27 September, 2020 08:23:50 PM


ഏറ്റുമാനൂര്‍ - മണര്‍കാട് ബൈപാസ് റോഡ്: മൂന്നാം ഘട്ടം നിര്‍മ്മാണം ആരംഭിച്ചു



ഏറ്റുമാനൂര്‍: കുരുക്കഴിഞ്ഞ് മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസ് റോഡ് നിര്‍മ്മാണം. റോഡിന്‍റെ ഏറ്റുമാനൂര്‍ പാറകണ്ടം മുതല്‍ പട്ടിത്താനം വരെയുള്ള മൂന്നാം ഘട്ടം നിര്‍മ്മാണം ആരംഭിച്ചു. മൂന്നര പതിറ്റാണ്ട് മുമ്പ് വിഭാവന ചെയ്ത മണര്‍കാട് - പട്ടിത്താനം ബൈപാസ് ഇനിയും പൂര്‍ത്തിയാകാത്തതില്‍ പരക്കെ പ്രതിഷേധം നിലനില്‍ക്കെയാണ് ആശ്വാസത്തിന് വകയേകി പണികള്‍ ആരംഭിച്ചത്. പാറകണ്ടത്ത് പാലാ റോഡില്‍നിന്നും ആരംഭിച്ച് പട്ടിത്താനം റൌണ്ടാനയില്‍ സമാപിക്കുന്ന 1.79 കിലോമീറ്റര്‍ ദൂരം റോഡിന്‍റെ പണികളാണ് അവസാനഘട്ടത്തില്‍. പാലാ റോഡിനു സമീപം പാടത്ത് മണ്ണിട്ട് നികത്തുന്ന പണികളാണ് ഇപ്പോള്‍ നടക്കുന്നത്.


വസ്തു ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചില സ്ഥലമുടമകളുമായി നിലനിന്ന തര്‍ക്കമാണ് പണികള്‍ പൂര്‍ത്തിയാകുന്നതിന് തടസമായത്. മണര്‍കാട് മുതല്‍ ഏറ്റുമാനൂര്‍ വരെ സ്ഥലമെടുപ്പിനും റോഡ് നിര്‍മ്മാണത്തിനും കൂടി  72 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്. സ്ഥലമെടുപ്പ് പൂര്‍ത്തിയാകാതെ വന്നതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി റോഡ് പണി അനിശ്ചിതത്വത്തിലായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ ആക്ട് അനുസരിച്ച് തന്നെ സ്ഥലമേറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യവ്യക്തികള്‍ കേസ് നല്‍കിയതോടെയാണ് നിര്‍മ്മാണം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവന്നത്. 


രണ്ടു ഘട്ടങ്ങളായാണ് മണര്‍കാട് മുതല്‍ ഏറ്റുമാനൂര്‍ പട്ടിത്താനം വരെയുള്ള പണികള്‍ നടത്താനിരുന്നത്. പൂവത്തുമൂട് വരെയുള്ള ആദ്യ ഘട്ടം വര്‍ഷങ്ങള്‍ക്കു മുന്‍പേ തീര്‍ന്നിരുന്നു. ഇതില്‍ മീനച്ചിലാറിനു കുറുകെയുള്ള പാലവും ഉള്‍പ്പെട്ടിരുന്നു. സ്ഥലമേറ്റെടുക്കുന്നതില്‍ സ്വകാര്യവ്യക്തികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ തുടര്‍പണികള്‍ അനന്തമായി നീണ്ടു. രണ്ട് വര്‍ഷം മുമ്പ് നിര്‍മ്മാണം വീണ്ടും ആരംഭിച്ചെങ്കിലും പാലാ റോഡില്‍ പാറകണ്ടത്തില്‍ അവസാനിപ്പിക്കുവാനായിരുന്നു തീരുമാനം. പാറകണ്ടത്തിനും പട്ടിത്താനത്തിനും ഇടയില്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയായതോടെയാണ് പൊതുമരാമത്ത് നിരത്തുവിഭാഗം ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നതും കഴിഞ്ഞ ദിവസം പണികള്‍ ആരംഭിച്ചതും. 


മൂന്നാം ഘട്ടത്തിന് 12.6 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. 15 മീറ്റര്‍ വീതിയില്‍ 1.79 കിലോമീറ്റര്‍ നീളത്തിലാണ് മൂന്നാം ഘട്ടം പണി പൂര്‍ത്തിയാകാനുള്ളത്. പട്ടിത്താനം ജംഗ്ഷനില്‍ എം.സി.റോഡിലാണ് ബൈപാസ് റോഡ് സംഗമിക്കുക. ഇതോടെ എം.സി.റോഡിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശ്ശേരി നഗരങ്ങളിലെ കുരുക്കൊഴിവാക്കി തിരുവല്ലയില്‍ എത്താനാവും. ഒപ്പം കിഴക്കന്‍ പ്രദേശങ്ങലിലേക്കുള്ള വാഹനങ്ങള്‍ക്കും ഗതാഗതം സുഗമമാകും. ഏറ്റുമാനൂര്‍ നഗരത്തിലെ കുരുക്ക് ഒരു പരിധി വരെ കുറയ്ക്കാനാവുമെന്നതും ആശ്വാസമേകുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K