21 July, 2020 07:24:48 PM


അടച്ചുപൂട്ടിയ മത്സ്യമാര്‍ക്കറ്റ് തുറക്കണമെന്ന് ആവശ്യം: നഗരസഭാ കൗണ്‍സിലില്‍ ബഹളം



ഏറ്റുമാനൂര്‍: കോവിഡ് വ്യാപനത്തെതുടര്‍ന്ന് അടച്ചു പൂട്ടിയ മത്സ്യമാര്‍ക്കറ്റില്‍ ഐഎന്‍ടിയുസി തൊഴിലാളികള്‍ അതിക്രമിച്ചു കയറുകയും റോഡ് അടച്ചുകെട്ടിയ ബാരിക്കേഡുകള്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ചൊവ്വാഴ്ച നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. സംഭവത്തില്‍ നാല് ചുമട്ടുതൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിലിറക്കിയത് നഗരസഭാ കൗണ്‍സിലര്‍ കൂടിയായ കോണ്‍ഗ്രസ് നേതാവാണ്. കോവിഡിനെതിരെ നഗരസഭ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരെ രക്ഷിക്കാന്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍ തന്നെ രംഗത്തുവന്നത് വിമര്‍ശിക്കപ്പെട്ടതാണ് ബഹളത്തിനു കാരണമായത്. 


ചെയര്‍മാന്‍ ഉള്‍പ്പെടെ തൊഴിലാളികളുടെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ ശ്രമിച്ചു. തൊഴിലാളികള്‍ അക്രമം അഴിച്ചുവിട്ടിട്ടില്ലെന്നും മാര്‍ക്കറ്റിലേക്ക് വെറുതെ കയറുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. എങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മാര്‍ക്കറ്റില്‍ നടന്ന സംഭവങ്ങള്‍  വ്യക്തമാകുമെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ വാദിച്ചു. ഇതോടെ തൊഴിലാളികളെ രക്ഷപെടുത്താന്‍ രംഗത്തിറങ്ങിയ കൗണ്‍സിലര്‍ ആരോഗ്യസ്ഥിരം സമിതിയ്ക്കു നേരെയായി ആക്രമണം. ചെയര്‍മാന്‍ അറിയാതെ നഗരസഭയില്‍ പലതും സംഭവിക്കുന്നുണ്ടെന്നും പത്രപ്രസ്താവനകള്‍ ഉള്‍പ്പെടെ ചെയര്‍മാന്‍ അറിഞ്ഞുവേണമെന്നും ഇദ്ദേഹം വാദിച്ചു. 


എന്നാല്‍ കോവിഡ് പ്രതിരോധത്തിനായി ആരോഗ്യസ്ഥിരം സമിതി ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അത് വെളിപ്പെടുത്തി വോട്ടിടിനിട്ടുകൊള്ളാന്‍ സ്ഥിരം സമിതി ചെയര്‍മാന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രതിനിധികള്‍ കൂടി അംഗങ്ങളായുള്ള ആരോഗ്യസ്ഥിരംസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വീണ്ടും ശബ്ദമുയര്‍ത്തിയാല്‍ പന്തികേടാവുമെന്ന് മനസിലായതോടെ കൗണ്‍സിലര്‍ പിന്മാറി. 


അടച്ചുപൂട്ടിയ മത്സ്യമാര്‍ക്കറ്റ് തുറക്കാന്‍ ജില്ലാകളക്ടര്‍ പറഞ്ഞിട്ടുണ്ടെന്നും അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നഗരസഭാ ചെയര്‍മാന്‍ ബിജു കൂമ്പിക്കനും കോണ്‍ഗ്രസ് പ്രതിനിധി ടോമി പുളിമാന്‍തുണ്ടവും ആവശ്യപ്പെട്ടു. എന്നാല്‍ മൂന്ന് തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാര്‍ക്കറ്റ് തുറക്കുന്നതിനോട് അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. മത്സ്യമാര്‍ക്കറ്റുകളിലേയും പരിസരത്തെ എല്ലാ വ്യാപാരസ്ഥാപനങ്ങളിലെയും ജീവനക്കാരെയും ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന മറ്റുള്ളവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയശേഷം അനുകൂലസാഹചര്യമാണെങ്കില്‍ മാത്രമേ മാര്‍ക്കറ്റ് തുറക്കൂ എന്ന് ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ ടി.പി.മോഹന്‍ദാസ് വെളിപ്പെടുത്തി.


മാര്‍ക്കറ്റിലെ നിയന്ത്രണങ്ങള്‍ക്കായി ആര്‍ഡിഓ ചുമതലപ്പെടുത്തിയ നാലംഗ പ്രത്യേക സമിതി കോവിഡ് പരിശോധനയ്ക്കുശേഷം യോഗം ചേര്‍ന്ന് അന്തിമതീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തുറന്നാല്‍ തന്നെ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മോഹന്‍ദാസ് വെളിപ്പെടുത്തി. നഗരസഭാ കാര്യാലയത്തോട് ചേര്‍ന്ന് പുതുതായി പണികഴിപ്പിച്ച കംഫര്‍ട്ട് സ്റ്റേഷന്‍ മത്സ്യവുമായി വരുന്ന ലോറി ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തുറന്നുകൊടുക്കണമെന്ന് ചെയര്‍മാന്‍ പറഞ്ഞുവെങ്കിലും അംഗങ്ങള്‍ സമ്മതിച്ചില്ല. കോവിഡ് വ്യാപനത്തിന് നഗരസഭ സാഹചര്യമൊരുക്കരുതെന്ന് അംഗങ്ങല്‍ കൂട്ടായി വാദിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K