22 July, 2020 01:19:11 PM


'പച്ചക്കറി മാർക്കറ്റിനെതിരെ പ്രതികരിച്ചാൽ നിയമ നടപടി': നഗരസഭാ കൗൺസിലര്‍ വിവാദത്തിൽ



ഏറ്റുമാനൂർ: പേരൂർ റോഡിലെ സ്വകാര്യ പച്ചക്കറി മാർക്കറ്റിൽ എത്തിയ ഏറ്റുമാനൂർ സ്വദേശി ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാർക്കറ്റ് അടച്ച് അണുവിമുക്തമാക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയർന്നു. എന്നാൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തി പച്ചക്കറി എടുക്കാന്‍ കിടങ്ങൂരില്‍നിന്നും വന്നയാളാണ് എന്നതിനാലും ഇവിടെ സമ്പര്‍ക്കം ഇല്ലെന്ന് കണ്ടെത്തിയതിനാലും മാര്‍ക്കറ്റ് അടയ്ക്കേണ്ടതില്ല എന്നായിരുന്നു അധികൃതരുടെ പക്ഷം. ഇതോടെ അണുനശീകരണം നടത്തി മാര്‍ക്കറ്റിന്‍റെ പ്രവര്‍ത്തനം തുടരുകയായിരുന്നു. മാര്‍ക്കറ്റ് അടയ്ക്കേണ്ട ആവശ്യം ഇല്ലെന്ന നിലപാടാണ് ജില്ലാ കളക്ടറും നഗരസഭയും സ്വീകരിച്ചത്. എന്നാല്‍ ഒരു വിഭാഗം തങ്ങളുടെ പ്രതിഷേധവുമായി രംഗത്തെത്തി. മാർക്കറ്റ് തുറന്ന് പ്രവർത്തിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിലും ഇവര്‍ തങ്ങളുടെ പ്രതിഷേധം പങ്കുവെച്ചു.



ഇതിനിടെയാണ് പച്ചക്കറി മാർക്കറ്റിനെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഏറ്റുമാനൂർ നഗരസഭാ കൗൺസിലർ രംഗത്തെത്തിയത്. മാർക്കറ്റ് സ്ഥിതി ചെയ്യുന്ന 27-ാം വാർഡിലെ കൗൺസിലറും ബി ജെ പി നേതാവുമായ അനീഷ് വി നാഥ് ആണ് തന്‍റെ ഫേസ്ബുക്ക് പേജിൽ ഇത്തരമൊരു പ്രസ്താവന നടത്തിയത്. "ഏറ്റുമാനൂര്‍ നഗരസഭയില്‍ ഇരുപത്തിയേഴാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറി മാര്‍ക്കറ്റിന് യാതൊരുവിധ കുഴപ്പവും ഇല്ല. അവിടെ സാധനം വാങ്ങിക്കാന്‍ വന്ന ഒരാള്‍ക്ക് കൊറോണ സ്ഥിതീകരിച്ചു എന്നേയുള്ളു. തെറ്റായ വാര്‍ത്തകള്‍ ഇട്ട് വാര്‍ത്ത പ്രചരിപ്പിക്കുന്ന മാന്യമഹാജനങ്ങളെ, നിങ്ങള്‍ക്ക് എതിരെ നിയമനടപടികള്‍ എടുക്കുന്നതാണ്. - അനീഷ് വി നാഥ്, 27 വാര്‍ഡ് കൌണ്‍സിലര്‍." ഇതായിരുന്നു അനീഷിന്‍റെ പോസ്റ്റ്.


പ്രസ്താവന പ്രചരിച്ചതോടെ വാർഡിലെ അനീഷിനെതിരെ ബി ജെ പിയിലെ ഒരു വിഭാഗം രംഗത്തെത്തി. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പച്ചക്കറി മാർക്കറ്റ് ഉൾപ്പെടെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ച് അണുനശീകരണം നടത്തണമെന്ന് ബിജെപി നിയോജക മണ്ഡലം സെക്രട്ടറി മഹേഷ് രാഘവൻ ആവശ്യപ്പെട്ടത് ഇതിനിടയിലാണ്. ഇദ്ദേഹത്തിന്‍റെ ആവശ്യം പത്രങ്ങളിൽ വരികയും കൂടി ചെയ്തതോടെ പാർട്ടി അണികളിൽ ആശയക്കുഴപ്പമായിരിക്കുകയാണ്.  ഇതിനിടെ പേര് വെളിപ്പെടുത്താതെ 27-ാം വാര്‍ഡ് നിവാസി എന്ന പേരില്‍ ഒരു കത്ത് അനീഷിന്‍റെ പ്രസ്താവനയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങി. 


അതേസമയം, ദിവസവും രണ്ടുനേരവും മാര്‍ക്കറ്റ് അണുവിമുക്തമാക്കുന്നുണ്ടെന്നും ഇത് നഗരസഭാ അധികൃതരെ ബോധ്യപ്പെടുത്തുന്നുണ്ടെന്നും മാര്‍ക്കറ്റ് ഉടമ പറയുന്നു. തമിഴ്നാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്നും വരുന്ന ലോറികള്‍ അണുവിമുക്തമാക്കിയ ശേഷമാണ് പച്ചക്കറികള്‍ മാര്‍ക്കറ്റിലേക്ക് ഇറക്കുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു. ഇത് ശരിയാണെന്ന് നഗരസഭാ അധികൃതരും വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K