28 April, 2020 08:53:51 PM


പഞ്ചായത്ത് അധികൃതര്‍ എത്തിയില്ല: ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്ക് കൈതാങ്ങുമായി പോലീസ്



കോട്ടയം: ഹോട്ട്സ്പോട്ടുകളായ പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്ന കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പരാജയപ്പെടുന്നതായി പരാതി. രണ്ട് കോവിഡ് രോഗികള്‍ ഉള്ള കോട്ടയം ജില്ലയിലെ മണര്‍കാട് നിരീക്ഷണത്തിലുള്ളവര്‍ക്ക് മരുന്നും മറ്റ് സഹായങ്ങളും എത്തിക്കാന്‍ ഗ്രാമപഞ്ചായത്തിന് കഴിയാതായതോടെ സഹായഹസ്തവുമായി പോലീസ് രംഗത്തെത്തി. 


മണര്‍കാട് ഗ്രാമപഞ്ചായത്തിന്‍റെ 10, 16 വാര്‍ഡുകളില്‍ നിന്ന് ഓരോ രോഗികളാണ് കോവിഡ് സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. തൊട്ടടുത്ത വിജയപുരം ഗ്രാമപഞ്ചായത്തില്‍നിന്നും ഒരു ചുമട്ടുതൊഴിലാളി രോഗം സ്ഥിരീകരിച്ച് നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഇതോടെ ഇരു പഞ്ചായത്തുകളിലുമായി 170ഓളം വീടുകള്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി വര്‍ദ്ധിച്ചതോടെ മുഖ്യമന്ത്രി ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ഈ രണ്ട് പ്രദേശങ്ങളും ഉള്‍പ്പെടുന്നുണ്ട്.


മണര്‍കാട് പഞ്ചായത്തില്‍തന്നെ രണ്ട് വാര്‍ഡുകളിലായി 124 കുടുംബങ്ങളാണ് നിരീക്ഷണത്തിലുള്ളത്. എന്നാല്‍ ഇവര്‍ക്ക് സഹായമെത്തിക്കുന്നതില്‍ പഞ്ചായത്ത് അധികൃതര്‍ പരാജയപ്പെടുന്നു എന്നാണ് പ്രധാന ആരോപണം. പഞ്ചായത്ത് അധികൃതര്‍ കൈകഴുകുന്ന അവസ്ഥ സംജാതമായതോടെയാണ് ഈ പ്രദേശത്ത് മരുന്ന് ആവശ്യപ്പെട്ട നാല് വീട്ടുകാര്‍ക്ക് മണര്‍കാട് പോലീസ് സഹായം എത്തിച്ചത്. 


36 പോലീസുകാരാണ് മണര്‍കാട് സ്റ്റേഷനില്‍ ആകെയുള്ളത്. സ്റ്റേഷന്‍ ഡ്യൂട്ടിക്കും കോവിഡുമായി ബന്ധപ്പെട്ട വാഹനപരിശോധനയ്ക്കും പട്രോളിംഗിനും എല്ലാമായി പോലീസുകാര്‍ തികയാതെ നില്‍ക്കുമ്പോള്‍ ഇത്തരം സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ പോലും എല്ലായിടത്തും ഓടിയെത്താന്‍ കഴിയുന്നില്ലെന്ന് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ ഇന്‍സ്പെക്ടര്‍ രതീഷ് കുമാര്‍ പറഞ്ഞു. ഈയവസരത്തില്‍ പഞ്ചായത്ത് അധികൃതര്‍ പല കാരണങ്ങള്‍ പറഞ്ഞ് മുഖം തിരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.


ലോക്ഡൌണില്‍ മരുന്നും ഭക്ഷണവും മറ്റ് സഹായങ്ങളും ആവശ്യമുള്ളവര്‍ക്ക് അവ ലഭ്യമാക്കേണ്ട പ്രധാന ചുമതല തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്. ഇതിനായി ഓരോ വാര്‍ഡിലും സന്നദ്ധപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വാളന്‍റിയര്‍മാരെ തെരഞ്ഞെടുക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഈ വാളന്‍റിയര്‍മാര്‍ മുഖേനയാണ് നിരീക്ഷണത്തിലുള്ളവര്‍ക്കും വീടിന് വെളിയില്‍ ഇറങ്ങാനാവാത്തവര്‍ക്കും ഭക്ഷ്യവസ്തുക്കളും മരുന്നുകളും മറ്റും ആവശ്യാനുസരണം എത്തിക്കേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത വാളന്‍റിയര്‍മാരെ വിളിക്കുമ്പോള്‍ ഓരോ പ്രശ്നങ്ങള്‍ പറഞ്ഞ് ഒഴുവാകുകയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുജാ സാമുവല്‍ പറ‍ഞ്ഞു.


നിരീക്ഷണത്തിലുള്ളവര്‍ക്ക് മരുന്നും മറ്റും വാങ്ങി നല്‍കണമെന്ന് പറയുന്നുണ്ടെങ്കിലും അത് സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദ്ദേശം രേഖാമൂലം ലഭിക്കാത്തതിനാല്‍ പഞ്ചായത്ത് ഫണ്ടില്‍ നിന്നും വകമാറ്റി ചെലവഴിക്കാനാവില്ലെന്ന് പ്രസിഡന്‍റ് പറഞ്ഞു. അതുകൊണ്ട് തന്നെ വാര്‍ഡ് മെമ്പര്‍മാര്‍ കയ്യില്‍നിന്ന് പണം ചെലവാക്കിയോ ആവശ്യക്കാരില്‍നിന്ന് വാങ്ങിയോ ആണ് ഇതൊക്കെ ചെയ്യാനാവുന്നുള്ളു. ഇന്ന് വൈകിട്ട് ഒരു സ്ത്രീ മരുന്ന് ആവശ്യപ്പെട്ട് വിളിച്ചിരുന്നുവെങ്കിലും സമയം കഴിഞ്ഞതിനാല്‍ എത്തിക്കാനായില്ല. പിന്നെ വിളിച്ചത് ഒരാള്‍ മാത്രമാണ്. അവര്‍ക്ക് വാര്‍ഡ് മെമ്പറും ആശാവര്‍ക്കറും കൂടി മരുന്നും ഭക്ഷ്യസാധനങ്ങളും എത്തിച്ചിരുന്നുവെന്ന് പ്രസിഡന്‍റ് കൈരളി വാര്‍ത്തയോട് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K