12 November, 2020 07:08:04 PM
ഏറ്റുമാനൂരില്‍ വിരണ്ടോടിയ പോത്ത് രണ്ട് മണിക്കൂറോളം പരിഭ്രാന്തി പരത്തി

ഏറ്റുമാനൂർ: ഏറ്റുമാനൂരിലെ ഇറച്ചിക്കടയിൽ കൊണ്ടുവന്ന പോത്ത് വിരണ്ടോടി. ഏറ്റുമാനൂർ കെ.എസ്.ആർ.റ്റി സി.ക്കു സമീപമുള്ള ഇറച്ചിക്കടയില്‍ രാവിലെ 8 മണിയോടെ അറക്കാൻ കൊണ്ടുവന്ന പോത്താണ് വിരണ്ടോടിയത്. രണ്ടു മണിക്കൂറോളം നാടിനെ വിറപ്പിച്ച പോത്തിനെ 10 മണിയോടെയാണ് പിടിച്ചുകെട്ടിയത്.
ലോറിയിൽ നിന്നും ഇറക്കുന്നതിനിടെ വിരണ്ടോടി എം.സി.റോഡിൽ കൂടി രണ്ടു കിലോമീറ്റർ ഓടിയ പോത്തിനെ പാറോലിക്കൽ കവലയിലുള്ള ടൈൽ വില്പനശാലയിലെ ഗോഡൗണിലേക്ക് ഓടിച്ചു കയറ്റി. തുടർന്ന് ലോറി കുറുകെയിട്ടു ഗേറ്റ് അടച്ചു. യാദൃശ്ചികമായി ഇതുവഴി വന്ന മരം വെട്ടുകാരനായ മറ്റക്കര സ്വദേശി സാജു, ഗോഡൗണിന്‍റെ ഭിത്തിയിൽ പിടിപ്പിച്ചിരുന്ന ഇരുമ്പ് ഗ്രില്ലിൽ കൂടി കടന്ന് സാഹസികമായി പോത്തിന്‍റെ തലയിലൂടെ കുടുക്കിട്ടു. തുടർന്ന് ഫയർഫോഴ്സിന്‍റെ നേതൃത്തിൽ പിടിച്ചുകെട്ടി. കോട്ടയം ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസറായ ഉദയഭാനു, ഷാബു എന്നിവർ നേതൃത്വം നൽകി.





