02 October, 2020 02:27:15 PM


കിടങ്ങൂർ സ്കൂൾ കെട്ടിടവും എഞ്ചിനീയറിംഗ് കോളേജ് ലേഡീസ് ഹോസ്റ്റലും നാളെ ഉദ്ഘാടനം ചെയ്യും



കിടങ്ങൂർ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി സംസ്ഥാന സർക്കാർ ഒരു കോടി രൂപ മുതൽ മുടക്കി നിർമ്മിച്ച കിടങ്ങൂർ എൽ.പി.ബി സ്കൂൾ കെട്ടിട സമുച്ചയത്തിന്‍റെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. നൂറ് വർഷത്തിലധികം പഴക്കമുള്ള അപകട സ്ഥിതിയിൽ ആയ പഴയ സ്കൂൾ കെട്ടിടം പൊളിച്ച് മാറ്റണമെന്ന ആവശ്യം മോൻസ് ജോസഫ് എം.എൽ.എ വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ സർക്കാർ ഫണ്ട് അനുവദിച്ചത്.


പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് എന്നിവർ  ചടങ്ങിൽ പങ്കെടുക്കും. 6 ക്ലാസ്സ് മുറികൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം എന്നിവയും സൗകര്യ പ്രദമായ സ്കൂൾ മുറ്റവും ചേർത്താണ് പുതിയ നിർമ്മാണം നടത്തിയിരിക്കുന്നത്. സ്കൂളിന്‍റെ  അവശേഷിക്കുന്ന നിർമ്മാണ കാര്യങ്ങൾക്കും, വിവിധ വികസന പ്രവർത്തനങ്ങൾക്കും എം.എൽ.എ ഫണ്ട് അനുവദിക്കണമെന്ന്  ആവശ്യപ്പെട്ട് കൊണ്ട് സ്കൂൾ പി.റ്റി.എ കമ്മറ്റിയും, കിടങ്ങൂർ ഗ്രാമ പഞ്ചായത്തും അഡ്വ: മോൻസ് ജോസഫിന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.


കിടങ്ങൂർ എഞ്ചിനീയറിംഗ് കോളേജ് ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനം


കിടങ്ങൂർ: കേരള സർക്കാർ സ്ഥാപനമായ കോ - ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ - കേപ്പ്-ന്  കീഴിൽ പ്രവർത്തിക്കുന്ന  കിടങ്ങൂർ എഞ്ചിനീയറിംഗ് കോളേജിൽ നിർമ്മാണം പൂർത്തിയാക്കിയ ആധുനിക നിലവാരത്തിലുള്ള വനിതാ ഹോസ്റ്റലിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ 11 മണിക്ക് ഓൺലൈൻ മുഖാന്തിരം നിർവ്വഹിക്കും. ഇരുപതിനായിരം ചതുരശ്ര അടിയിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയതാണ് പുതിയ ഹോസ്റ്റൽ മന്ദിരം.


1998 - 2000 കാലഘട്ടത്തിൽ മുൻ മുഖ്യമന്ത്രി ഇ.കെ നായനാരാണ് കിടങ്ങൂർ എഞ്ചിനീയറിംഗ് കോളേജ് ഉദ്ഘാടനം ചെയ്തത്. അന്നത്തെ സഹകരണ മന്ത്രി എസ്.ശർമ്മയുടെയും, അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.ജെ ജോസഫിന്‍റെയും ആത്മാർത്ഥമായ സഹായത്തെ തുടർന്നാണ്  കിടങ്ങൂരിൽ എൻജിനീയറിംഗ് കോളേജിന് സർക്കാർ അനുമതിയായത്. കിടങ്ങൂർ സർവ്വീസ് സഹകരണ ബാങ്ക് 25 ഏക്കർ സ്ഥലം വാങ്ങിച്ച് നൽകിയതിലൂടെ കോളേജിന് സ്വന്തമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്താൻ കഴിഞ്ഞു.


ആദ്യ വർഷം മുതൽ റാങ്ക് ജേതാക്കളെ സമ്മാനിച്ച് വരുന്ന കിടങ്ങൂർ എഞ്ചിനീയറിംഗ് കോളേജ് ഇന്ന് ഐ.എസ്.ഒ അംഗീകാരത്തോടെയും, നാഷണൽ ബോർഡിന്റെ അക്രഡിറ്റേഷനോടും കൂടി ഉയർന്ന വിദ്യാഭ്യാസ നിലവാരത്തിലാണ് പ്രവർത്തിച്ച് വരുന്നത്. കേരളത്തിലെ ഏറ്റവും നല്ല എഞ്ചിനീയറിംഗ് കോളേജിൽ ഒന്നായിട്ടാണ് ഇപ്പോൾ കിടങ്ങൂർ എഞ്ചിനിയറിംഗ് കോളേജ് പ്രവർത്തിച്ച് വരുന്നതെന്ന് മുഖ്യ രക്ഷാധികാരി അഡ്വ: മോൻസ് ജോസഫ് എം.എൽ.എ, കേപ്പ് ഡയറക്ടർ ഡോ: ആർ. ശശികുമാർ, കോളേജ് പ്രിൻസിപ്പൽ ഡോ: കെ.ജി വിശ്വനാഥൻ എന്നിവർ വ്യക്തമാക്കി. 


സമ്മേളനത്തിൽ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം.പിമാരായ ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുന്നതാണ്. എഞ്ചിനീയറിംഗ് കോളേജിൽ ചേരുന്ന ചടങ്ങിൽ അഡ്വ: മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വിവിധ ജനപ്രതിനിധികൾ പങ്കെടുക്കും. കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾക്ക്  വിധേയമായിട്ടാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. 


കിടങ്ങൂരിന്‍റെ വിദ്യാഭ്യാസ പുരോഗതിയിൽ എൽ.പി മുതൽ എഞ്ചിനീയറിംഗ് കോളേജ് വരെ ഉന്നത നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ കടുത്തുരുത്തി മണ്ഡലത്തിന്‍റെ വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി സർക്കാർ സഹായത്തോടെ നടപ്പാക്കാൻ കഴിഞ്ഞിട്ടുള്ളത് വികസന രംഗത്ത് ശ്രദ്ധേയമായ സംഭാവനയും, സമ്മാനവുമാണെന്ന് മോൻസ് ജോസഫ് എം.എൽ.എ പ്രസ്താവിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K