08 May, 2020 02:06:01 PM


അബുദാബിയില്‍ നിന്നെത്തിയ എട്ട് പേര്‍ കോതനല്ലൂരിലെ നിരീക്ഷണ കേന്ദ്രത്തില്‍




കോട്ടയം: ഇന്നലെ രാത്രി അബുദാബിയില്‍നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ കോട്ടയം ജില്ലക്കാരില്‍ എട്ട് പേരെ നിരീക്ഷണത്തില്‍ താമസിപ്പിച്ചിരിക്കുന്നത് കോതനല്ലൂര്‍ തൂവാനിസ റിട്രീറ്റ് സെന്ററില്‍. ഇവരില്‍ അഞ്ചു പുരുഷന്‍മാരും മൂന്നു സ്ത്രീകളും ഉള്‍പ്പെടുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇവരെ ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ എത്തിച്ചത്. നേരത്തെ മുട്ടമ്പലത്തെ ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.


തലയോലപ്പറമ്പ് സ്വദേശിയായ 64 കാരന്‍, ഇദ്ദേഹത്തിന്റെ ഭാര്യ(56), അമയന്നൂര്‍ സ്വദേശി(40), പനച്ചിക്കാട് സ്വദേശി(39), പള്ളം സ്വദേശി(36), അതിരമ്പുഴ സ്വദേശി(29) അതിരമ്പുഴ സ്വദേശിനി(53), കറുകച്ചാല്‍ സ്വദേശിനി(51) എന്നിവരാണ് സര്‍ക്കാര്‍ സജ്ജീകരിച്ച നിരീക്ഷണ കേന്ദ്രത്തില്‍ താമസിക്കുന്നത്. മൂന്നു ഗര്‍ഭിണികളും ഇവരില്‍ ഒരാളുടെ മാതാവും ഒരുവയസുള്ള കുട്ടിയും  77 വയസുള്ള സ്ത്രീയുമാണ് വിമാനത്താവളത്തില്‍നിന്ന് വീട്ടിലേക്ക് പോയത്.  ഇവര്‍ക്കെല്ലാം ഹോം ക്വാറന്റയിന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിനുള്ള ചുമതല കുറുപ്പുന്തറ  പ്രാഥമികാരോഗ്യ കേന്ദ്രത്തിനാണ്. ഇതിനായി രണ്ട് ഹെല്‍ത്ത് വോളണ്ടിയര്‍മാരെ നിരീക്ഷണ കേന്ദ്രത്തില്‍ നയോഗിച്ചിട്ടുണ്ട്. ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എല്ലാ ദിവസവും ഇവിടെ സന്ദര്‍ശനം നടത്തി ആരോഗ്യ സ്ഥിതി വിലയിരുത്തും. ഇവിടെ താമസിക്കുന്നവര്‍ക്ക് അവശ്യ സന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍മാരെ ഫോണില്‍ ബന്ധപ്പെടാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണവും മറ്റ് അവശ്യ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നത് മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്താണ്. മാഞ്ഞൂര്‍ വില്ലേജ് ഓഫീസര്‍ക്കാണ് മേല്‍നോട്ടച്ചുമതല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K