19 July, 2020 12:36:30 PM


ഏറ്റുമാനൂര്‍ കണ്ടെയിന്‍മെന്‍റ് സോണില്‍ നാളെ പനിസര്‍വ്വെ; ഉറവിടമറിയാത്ത 3 രോഗികള്‍



ഏറ്റുമാനൂര്‍: ദമ്പതികള്‍ക്ക് ഒരേ ദിവസം കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് കണ്‍ടെയിന്‍മെന്‍റ് സോണായി മാറിയ ഏറ്റുമാനൂര്‍ നഗരസഭയിലെ 35-ാം വാര്‍ഡില്‍ നാളെ പനി സര്‍വ്വേ നടത്തും. കോവിഡ് സ്ഥിരീകരിച്ച വീടിന് 100 മീറ്റര്‍ ചുറ്റളവിനുള്ളില്‍ സ്ഥിതിചെയ്യുന്ന എല്ലാ വീടുകളിലും ആരോഗ്യപ്രവര്‍ത്തകര്‍ എത്തി പരിശോധന നടത്തും. 35-ാം വാര്‍ഡാണ് കണ്‍ടെയിന്‍മെന്‍റ് സോണ്‍ എങ്കിലും, ചേര്‍ന്ന് കിടക്കുന്ന 33-ാം വാര്‍ഡിലെ വീടുകളിലും പരിശോധന ഉണ്ടാവും.   


കണ്‍ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച 35-ാം വാര്‍ഡിലെ പ്രധാന റോഡായ കിഴക്കേനട - മംഗര കലുങ്ക് റോഡ് അടച്ചെങ്കിലും നാട്ടുകാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഓരോ കാരണങ്ങള്‍ പറഞ്ഞ് ഇറങ്ങി നടക്കുന്നതായി അധികൃതര്‍ പറയുന്നു. വാഹനങ്ങളും ഈ വഴി കൊണ്ടുപോകാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞു. ഇതേ തുടര്‍ന്ന് നാട്ടുകാരില്‍ അവബോധം സൃഷ്ടിക്കുന്നതിന് റസിഡന്‍റ്സ് അസോസിയേഷന്‍റെ സഹകരണത്തോടെ നാലെ ആരോഗ്യവകുപ്പ് അധികൃതര്‍ വാര്‍ഡില്‍ ലഘുലേഖകള്‍ വിതരണം ചെയ്യും.


ഇതിനിടെ മത്സ്യമാര്‍ക്കറ്റില്‍ നിന്നും കോവിഡ് പോസിറ്റീവ് ആയ മൂന്ന് തൊഴിലാളികളുടെ ഉറവിടം ഇതുവരെ കണ്ടെത്താനാകാത്തത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. വെള്ളിയാഴ്ച രണ്ട് പേര്‍ക്കും ശനിയാഴ്ച ഒരാള്‍ക്കുമാണ് മത്സ്യമാര്‍ക്കറ്റില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഇന്നലെ വൈകിട്ട് മത്സ്യമാര്‍ക്കറ്റുകളും അടുത്തുള്ള കടകളും അനിശ്ചിതകാലത്തേക്ക് അടപ്പിച്ചിരുന്നു. ചിറക്കുളം റോഡും ഭാഗികമായി താല്‍ക്കാലികമായി അടച്ചിരുന്നു.



കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച 35-ാം വാര്‍ഡിലും തൊട്ടുചേര്‍ന്ന് കിടക്കുന്ന 4-ാം വാര്‍ഡിലുമായി ഇതുവരെ മൂന്ന് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. മത്സ്യമാര്‍ക്കറ്റില്‍ കോവിഡ് സ്ഥിരീകരിച്ച ഒരു തൊഴിലാളിയുടെ വീട് 4-ാം വാര്‍ഡിലെ മംഗര കലുങ്കിനടുത്താണ്. അതുകൊണ്ടുതന്നെ ഈ പ്രദേശത്തെ ജനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. കണ്ടെയിന്‍മെന്‍റ് സോണില്‍ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.


ഏറ്റുമാനൂരില്‍ കണ്ടെയിന്‍മെന്‍റ് സോണ്‍ പ്രദേശത്ത് താമസിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.


1.    വളരെ അടിയന്തിര ആവശ്യങ്ങള്‍ക്കല്ലാതെ ആരും വീടിന് പുറത്തേക്ക് ഇറങ്ങരുത്. പുറത്തിറങ്ങേണ്ട സാഹചര്യം ഉണ്ടായാല്‍ പോലീസിനെ വിവരം അറിയിക്കേണ്ടതും സാമൂഹികഅകലം പാലിക്കേണ്ടതും മാസ്ക് ധരിക്കുന്നതുള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണ്.

2.    കണ്ടെയിന്‍മെന്‍റ് സോണിലേക്കുള്ള പ്രവേശനകവാടം കിഴക്കേനടയിലൂടെയും പുറത്തേക്കിറങ്ങുന്നതിന് വടശ്ശേരി ഇല്ലം - കോണിക്കല്‍ റോഡ് ഉപയോഗിക്കേണ്ടതുമാണ്.

3.    അവശ്യവസ്തുക്കള്‍ വാങ്ങുന്നതിന് ഡോര്‍ ഡെലിവറി സമ്പ്രദായം വിനിയോഗിക്കേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പര്‍ - 9446806859 (ഗോപന്‍), 7559897841.

4.    അത്യാവശ്യഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍ - 9947658895 (ഗണേശ്, നഗരസഭാ കൌണ്‍സിലര്‍), 9495293878 (പുഷ്പലത, കൌണ്‍സിലര്‍), 9497087935 (പരമേശ്വരന്‍,  റസിഡന്‍റ്സ് അസോസിയേഷന്‍), 9447844300 (അനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, സാമൂഹികാരോഗ്യകേന്ദ്രം), 9447366525 (ബിജു, സിവില്‍ പോലീസ് ഓഫീസര്‍).



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K