06 June, 2020 02:49:42 PM


സമ്പൂർണ്ണ ഓൺലൈൻ വിദ്യാഭ്യാസത്തിന്ന് തയ്യാറെടുത്ത് ഏറ്റുമാനൂർ നഗരസഭ




ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭ സമ്പൂർണ്ണ ഓൺലൈൻ വിദ്യാഭ്യാസത്തിന്ന് തയ്യാറെടുക്കുന്നു. ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് വേണ്ട സൗകര്യങ്ങൾ സജ്ജീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ഏറ്റുമാനൂർ നഗരത്തെ പതിനഞ്ച് മേഖലകളായി തിരിക്കും. അംഗനവാടികൾ, മഹിളാ സമാജങ്ങൾ, വായനശാലകൾ, സാംസ്കാരിക നിലയങ്ങൾ എന്നിവ കേന്ദ്രീകരിച്ച് സെന്‍ററുകൾ സജ്ജീകരിക്കുമെന്ന് നഗരസഭ വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഗണേഷ് ഏറ്റുമാനൂർ അറിയിച്ചു. 


നഗരപരിധിയിലെ സ്കൂളുകളുടെ പ്രധാന അദ്ധ്യാപകരും വാർഡ് കൗൺസിലർമാരും സെന്ററുകളുടെ നിയന്ത്രണം ഏറ്റെടുക്കും. സ്കൂളുകളുടെ പ്രധാന അദ്ധ്യാപകരുടെയും കൗൺസലർമാരുടെയും യോഗം നഗരസഭ കുടുംബശ്രീ ഹാളിൽ  തിങ്കളാഴ്ച രാവിലെ 11ന് കോവിഡ് പ്രോട്ടോകോളനുസരിച്ച് ചേർന്ന് മാർഗ്ഗരേഖ രൂപീകരിക്കും. സെന്‍ററുകളിലേക്ക് ആവശ്യമായ ടി.വി സെറ്റുകൾ, സ്മാർട്ട് ഫോണുകൾ, ലാപ് ടോപ്പുകൾ, നെറ്റ് കവറേജ്, കേബിൾ കണക്ഷൻ എന്നിവ സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികളും സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും നഗരസഭയെ സമീപിക്കണമെന്ന് ഗണേഷ് ഏറ്റുമാനൂർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K