16 July, 2020 01:46:58 PM


തിരക്ക് നിയന്ത്രണാതീതം; ഏറ്റുമാനൂരിലെ മാര്‍ക്കറ്റുകളില്‍ നാളെ സ്രവപരിശോധന



ഏറ്റുമാനൂര്‍:  കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏറ്റുമാനൂരിലെ മാര്‍ക്കറ്റുകളില്‍ നഗരസഭ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാളുന്നു. വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും വന്‍തിരക്ക് മൂലം മത്സ്യമാര്‍ക്കറ്റില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയിലാണ്. ഇതിനിടെ, നാളെ രാവിലെ മാര്‍ക്കറ്റുകളില്‍ എത്തുന്ന വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരുടെ സ്രവ പരിശോധന നടത്തുവാന്‍ ജില്ലാ കളക്ടര്‍ എം.അഞ്ജന നിര്‍ദ്ദേശിച്ചു.


പുലര്‍ച്ചെ രണ്ട് മുതല്‍ മൂന്ന് വരെ മത്സ്യമാര്‍ക്കറ്റിലും തുടര്‍ന്ന് നാല് വരെ പേരൂര്‍ റോഡിലെ സ്വകാര്യ പച്ചക്കറി മാര്‍ക്കറ്റിലും എത്തുന്നവരെയാണ് റാന്‍ഡം പരിശോധനയ്ക്ക് വിധേയമാക്കുക. കോവിഡ് പ്രതിരോധ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന്‍റെ ഭാഗമായി ജില്ലാ കളക്ടര്‍ എം. അഞ്ജനയും ജില്ലാ പോലിസ് മേധാവി ജി. ജയദേവും ഇന്ന് ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റും പേരൂര്‍ റോഡിലെ സ്വകാര്യ പച്ചക്കറി മാര്‍ക്കറ്റും സന്ദര്‍ശിച്ചിരുന്നു. 


സംസ്ഥാനത്തിനു വെളിയില്‍ നിന്നും രോഗബാധ അതിരൂക്ഷമായ ജില്ലകളില്‍ നിന്നും ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ ഏറ്റുമാനൂരിലെ മാര്‍ക്കറ്റുകളില്‍ എത്തിചേരുന്നുണ്ട്. നിയന്ത്രണാതീതമായ രീതിയില്‍ ഏറ്റവുമധികം വാഹനങ്ങള്‍ വന്നുപോകുന്നത് മത്സ്യമാര്‍ക്കറ്റിലാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഏറ്റുമാനൂരിലെത്തിക്കുന്ന മീന്‍ ചില്ലറ കച്ചവടക്കാര്‍ക്ക് വില്‍ക്കുന്നതിന് പുറമെ അയല്‍ജില്ലകളിലേക്ക് കയറ്റിവിടുന്നുമുണ്ട്. കോവിഡിനെതിരെ സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ സ്വകരിക്കുന്നതില്‍ മാര്‍ക്കറ്റില്‍ വന്‍വീഴ്ച സംഭവിക്കുന്നതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. 


അതുകൊണ്ടുതന്നെ നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നില്ലാ എങ്കില്‍ മത്സ്യമാര്‍ക്കറ്റ് അടച്ചുപൂട്ടേണ്ടിവരുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഏറ്റുമാനൂര്‍ നഗരസഭയില്‍ നടന്ന വ്യാപാരികളുടെ യോഗത്തില്‍ ആർ ഡി ഒ ജോളി ജോർജ്ജ്,  തഹസിൽദാർ പി ജി രാജേന്ദ്ര ബാബു എന്നിവര്‍ മുന്നറിയിപ്പ് നല്‍കിരുന്നു. എന്നാല്‍ ഉടനെ അടച്ചുപൂട്ടല്‍ ഉടനെ വേണ്ടെന്ന നിലപാടാണ് ഇന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ പ്രകടിപ്പിച്ചതെന്ന് നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍  ടി.പി.മോഹന്‍ദാസ് പറഞ്ഞു. 


മാർക്കറ്റിലെ വിൽപന തൊഴിലാളികളും ചെറുകിട തൊഴിലാളികളുമുൾപ്പെടെ മത്സ്യവിപണനത്തില്‍ ഏര്‍പ്പെടുന്നവര്‍ സാനിറ്റൈസര്‍, മാസ്ക്, കയ്യുറ, കാലുറയോടുകൂടിയ ബൂട്ട് എന്നിവ ധരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച  രാത്രി മുതല്‍ മത്സ്യമാര്‍ക്കറ്റിലേക്ക് വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തി. രാത്രിയിൽ മത്സ്യ മാർക്കറ്റിൽ ലോഡുമായി എത്തുന്ന  ലോറികളിലെ ആൾക്കാരെ പരിശോധിക്കാനും  രജിസ്റ്റർ ചെയ്യുവാനുമായി കൗണ്ടര്‍ തുറന്നിരുന്നു. ഇവിടെ അണുനശീകരണം നടത്തി സ്റ്റിക്കര്‍ പതിക്കുന്ന വാഹനങ്ങള്‍ മാത്രമേ മാര്‍ക്കറ്റിലേക്ക് കടത്തിവിടുന്നുള്ളു.


മീനുമായി വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ താഴെയിറങ്ങാന്‍ അനുവദിക്കില്ല. ഇവര്‍ക്കുള്ള ഭക്ഷണവും വെള്ളവും മറ്റും അതാത് വ്യാപാരികള്‍ വണ്ടിയില്‍ എത്തിച്ചുകൊടുക്കാനാണ് നിര്‍ദ്ദേശം. ഇവരുള്‍പ്പെടെ പുറത്തു നിന്നെത്തുന്നവർക്ക് സാനിറ്റൈസ് ചെയ്ത പ്രത്യേക ശുചിമുറി തയാറാക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. രാത്രികാലങ്ങളിൽ നൂറുകണക്കിന് ചെറുകിട കച്ചവടക്കാരാണ് മത്സ്യമാര്‍ക്കറ്റില്‍ വന്നുപോകുന്നത്. ഈ തിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ വ്യാപാരികളുടെ ഭാഗത്തുനിന്നുണ്ടാവണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു.


നിയന്ത്രണങ്ങൾ ലംഘിച്ചാൽ പിഴയുൾപ്പെടെയുള്ള നിയമ നടപടികൾ  സ്വീകരിക്കേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷെ ഒരു ഫലവുമുണ്ടായില്ല. മാര്‍ക്കറ്റില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നും നേരത്തെ നിര്‍ദ്ദേശിച്ച പ്രകാരമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ടോ എന്നും നാളെ മുതല്‍ പരിശോധിക്കുമെന്നും അടുത്ത് കൂടുന്ന നഗരസഭാ യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്ത് അന്തിമതീരുമാനം കൈകൊള്ളുമെന്നും ടി.പി.മോഹന്‍ദാസ് പറഞ്ഞു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K