14 July, 2020 04:49:07 PM


കോവിഡ് പരിശോധന: ആരോഗ്യ വകുപ്പിന്‍റെ വാഹനങ്ങള്‍ പിന്മാറി; കൗണ്‍സിലര്‍ ഓട്ടോയുമായി ഇറങ്ങി



ഏറ്റുമാനൂര്‍: ഗൃഹനിരീക്ഷണത്തില്‍ കഴിയുന്നവരെ സ്രവപരിശോധനയ്ക്ക് എത്തിക്കാന്‍ ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയ വാഹനങ്ങള്‍ അവസാനനിമിഷം ഉദ്യമത്തില്‍നിന്നും പിന്മാറി. മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നതോടെ നഗരസഭാ കൗണ്‍സിലര്‍ സ്വന്തം ഓട്ടോയുമായി രംഗത്തിറങ്ങി. ഏറ്റുമാനൂര്‍ നഗരസഭാ പരിധിയിലാണ് സംഭവം. പത്താം വാര്‍ഡ് കൗണ്‍സിലറായ എന്‍.വി.ബിനീഷാണ് നാടിന് മാതൃകയായത്.


നഗരസഭാ പരിധിയില്‍ ഗൃഹനിരീക്ഷണത്തില്‍ കഴിയുന്നവരുടെ കോവിഡ് പരിശോധന ചൊവ്വാഴ്ച പേരൂര്‍ മന്നാമലയിലുള്ള കാസാ മരിയ സെന്‍ററില്‍ നടക്കാനിരിക്കെയാണ് ആരോഗ്യവകുപ്പ് ഏര്‍പ്പാടാക്കിയ വാഹനങ്ങള്‍ പിന്മാറിയത്. ആംബുലന്‍സിന്‍റെ അഭാവത്തിലാണ് കാറുകളും ഓട്ടോറിക്ഷകളും ഉള്‍പ്പെടെ വാഹനങ്ങളെ ആരോഗ്യവകുപ്പ് അധികൃതര്‍ ആശ്രയിച്ചത്. എന്നാല്‍ ഇവര്‍ എത്താതായതോടെ എന്തു ചെയ്യണമെന്നറിയാതെ അധികൃതര്‍ കുഴങ്ങി.


നഗരസഭാ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് ഈ വിവരം അറിയിച്ചപ്പോള്‍ പത്താം വാര്‍ഡ് കൗണ്‍സിലറായ എന്‍.വി.ബിനീഷ് തന്‍റെ ഓട്ടോറിക്ഷയുമായി സ്വമേധയാ രംഗത്ത് വരികയായിരുന്നു. ഇതിനായി അദ്ദേഹം ആദ്യം ചെയ്തത് തന്‍റെ ഓട്ടോറിക്ഷയില്‍ കാബിന്‍ തിരിക്കുകയായിരുന്നു. ആവശ്യമായ മുന്‍കരുതലുകളോടുകൂടി രാവിലെ ഒമ്പതരയോടെ അദ്ദേഹം നിരത്തിലിറങ്ങി. സ്വന്തം വാഹനസൗകര്യമില്ലാത്ത ഏഴ് പേരെയാണ് പേരൂരിലെ കേന്ദ്രത്തിലെത്തിച്ച് ഇദ്ദേഹം സ്രവപരിശോധനയ്ക്ക് വിധേയരാക്കിയത്.




കണ്ണന്‍പുരയില്‍ നിന്നും പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരെ അദ്ദേഹം പരിശോധനാ കേന്ദ്രത്തിലെത്തിച്ചു. സിയോണ്‍ കവല ഭാഗത്തുനിന്ന് രണ്ടും പട്ടിത്താനം, ചെറുവാണ്ടൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും ബിനീഷിന്‍റെ ഓട്ടോയില്‍ കാസാ മരിയാ സെന്‍ററിലെത്തി പരിശോധന നടത്തി മടങ്ങി. ഇതിനിടെ പേരൂരില്‍ ക്വാറന്‍റയിനിലായിരുന്ന ഒരു ഗര്‍ഭിണിയെ കോട്ടയം ജില്ലാ ആശുപത്രിയിലെത്തിച്ച് പരിശോധനകള്‍ക്ക് വിധേയമാക്കി. രാവിലെ തുടങ്ങിയ ബിനീഷിന്‍റെ സേവനം അവസാനിച്ചത് സന്ധ്യയോടുകൂടി.


കോവിഡ് വ്യാപനത്തിന്‍റെ തുടക്കത്തില്‍ ക്വാറന്‍റയിനില്‍ കഴിയുന്നവരെ വീട്ടില്‍നിന്നും ആംബുലന്‍സില്‍ സാമ്പിള്‍ കളക്ഷന്‍ കേന്ദത്തിലെത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു ചെയ്തിരുന്നത്. ഒപ്പം മൊബൈല്‍ യൂണിറ്റ് നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകളില്‍ എത്തി സാമ്പിള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഇത് അസാധ്യമായി. 


ഇതോടെ നിരീക്ഷണത്തിലുള്ളവരോട് സ്വന്തം വാഹനങ്ങളില്‍ കോവിഡ് പരിശോധനയ്ക്ക് എത്തുവാന്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഹോം ക്വാറന്‍റയിനിലുള്ളവര്‍ ബൈക്കിലും മറ്റും പരിശോധനയ്ക്കായി പുറത്തിറങ്ങുന്നത് നാട്ടുകാരില്‍ ആശങ്കയ്ക്ക് കാരണമാക്കി. പരാതി ഉയര്‍ന്നതോടെ നഗരസഭ വാഹനം ഏര്‍പ്പാടാക്കിയെങ്കിലും ഭയം മൂലം എല്ലാവരും പിന്മാറുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K