15 February, 2021 07:44:15 PM


'അപകടകെണി': പേരൂര്‍ റോഡില്‍ 2 വര്‍ഷത്തിനിടെ പൊലിഞ്ഞത് ആറ് പേരുടെ ജീവന്‍



ഏറ്റുമാനൂര്‍: ആധുനികരീതിയില്‍ നവീകരിച്ചതോടെ മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസ് റോഡില്‍ അപകടങ്ങള്‍ നിത്യസംഭവം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ പത്തോളം ജീവനുകളാണ് ഈ റോഡില്‍ പൊലിഞ്ഞുവീണത്. ഏറ്റുമാനൂരില്‍ പഴയ പേരൂര്‍ റോഡാണ് ബൈപാസ് റോഡ് ആയി മാറിയത്. ഇവിടെ തന്നെ രണ്ടു വര്‍ഷത്തിനിടെ അന്ത്യം സംഭവിച്ച ആറാമത്തെയാളാണ് ഞായറാഴ്ച അപകടത്തില്‍ മരിച്ച ചെറുവാണ്ടൂര്‍ വള്ളോംകുന്നേല്‍ സാലി (46).


2019 മാര്‍ച്ച് നാലിനായിരുന്നു നാടിനെയാകെ ദുഖത്തിലാഴ്ത്തിയ അപകടം പേരൂര്‍ കണ്ടഞ്ചിറ കവലയ്ക്ക് സമീപം നടന്നത്. അന്ന് അമിതവേഗതയില്‍ എത്തിയ കാറിടിച്ച് ജീവന്‍ പോലിഞ്ഞത് വഴിയാത്രക്കാരായ അമ്മയുടെയും രണ്ട് മക്കളുടെയും. കാവുംപാടം കോളനി നിവാസികളായിരുന്ന ലെജി (45), അന്നു (20), നൈനു (17) എന്നിവരാണ് ആ അപകടത്തില്‍ മരിച്ചത്. 2020 ഫെബ്രുവരി 8ന് ബൈപാസ് ആയി മാറിയ പഴയ പേരൂര്‍ റോഡില്‍ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികനായ കിടങ്ങൂര്‍ സ്വദേശി സജികുമാര്‍ (46) മരണമടഞ്ഞു. 


2019 ഒക്ടോബര്‍ 20നാണ് ചെറുവാണ്ടൂര്‍ വായനശാല ജംഗ്ഷനുസമീപം പെട്ടി ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ തിരുവഞ്ചൂര്‍ സ്വദേശി കെ.എസ്. അനന്തു (18) മരണമടഞ്ഞത്. ഈ അപകടം നടന്ന സ്ഥലത്തിന് എതാനും മീറ്ററുകള്‍ മാത്രം മാറിയാണ് ഞായറാഴ്ച സാലിയുടെ ജീവനെടുത്ത അപകടവും നടന്നത്. ഇതിനൊക്കെ പുറമെ അപകടങ്ങളുടെ പരമ്പരതന്നെയാണ് ഈ പ്രദേശത്ത് ദിനംപ്രതിയുണ്ടാവുന്നത്. ജീവന്‍പോകാതെ രക്ഷപെടുന്നത് ഭാഗ്യം കൊണ്ടുമാത്രം.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K