15 May, 2020 01:10:22 PM


കോവിഡിനൊപ്പം ഭീഷണിയായി ഡെങ്കിപ്പനിയും: ഉഴവൂർ മേഖലയിൽ ജനങ്ങള്‍ ആശങ്കയില്‍



കുറവിലങ്ങാട് : കോവിഡിനൊപ്പം ജില്ലയില്‍ ഡങ്കിപ്പനി പടരുന്നത് ജനങ്ങളില്‍ ഏറെ ആശങ്ക പരത്തുന്നു. ഉഴവൂർ, വെളിയന്നൂർ, രാമപുരം മേഖല ആഴ്ചകളായി ഡെങ്കിപ്പനിയുടെ പിടിയിലാണ്. ഇതിനിടെയാണ് ഉഴവൂരില്‍നിന്നും രണ്ട് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഉഴവൂർ കെ ആർ നാരായണൻ ഗവ. ആശുപത്രിയിൽ മാത്രം 44 ഡെങ്കി രോഗികള്‍ ചികിത്സയിൽ കഴിയുന്നതായാണ് ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. സമീപത്തുള്ള വിവിധ ആശുപത്രികളിലും ഡെങ്കി രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്.


പഞ്ചായത്ത് തലത്തില്‍ എല്ലാ വാര്‍ഡിലും കൊതുക് നിര്‍മ്മാര്‍ജ്ജനവും, മാലിന്യ സംസ്‌ക്കരണവും ഉള്‍പ്പെടെ ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ഡെങ്കിപ്പനി കുറയാത്തത് നാട്ടുകാരിലും ആരോഗ്യപ്രവര്‍ത്തകരിലും ഒരുപോലെ ആശങ്കയുളവാക്കിയിരിക്കുകയാണ്. ഇതിനിടെ ഡങ്കിപ്പനി നിയന്ത്രണ വിധേയമാക്കുന്നതിന് മോന്‍സ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ജീവനക്കാരും, ഗ്രാമപഞ്ചായത്ത് അധികൃതരും അടിയന്തിരയോഗം ചേര്‍ന്ന് രോഗ പ്രതിരോധ തീവ്രയത്‌ന പരിപാടിക്ക് രൂപം നല്‍കി.


നോണ്‍ കോവിഡ് രോഗ പ്രശ്‌നത്തിന്റെ ഗൗരവ്വം കണക്കിലെടുത്ത് ഉഴവൂര്‍ മേഖലയെ കണ്ടയിന്‍മെന്റ് സോണ്‍, ബഫര്‍ സോണ്‍ എന്നിങ്ങനെ തരംതിരിച്ചു. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്‍റെ പൂര്‍ണ്ണ ചുമതല 7  ദിവസത്തേക്ക് എന്നത് വര്‍ദ്ധിപ്പിച്ച് 14 ദിവസമാക്കി. ഉഴവൂര്‍ മേഖലയില്‍ പ്രത്യേകം ശ്രദ്ധചെലുത്തി പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കി. രോഗാവസ്ഥയുടെ യഥാര്‍ത്ഥ സ്ഥിതി ലാബുകളുടെ സഹായത്തോടെ പ്രത്യേകം പരിശോധിക്കും.


ഡെങ്കിരോഗം നിയന്ത്രിക്കപ്പെടാത്ത സാഹചര്യത്തില്‍ രോഗം പരത്തുന്നതിന് ഇടയാക്കുന്ന ഉറവിടങ്ങളെ നശിപ്പിക്കാന്‍ തയ്യാറാകാത്ത വീടുകള്‍ക്കും, വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെ ഗൗനിക്കാതെ രോഗം വ്യാപിപ്പിക്കാന്‍ ഇടവരുത്തുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആരോഗ്യ - തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ തലത്തില്‍ നില നില്‍ക്കുന്ന ആക്ടുകള്‍ പ്രകാരം ശിക്ഷ ചുമത്താനുള്ള അധികാരം ഉപയോഗിക്കും. ആദ്യ പടിയായി അശ്രദ്ധ കാണിച്ചിരിക്കുന്ന എല്ലാവര്‍ക്കും ഉടനെ നോട്ടീസ് വിതരണം ചെയ്യുന്നതാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കും.


ഡെങ്കി പനിയുടെ രൂക്ഷത നിലനിൽക്കുന്ന ഉഴവൂർ പഞ്ചായത്തിലെ എല്ലാ വാർഡിലും ഓരോ ദിവസവും നടപ്പാക്കുന്ന  പ്രവർത്തനങ്ങളും രോഗാവസ്ഥയുടെ കൃത്യമായ റിപ്പോർട്ടിംഗും വാട്ട്സ് ആപ്പ് - മെയിൽ സംവിധാനങ്ങളിലൂടെ ഗ്രാമപഞ്ചായത്തിനെ കൃത്യനിഷ്ഠയോടെ അറിയിക്കാൻ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തി. ഗ്രാമപഞ്ചായത്തും, ആരോഗ്യവകുപ്പും, കുടുംബശ്രീ - ആശാ പ്രവർത്തകർ ഉൾപ്പെടെയുള്ള സന്നദ്ധ വിഭാഗങ്ങളെയും ഉൾപ്പെടുത്തി രോഗപ്രതിരോധ പ്രവർത്തനങ്ങൾ  കാര്യക്ഷമതയോടെ ഏകോപിപ്പിക്കുന്നതിന്  ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ മോൻസ് ജോസഫ് എം എൽ എ  യോഗത്തിൽ അവതരിപ്പിച്ചു.


കോവിസ് 19 - ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള വിവിധ രോഗ പ്രശ്‌നങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ ഉഴവൂര്‍ കെ ആര്‍ നാരായണന്‍ ഗവ: ആശുപത്രിയില്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ലോക് ഡൗണ്‍ കഴിഞ്ഞാലുടനെ ത്വരിതപ്പെടുത്തുമെന്ന് എംഎല്‍എ അറിയിച്ചു. ഇക്കാര്യത്തിൽ എംഎൽഎ ഫണ്ട് വിനിയോഗിച്ച് ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെയുള്ള നിർമ്മാണ  പ്രവർത്തനങ്ങൾ നടപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. കൂട്ടായ ചർച്ചയിലൂടെ ഇക്കാര്യത്തിൽ ആവശ്യമായ തീരുമാനങ്ങൾ ഉടനെ കൈക്കൊള്ളുന്നതിന് കോട്ടയം ഡി.എം.ഒ യെ ചുമതലപ്പെടുത്തിയതായി എംഎൽഎ അറിയിച്ചു.


ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർലി രാജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം ഡെപ്യൂട്ടി ഡി.എം.ഒ, ഡോ: കെ ആർ രാജൻ, ഉഴവൂർ ഗവ.ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ജെസ്സി ജോയ്  സെബാസ്റ്റ്യൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ്തി സുരേഷ്, മുൻ പ്രസിഡന്റുമാരായ പി എൽ എബ്രഹാം, മാത്യു ജോസഫ്, ഡോ.സിന്ധുമോൾ ജേക്കബ്, എം ടി മേരി മെമ്പർമാരായ തോമസ് ജോസഫ്, ശാന്തി സജി, ആനീസ് മാത്യു, ബിജില സജി, അനിൽ ടി കെ, തുളസി വിജയൻ, അജന്ത ജയൻ, പഞ്ചായത്ത് സെക്രട്ടറി കെ ആർ പ്രസാദ്,ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രദീപ്,മുഹമ്മദലി എന്നിവർ ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K