04 February, 2021 05:53:44 PM


കോവിഡ് വാക്‌സിന്‍; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദ്യഡോസ് വിതരണം നാളെ പൂര്‍ത്തിയാകും




കോട്ടയം: ജില്ലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിന്റെ ആദ്യഡോസ് വിതരണം ഇന്ന്(ഫെബ്രുവരി 5) പൂര്‍ത്തിയാകും. രജിസ്റ്റര്‍ ചെയ്തിരുന്ന 29679 പേരില്‍ 18527 പേര്‍ക്ക് ഇന്നലെ(ഫെബ്രുവരി 4) വരെ നല്‍കി.  9600 പേര്‍ വിവിധ കാരണങ്ങളാല്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാത്തവരാണ്.


ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, വിവിധ തരം അലര്‍ജികള്‍ ഉള്ളവര്‍, നിലവില്‍ കോവിഡ് പോസിറ്റീവായവര്‍, ക്വാറന്റയിനില്‍ കഴിയുന്നവര്‍, സ്ഥലത്ത് ഇല്ലാത്തവര്‍, സമീപ കാലത്ത് മറ്റു രോഗങ്ങളുടെ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍ തുടങ്ങിയവരാണ് ഈ വിഭാഗത്തില്‍ പെടുന്നത്. 148 പേര്‍ കുത്തിവയ്പ്പ് എടുക്കുന്നതിന് വിസമ്മതിച്ചു. ശേഷിക്കുന്നവര്‍ക്ക് ഇന്ന് മരുന്ന് നല്‍കി ആദ്യ ഡോസ് വിതരണം പൂര്‍ത്തിയാക്കും.


ജില്ലയിലെ  281 സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍നിന്ന് 14244 പേരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി ചികിത്സാ വിഭാഗങ്ങളിലുള്ളവരും ആശാ, അങ്കണവാടി പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സ്വകാര്യമേഖലയിലെ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലാബോറട്ടറികള്‍ എന്നിവ ഉള്‍പ്പെടെ 447 സ്ഥാപനങ്ങളിൽ നിന്നുള്ള 15400 ജീവനക്കാരും കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പട്ട ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 35 പേരുമാണ് ജില്ലയില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. 


ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ വിതരണം ഫെബ്രുവരി 15ന് ആരംഭിക്കും. ആദ്യ ഡോസ് എടുത്ത് 28 ദിവസത്തിനു ശേഷമാണ് രണ്ടാം ഡോസ് സ്വീകരിക്കേണ്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K