20 July, 2020 08:59:00 AM


കൗണ്‍സിലറുടെ വീട്ടിലേക്കുള്ള റോഡ് ടാര്‍ ചെയ്തു: പൊതുവഴി 'കുള'മായി; വാഴനട്ട് പ്രതിഷേധം



ഏറ്റുമാനൂര്‍: സഞ്ചാരയോഗ്യമല്ലാതായ റോഡില്‍ വാഴയും ചേമ്പും നട്ട് നാട്ടുകാര്‍. ഏറ്റുമാനൂര്‍ നഗരമധ്യത്തിലാണ് സംഭവം. 34-ാം വാര്‍ഡിലെ മാരിയമ്മന്‍ കോവില്‍ റോഡില്‍ വെള്ളം കെട്ടികിടക്കുന്ന വന്‍ കുഴികളിലാണ് ഇന്ന് രാവിലെ ‍ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിച്ചത്.


കൗണ്‍സിലര്‍ സ്വന്തം വീട്ടിലേക്കുള്ള റോഡ് ടാര്‍ ചെയ്തിട്ടും വാര്‍ഡിലെ മറ്റ് റോഡുകളുടെ കാര്യത്തില്‍ അലംഭാവം കാണിക്കുകയാണെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി എച്ച്.ശ്രീനാഥ് പറഞ്ഞു. ഒരു പ്രശ്നവുമില്ലാതെ കിടന്ന റോഡാണ് വീട്ടിലെ ഒരു ചടങ്ങിനോടനുബന്ധിച്ച് പ്രത്യേക താല്‍പര്യം എടുത്ത് ടാര്‍ ചെയ്തത്. അതേസമയം വാര്‍ഡിലെ മാരിയമ്മന്‍ കോവില്‍ റോഡ്, ശക്തിനഗര്‍ റോഡ് തുടങ്ങിയ പ്രധാന റോഡുകള്‍ക്കെതിരെ കൗണ്‍സിലര്‍ കണ്ണടയ്ക്കുകയായിരുന്നു. ഇതിനിടെ സ്വകാര്യറോഡ് ടാര്‍ ചെയ്ത് സാമ്പത്തികതട്ടിപ്പിനും കൗണ്‍സിലര്‍ മുതിര്‍ന്നുവെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.


പടിഞ്ഞാറെനട കുടിവെള്ളപദ്ധതിയുടെ പൈപ്പ് ഇടാനായി വെട്ടിപൊളിച്ച കുഴികള്‍ കൃത്യമായി അടയ്ക്കാത്തതും മാരിയമ്മന്‍ റോഡിന്‍റെ ശോചനീയാവസ്ഥക്ക് കാരണമായി. എംഎല്‍എ, എം.പി എന്നിവരുടെയും നഗരസഭയുടെയും ഫണ്ടിന് പുറമെ നാട്ടുകാരില്‍ നിന്നും വന്‍തുക പിരിച്ചാണ് കുടിവെള്ള പദ്ധതി നടപ്പാക്കിയത്. എന്നിട്ടും റോഡിലെ കുഴികള്‍ അടയ്ക്കാന്‍ പോലും കൗണ്‍സിലര്‍ തയ്യാറായില്ലെന്നാണ് ആരോപണം.  ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി എച്ച് ഹരീഷ്, വിഷ്ണു ആര്‍ മേനോന്‍, ഗിരിപ്രസാദ്, ആകാശ് കൃഷ്ണ, ഹരിക്കുട്ടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K