15 July, 2020 03:20:17 PM


എക്സൈസ് ഉദ്യോഗസ്ഥന് കോവിഡ്: ഏറ്റുമാനൂര്‍ ഓഫീസിലെ 7 ഉദ്യോഗസ്ഥര്‍ ക്വാറന്‍റയിനില്‍



ഏറ്റുമാനൂര്‍: കാഞ്ഞിരപ്പള്ളി എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് ഏറ്റുമാനൂര്‍ എക്സൈസ് ഓഫീസിലെ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥര്‍ ക്വാറന്‍റയിനിലായി. ജൂലൈ നാലിന് പീരിയോഡിക്കല്‍ ഇന്‍സ്പെക്ഷനുവേണ്ടി കാഞ്ഞിരപ്പള്ളി എക്സൈസ് ഓഫീസിലെത്തിയ ഏഴ് പേരാണ് ഇന്ന് ക്വാറന്‍റയിനില്‍ പ്രവേശിച്ചത്. അന്ന് അവിടെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.


ഇന്‍സ്പെക്ടറെ കൂടാതെ രണ്ട് പ്രിവന്‍റീവ് ഓഫീസര്‍മാര്‍, മൂന്ന് സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍, ഡ്രൈവര്‍ എന്നിവരാണ് നിരീക്ഷണത്തിലായിട്ടുള്ളത്. ഇവര്‍ ആരും ഇന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ല. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വരെ ഇവര്‍ ഏറ്റുമാനൂര്‍ ഓഫീസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇന്ന് രാവിലെ കാഞ്ഞിരപ്പള്ളിയിലെ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരോട് ക്വാറന്‍റയിനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.


കഴിഞ്ഞ ദിവസം പാറത്തോട് മരിച്ച അബ്ദുള്‍സലാമിന്‍റെ സഹോദരപുത്രന്‍ കൂടിയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ച കാഞ്ഞിരപ്പള്ളിയിലെ എക്സൈസ് ഉദ്യോഗസ്ഥന്‍. ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അബ്ദുള്‍ സലാമിന് പിന്നീട് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആകുകയായിരുന്നു. ചികിത്സയിലിരിക്കെ മരണമടഞ്ഞശേഷം ഇദ്ദേഹത്തിന്‍റെ സ്രവം പരിശോധിച്ചപ്പോള്‍ ഫലം നെഗറ്റീവ് ആയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K