04 May, 2020 06:22:27 PM


കോട്ടയത്ത് കോവിഡ് സാമ്പിള്‍ പരിശോധനയ്ക്ക് ഇനി മൊബൈല്‍ യൂണിറ്റും



കോട്ടയം: ജില്ലയില്‍ കോവിഡ്-19 പരിശോധനയ്ക്കായി സഞ്ചരിക്കുന്ന സാമ്പിള്‍ കളക്ഷന്‍ യൂണിറ്റ് മെയ് 5ന് പ്രവര്‍ത്തനമാരംഭിക്കുന്നു. സമൂഹ വ്യാപന സാധ്യത പരിശോധിക്കുന്നതിനുള്ള സര്‍വൈലന്‍സ് സാമ്പിള്‍ ശേഖരണത്തിനാണ് സംസ്ഥാനത്ത് ആദ്യമായി ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. കോട്ടയം, പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രികളില്‍ നിലവിലുള്ള കിയോസ്കുകളുടെ മൊബൈല്‍ പതിപ്പാണിത്. രാവിലെ 11ന് കളക്ടറേറ്റ് വളപ്പില്‍ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ഫ്ളാഗ് ഓഫ് ചെയ്യും. 


രോഗലക്ഷണങ്ങളില്ലാത്ത വയോജനങ്ങള്‍, ഗര്‍ഭിണികള്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി പ്രത്യേക വിഭാഗങ്ങളില്‍ പെട്ടവരുടെ സാമ്പിളുകളാണ് ജില്ലയിലെ പ്രാദേശിക സര്‍ക്കാര്‍ ആശുപത്രികളില്‍ വാഹനം എത്തിച്ച് ശേഖരിക്കുക. ഡോക്ടറും സഹായിയും ഡ്രൈവറുമാണ് വാഹനത്തിലുണ്ടാകുക. സാമ്പിള്‍ ശേഖരിക്കുന്ന ആശുപത്രിയില്‍ എത്തുമ്പോള്‍ സഹായി പുറത്തിറങ്ങി പി.പി.ഇ കിറ്റ് ധരിച്ച് പരിശോധനയ്ക്കു വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. 



വാഹനത്തിന്‍റെ സൈഡ് ഗ്ലാസില്‍ ഘടിപ്പിച്ച ഗ്ലൗസിലൂടെ കൈകള്‍ കടത്തി ഡോക്ടര്‍ സാമ്പിള്‍ ശേഖരിച്ച് സഹായിക്ക് കൈമാറും. ഓരോ സ്ഥലത്തും സാമ്പിള്‍ ശേഖരണത്തിനു മുന്‍പ് വാഹനം അണുനശീകരണം നടത്തുകയും സഹായിയായ ജീവനക്കാരന്‍ പുതിയ പിപിഇ കിറ്റ് ധരിക്കുകയും ചെയ്യും. ഓരോ സാമ്പിളും ശേഖരിച്ചശേഷം  വാഹനവും ഗ്ലൗസും അണുവിമുക്തമാക്കും. സാമ്പിള്‍ എടുക്കുന്ന ഡോക്ടര്‍ക്ക് സാമ്പിള്‍ നല്‍കുന്നവര്‍ക്കും പുറത്തു നില്‍ക്കുന്ന സഹായിക്കും നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് വാഹനത്തില്‍ മൈക്രോഫോണും സജ്ജീകരിച്ചിട്ടുണ്ട്.


ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി.എന്‍. വിദ്യാധരനും  ജില്ലാ ടി.ബി ഓഫീസര്‍ ഡോ. ട്വിങ്കിള്‍ പ്രഭാകരനുമാണ് സഞ്ചരിക്കുന്ന സാമ്പിള്‍ കളക്ഷന്‍ യൂണിറ്റ്  സജ്ജമാക്കുന്നതിന് നേതൃത്വം നല്‍കിയത്. എല്ലാ ആശുപത്രികളിലും കിയോസ്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കാന്‍ മൊബൈല്‍ സംവിധാനം ഉപകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K