11 September, 2020 07:08:45 PM


ഏറ്റുമാനൂർ നഗരസഭ: അഴിമതികൾ വിജിലൻസ് അന്വേഷിക്കണമെന്ന് ബി.ജെ.പി



ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭയിലെ അഴിമതികള്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്ത്. നിർമ്മാണം നിലച്ചിരിക്കുന്ന ഷോംപ്പിംഗ് കോംപ്ലക്സ് കം മൾട്ടി പ്ലസ് തിയറ്റർ, പാതിവഴിയിൽ എത്തി നിൽക്കുന്ന ഗ്യാസ് ക്രമിറ്റോറിയം, നിർമ്മാണം പൂർത്തിയായിട്ടും പൊതുജനങ്ങൾക്ക് തുറന്ന് നൽകാത്ത കംഫർട്ട് സ്‌റ്റേഷൻ എന്നിവയുമായി ബന്ധപ്പെട്ടാണ് ഏറെയും ആരോപണങ്ങൾ ഉയരുന്നത്. 


അഴിമതി നടത്താൻ അഞ്ച് വർഷം അഞ്ച് ചെയർമാന്മാർ എന്നത് അലങ്കാരമാക്കിയ കോൺഗ്രസ്സിന് ചില സി.പി.എം കൗൺസിലറന്മാർ നക്കാപ്പിച്ചക്ക് വേണ്ടി ഒത്താശ ചെയ്തു കൊടുക്കുകയാണന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു ചൂണ്ടികാട്ടി. ബി.ജെ.പി മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസ് കവാടത്തിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 


നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും പ്രവർത്തിക്ക് മുൻകൈ എടുത്ത സി.പി.എം ന്റെയും കോൺഗ്രസിന്റെയും ജനപ്രതിനിധികളേയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രത്തിൽ ബി.ജെ.പിക്ക് എതിരെ ഒന്നിച്ച്നിൽക്കുന്നതു പോലെ ഇവർ അഴിമതിയുടെ കാര്യത്തിലും പരസ്പരം സഹകരിക്കുകയാണന്നതിന്റെ നേർക്കാഴ്ചയാണ് ഏറ്റുമാനൂർ നഗരസഭയിൽ അരങ്ങേറുന്നത്. 


നഗരസഭയിലെ അഴിമതിക്കെതിരെയും അവസാന ചെയർമാന്റെ ഏകാധിപത്യ തീരുമാനങ്ങൾക്കെതിരെയും രാഷ്ട്രീയത്തിനതീതരായി  സി.പി.എം, ബി ജെ പി, കേരളാ കോൺഗ്രസ് എം, സി.പി.ഐ ,സ്വതന്ത്ര അംഗമടക്കമുള്ള കൗൺസിലറന്മാർ കൈകോർക്കുകയാണ്. എന്നാല്‍ കേഡർ പാർട്ടിയെന്ന് അഹങ്കരിക്കുന്ന സി.പി.എമ്മിന്‍റെ കൗൺസിലര്‍മാരില്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനടക്കമുള്ള 4 അംഗങ്ങൾ കോൺഗ്രസ്സിന് ഒപ്പം നിന്നത് ആ പാര്‍ട്ടിയുടെ രാഷ്ട്രീയ പാപ്പരത്വം വെളിച്ചത്ത് കൊണ്ടുവന്നുവെന്നും നോബിൾ പറഞ്ഞു. 


ചെയർമാന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കുക, വിവാദ അടിയന്തിര കൗൺസിൽ റദ്ദ്‌ ചെയ്യുക, സ്ട്രീറ്റ് ലൈറ്റ് ഇടപാടിലെ അഴിമതി അന്വേഷിക്കുക തുടങ്ങിയ കാര്യങ്ങളും ധർണ്ണയിൽ ആവശ്യപ്പെട്ടു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി ജയചന്ദ്രൻ, നഗരസഭ വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഗണേഷ് ഏറ്റുമാനൂർ, കൗൺസിര്‍മാരായ അനിഷ് വി.നാഥ്, ഉഷാ സുരേഷ്, എ.ജി. പുഷ്പലത, അജിശ്രീ മുരളി, ബി.ജെ.പി നേതാക്കളായ മഹേഷ് രാഘവൻ, ആന്‍റണി അറയിൽ, സുരേഷ് നായർ, ആർ ഗോപാലകൃഷ്ണൻ നായർ, ഷിൻ ഗോപാൽ എന്നിവർ പ്രസംഗിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K