22 July, 2020 02:45:51 PM


അടച്ചുപൂട്ടിയ മാര്‍ക്കറ്റില്‍ നഗരസഭാ ചെയര്‍മാന്‍റെ ഒത്താശയോടെ പ്രവര്‍ത്തിച്ച മീന്‍കട അടപ്പിച്ചു



ഏറ്റുമാനൂര്‍: കോവിഡ് വ്യാപനത്തെതുടര്‍ന്ന് അടച്ചുപൂട്ടിയ ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റിലെ ഉണക്കമീന്‍ കട നഗരസഭാ ചെയര്‍മാന്‍റെ ഒത്താശയോടെ മാറ്റി പ്രവര്‍ത്തിപ്പിച്ചു. സംഭവം വിവാദമായതോടെ ആരോഗ്യവിഭാഗവും സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളും പോലീസും ഇടപെട്ട് കട അടപ്പിച്ചു. ബുധനാഴ്ച രാവിലെ ആയിരുന്നു സംഭവം.


മൂന്ന് തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്നാണ് ഏറ്റുമാനൂരിലെ മത്സ്യമാര്‍ക്കറ്റുകള്‍ കഴിഞ്ഞ ശനിയാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് നഗരസഭ അടപ്പിച്ചത്. ഈ മാര്‍ക്കറ്റിനോട് ചേര്‍ന്നിരിക്കുന്ന ഉണക്കമീന്‍ വില്‍പ്പനശാല ഉള്‍പ്പെടെ വ്യാപനത്തിന് കാരണമായേക്കാം എന്ന് മനസിലാക്കിയ പോലീസിന്‍റെ നിര്‍ദ്ദേശം കൂടി കണക്കിലെടുത്ത് തൊട്ടടുത്ത കടകളും ശനിയാഴ്ച അടപ്പിച്ചിരുന്നു. തൊഴിലാളികള്‍ ഉള്‍പ്പെടെ മുഴുവന്‍പേരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയശേഷം അനുകൂലസാഹചര്യമെങ്കില്‍ മാത്രം മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്നാല്‍ മതിയെന്ന് ചൊവ്വാഴ്ച നടന്ന കൌണ്‍സില്‍ തീരുമാനിച്ചിരുന്നു.


കോവിഡ് ജാഗ്രതയുടെ ഭാഗമായി മത്സ്യമാര്‍ക്കറ്റിനും നഗരസഭാ മന്ദിരത്തിനും ഇടയിലൂടെയുള്ള റോഡ് അടയ്ക്കുകയും ചെയ്തിരുന്നു. തന്‍റെ കട തുറക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉണക്കമീന്‍ കടയുടമ നല്‍കിയ കത്ത് ചൊവ്വാഴ്ച നടന്ന കൌണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചക്കെടുത്തിരുന്നു. പക്ഷെ അനുവാദം നല്‍കിയിരുന്നില്ല. പോലീസും കട തുറക്കുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ചില്ല. ഇതിനിടെയാണ് ബുധനാഴ്ച രാവിലെ പൂട്ടിയ കടയിലെ മീനുമായി ഒരു ഷെഡ് ചില്ലറ മത്സ്യമാര്‍ക്കറ്റിന് എതിര്‍വശത്ത് പ്രത്യക്ഷപ്പെട്ടത്. 


പൂട്ടിയ കട ഇപ്പോള്‍ തുറക്കുന്നില്ലെന്നും നഗരസഭാ ചെയര്‍മാന്‍റെ അനുവാദത്തോടെയാണ് താന്‍ അവിടെയിരുന്ന മീന്‍ എടുത്ത് ഇവിടെ കച്ചവടം നടത്തുന്നതെന്നും കടയുടമ പറഞ്ഞു. അതേസമയം താത്ക്കാലികമായാണെങ്കിലും വ്യാപാരം തുടങ്ങുമ്പോള്‍ നിയമപരമായി ലൈസന്‍സ് എടുക്കേണ്ടതുണ്ട്. അതുപോലും ഇല്ലാതെയാണ് കട പ്രവര്‍ത്തിക്കാന്‍ നഗരസഭാ ചെയര്‍മാന്‍ അനുവാദം നല്‍കിയത്. അതേസമയം തനിക്കിതില്‍ പങ്കില്ലെന്നും വിവരങ്ങള്‍ ചെയര്‍മാനോട് ചോദിച്ചുകൊള്ളു എന്നുമായിരുന്നു സെക്രട്ടറിയുടെ നിലപാട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K