കുമ്പോഴാണ് നമ്മുടെ കുറവുകൾ കൂടുതൽ മനസ്സിലാവുക എന്ന മാർ തോമസിന്‍റെ തത്വശാസ്ത്രമാണ് റിട്ട. എസ്. ബി. ഐ. ഉദ്യോഗസ്ഥൻ കൂടിയായ  ഈ 65 കാരനേയും നയിക്കുന്നത്. ഈ അടുത്ത കാലത്ത് നാട്ടിലെത്തിയ ആർച്ച് ബിഷപ്പ് മാർ തോമസ് മേനാമ്പറമ്പിലും അലക്സും പാലാ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നു. 


വെള്ളിയേപ്പള്ളി മേനാമ്പറമ്പിലെ പാപ്പച്ചൻ - അന്നമ്മ ദമ്പതികളുടെ 12 മക്കളിൽ പത്താമനാണ് അലക്സ്. പ്രസിദ്ധമായ വേളാങ്കണ്ണി പളളി വികാരി റവ.  ഫാ. മൈക്കിൾ, റോമിലുള്ള റവ. ഫാ. എം.സി. ജോർജ് എന്നിവരും സഹോദരങ്ങളാണ്.
പാലാ സെന്‍റ് തോമസ് കോളജ് അലുംനി അസോസിയേഷൻ സെക്രട്ടറികൂടിയാണ് അലക്സ്. അന്നമ്മയാണു ഭാര്യ. ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളജ് അസി. പ്രൊഫ. ചെറി,  അന്ന (സിംഗപ്പൂർ), സിസി എന്നിവർ  മക്കളും മീര (കോളജ് അധ്യാപിക) തോമസ് (നുവാർടിസ് ഫാർമസ്യൂട്ടിക്കൽ സിംഗപ്പൂർ കൺട്രി മാനേജർ) അരുൺ സാവിയോ ( മർച്ചന്റ് നേവി ക്യാപ്ടൻ ) എന്നിവർ മരുമക്കളും.


"ഗുരുദേവനായി വേഷമിടാനുള്ള ഏത് അവസരം കിട്ടിയാലും ഞാൻ പോകും. പ്രാർത്ഥനയുടെ ഒരു സാക്ഷ്യം പോലെ എന്നെങ്കിലും ഇതിനുള്ള നിയോഗം  കർത്താവെനിക്ക് തരും" പൂമുഖത്തെ യേശുനാഥന്‍റെ ഛായാ ചിത്രത്തെ നോക്കി തൊഴുകൈകളോടെ അലക്സ് മേനാംപറമ്പിൽ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K