20 August, 2020 04:55:33 PM


കോവിഡിന്‍റെ മറവില്‍ ഏറ്റുമാനൂര്‍ നഗരത്തില്‍ മോഷണപരമ്പര



ഏറ്റുമാനൂര്‍: കോവിഡിന്‍റെ മറവില്‍ ഏറ്റുമാനൂര്‍ നഗരത്തില്‍ മോഷണം. പേരൂർ റോഡിൽ അടച്ചിട്ട പച്ചക്കറി മാര്‍ക്കറ്റിന് എതിര്‍വശം ടെക്‌നോ ഐറ്റിസിക്ക് സമീപമുള്ള രണ്ട് കടകളിൽ കഴിഞ്ഞ രാത്രിയില്‍ പൂട്ടു പൊളിച്ചു മോഷണം നടന്നു. ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് ഉടമസ്ഥതയിലുള്ള വളക്കടയിലും, വിസിബിലും ആണ് മോഷണം നടന്നത്. വിസിബില്‍നിന്ന് 38000 രൂപയുടെ നാല് മൊബൈല്‍ ഫോണുകളും വളക്കടയില്‍നിന്ന് 1500 രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്.


താഴ് തകര്‍ത്താണ് മോഷ്ടാവ് ഉള്ളില്‍ പ്രവേശിച്ചത്. എതിര്‍വശത്തുള്ള ഐറ്റിസിയ്ക്കുള്ളില്‍ പ്രവേശിച്ച് കുറെ സമയത്തിനുശേഷം കമ്പിവടി പോലുള്ള ആയുധവുമായി ഇറങ്ങിവന്ന യുവാവിന്‍റെ ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.  മാസ്ക് ധരിച്ചിരിക്കുന്നതിനാല്‍ മുഖം വ്യക്തമല്ല. കഴുത്തില്‍ രുദ്രാക്ഷവും കയ്യില്‍ കറുത്ത ചരടുമണിഞ്ഞ ഇയാളുടെ വേഷം നീല കള്ളിഷര്‍ട്ടും ബര്‍മുഡായും അതിനു മുകളില്‍ മുണ്ടുമായിരുന്നുവെന്ന് ഐറ്റിസിയ്ക്കുള്ളിലെ സിസിടിവി ദൃശ്യത്തില്‍നിന്നും വ്യക്തമായതായി സമീപവാസികള്‍ പറയുന്നു. അതേസമയം ഐറ്റിസിയുടെ മുന്‍വശത്തെ ക്യാമറ തിരിച്ചുവെച്ച നിലയിലാണ്.


കഴിഞ്ഞ മാര്‍ച്ച് 18ന് വിസിബില്‍ ഇതുപോലെ തന്നെ മോഷണം നടന്നിരുന്നു. അന്ന് രണ്ട് മൊബൈല്‍ ഫോണും 7000 രൂപയുമാണ് നഷ്ടപ്പെട്ടത്. ബൈക്കിലത്തിയ രണ്ട് പേരായിരുന്നു അന്ന് മോഷണത്തിനു പിന്നില്‍. രണ്ടാഴ്ച മുമ്പ് കുരിശുപള്ളി ജംഗ്ഷനിലെ കടയിലും മോഷണം നടന്നിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പോലീസ് ജാഗരൂകരായിട്ടും മോഷണം തുടരുന്നതില്‍ നാട്ടുകാര്‍ ആശങ്കാകുലരാണ്. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K