13 June, 2020 08:26:13 PM


നീണ്ടൂരിലെ സൂപ്പർ മാർക്കറ്റിൽ മോഷണം നടത്തിയ യുവതികള്‍ റിമാന്‍ഡില്‍



ഏറ്റുമാനൂർ : സ്വകാര്യ സൂപ്പർ മാർക്കറ്റിൽ അവശ്യസാധങ്ങൾ വാങ്ങാൻ എന്ന വ്യാജേന മോഷണം നടത്തിയ രണ്ടു യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കം മുനിസിപ്പല്‍ അതിര്‍ത്തിയില്‍ പന്ത്രണ്ടാം വാര്‍ഡ് കണ്ടത്തില്‍പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന രാജപ്പന്റെ മകള്‍ റസീന (39), അനീഷ് ഭാര്യ ഷീബ (39) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ അനൂപ് സി നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. റസീനയും ഷീബയും കല്ലറ സ്വദേശികളാണ്.


നീണ്ടൂർ പ്രാവട്ടം ജംഗ്ഷനിലെ സ്വകാര്യ സൂപ്പർ മാർക്കറ്റിലായിരുന്നു സംഭവം. ഷീബയും റസിയയും സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങിയ ശേഷം ഒരാൾ സമീപത്തുള്ള പച്ചക്കറി കടയിൽ സാധനങ്ങൾ വാങ്ങി വരാം എന്ന് മാർക്കറ്റിലെ ജീവനക്കാരോട് പറഞ്ഞു. കൂടാതെ ജീവനക്കാരന്റെ കൈയ്യിൽ നിന്നു 500 രൂപ വാങ്ങുകയും ഞങ്ങൾ വാങ്ങുന്ന സാധനങ്ങളുടെ ബില്ലിൽ ഈ തുകയും വരവു വച്ചോളു എന്ന് പറയുകയും ചെയ്ത ശേഷം പച്ചക്കറി കടയിലേക്ക് പോയി. 


ഈ സമയം ഒരാൾ സാധങ്ങൾ തിരഞ്ഞു നിൽക്കുകയും കടയിൽ മറ്റ് ആളുകൾ സാധനങ്ങൾ വാങ്ങാൻ എത്തിയ തക്കം നോക്കി കടന്നു കളയുകയും ആയിരുന്നു. മോഷണമായിരുന്നു എന്നു മനസ്സിലാക്കിയ ജീവനക്കാരൻ പൊലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് കടയിലെ സിസിടിവിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കുറുപ്പന്തറയിൽ നിന്നു പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K