19 July, 2020 11:35:45 PM


ചങ്ങനാശേരി മാര്‍ക്കറ്റില്‍ അതീവ ജാഗ്രതാ നിര്‍ദേശം: ആന്‍റിജന്‍ പരിശോധന 2 ദിവസം കൂടി



ചങ്ങനാശേരി: കോവിഡ് സമ്പര്‍ക്ക വ്യാപനം സ്ഥിരീകരിച്ച ചങ്ങനാശേരി മാര്‍ക്കറ്റില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍ദേശം നല്‍കി. ഇന്ന് ജില്ലാ പോലീസ് മേധാവി ജി. ജയദേവിനൊപ്പം മാര്‍ക്കറ്റില്‍ സന്ദര്‍ശനം നടത്തിയ കളക്ടര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. ആരോഗ്യ വകുപ്പിന്റെ ആന്റിജന്‍ പരിശോധന ഇവിടെ  നാളെയും തുടരും. പച്ചക്കറി മാര്‍ക്കറ്റിലും സമീപത്തെ വ്യാപാര മേഖലകളിലുമുള്ളവരുടെ സാമ്പിളുകള്‍ ശേഖരിക്കും. 


പരിശോധനാ നടപടികള്‍ പൂര്‍ത്തീകരിച്ച് മാര്‍ക്കറ്റ് അണുവിമുക്തമാക്കിയശേഷം  സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദേശപ്രകാരമുള്ള ക്രമീകരണങ്ങള്‍ അടിയന്തരമായി ഏര്‍പ്പെടുത്തി പ്രവര്‍ത്തനം തുടരാം. മത്സ്യ ലേലത്തിന് കര്‍ശന നിരോധനമുണ്ട്.  മാര്‍ക്കറ്റിലേക്ക് ചരക്കു ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും ജനങ്ങളും പ്രവേശിക്കുന്നതും മടങ്ങുന്നതും ഓരോ കവാടങ്ങളിലൂടെ മാത്രമായി നിയന്ത്രിക്കണം. ലോറികള്‍ക്ക്  സമയക്രമീകരണം ഏര്‍പ്പെടുത്തണം.  ലോറിത്തൊഴിലാളികള്‍ക്ക് പ്രത്യേക വിശ്രമസ്ഥലം, കക്കൂസ്, കുളിമുറി എന്നിവ ഉറപ്പാക്കണം. വിശ്രമസ്ഥലങ്ങളും ശൗചാലയങ്ങളും ദിവസം മൂന്നു തവണയെങ്കിലും അണുവിമുക്തമാക്കണം.


മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്ന ലോറി തൊഴിലാളികള്‍ക്ക് വ്യാപാരികള്‍ തന്നെ ഭക്ഷണ പാക്കറ്റുകള്‍ വാങ്ങി നല്‍കണം.  വ്യാപാരികളും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും മറ്റു തൊഴിലാളികളും പുറത്തുനിന്ന് എത്തുന്ന വാഹനങ്ങളിലെ ജീവനക്കാരും പൊതുജനങ്ങളും  അടുത്ത് ഇടപഴകുന്നത് പൂര്‍ണമായും ഒഴിവാക്കണം. മാസ്‌കിന്റെ ഉപയോഗവും സാമൂഹിക അകലവും ഉറപ്പാക്കണം.  കയറ്റിറക്ക് ജോലി ചെയ്യുന്ന സമയത്ത് തൊഴിലാളികള്‍ തമ്മിലും അകലം പാലിക്കണം. തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈകള്‍ ശുചീകരിക്കുന്നതിനുള്ള സൗകര്യം മാര്‍ക്കറ്റില്‍ ഏര്‍പ്പെടുത്തണം.


നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരവും പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരവും ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ സാജന്‍ ഫ്രാന്‍സീസ്, തഹസില്‍ദാര്‍ ജിനു പുന്നൂസ് തുടങ്ങിയവരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K