21 February, 2021 07:05:58 PM


ഏറ്റുമാനൂരിലെ ഷോപ്പിംഗ് കോംപ്ലക്സ്: മുന്‍ നഗരസഭാ സെക്രട്ടറിക്കെതിരെ നടപടിയ്ക്ക് നിര്‍ദ്ദേശം



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയുടെ സ്വപ്‌ന പദ്ധതിയായ ഷോപ്പിംഗ് കോംപ്ലക്‌സ് കം മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ ഗുരുതരവീഴ്ചയെന്ന് വീണ്ടും കണ്ടെത്തല്‍. ഇതിന്‍റെയടിസ്ഥാനത്തില്‍ അന്ന് ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ച ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി നിര്‍ദ്ദേശിച്ച് വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ ഓര്‍ഡിനേഷന്‍ കമ്മറ്റി. അന്നത്തെ നഗരസഭാ സെക്രട്ടറി ക്രമവിരുദ്ധമായി താല്‍പര്യപത്രം ക്ഷണിച്ച് സെലക്ഷന്‍ നോട്ടീസ് നല്‍കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. 


സംഭവത്തില്‍ 2020 മെയ് 27ന് മന്ത്രി എ.സി.മൊയ്തീന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വകുപ്പുതലത്തില്‍ അന്വേഷണം നടത്താനും വീഴ്ച വരുത്തിയവരുടെ പേരില്‍ കര്‍ശനനടപടിയെടുക്കാനും  തീരുമാനിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ പത്താം തീയതി ചേര്‍ന്ന കോ ഓര്‍ഡിനേഷന്‍ കമ്മറ്റി ചര്‍ച്ചയ്ക്കെടുക്കുകയും ഉദ്യോഗസ്ഥന്‍റെ പേരില്‍ നടപടിക്ക് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. 


സംഭവം വിവാദമായതോടെ, നഗരസഭാ ചെയര്‍മാന്‍റെ 2019 ഡിസംബര്‍ 30ലെ കത്തും കോട്ടയം ജില്ലാ പ്ലാനിംഗ് ഓഫീസറുടെ 2020 ജനുവരി 14ലെ കത്തും പ്രകാരം തദ്ദേശസ്വയംഭരണവകുപ്പ് ചീഫ് എഞ്ചിനീയര്‍ നല്‍കിയ അന്വേഷണറിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ ശുപാര്‍ശ ഉണ്ടായത്. വഴിവിട്ട് കരാര്‍ ഉടമ്പടികളില്‍ ഏര്‍പ്പെട്ട അന്നത്തെ നഗരസഭാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയുണ്ടാകും എന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. 


അതേസമയം, പ്രവൃത്തിയുടെ ഇനിയുള്ള നിര്‍മ്മാണം ടെണ്ടര്‍ / അക്രഡിറ്റഡ് ഏജന്‍സിയൂടെയാണോ നടത്തേണ്ടതെന്ന് നഗരസഭ തീരുമാനിക്കേണ്ട വിഷയമാണെന്നും ഇതിന്മേല്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കുന്നില്ലെന്നും കോ- ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ ഫെബ്രുവരി 10ലെ തീരുമാനത്തില്‍ സൂചിപ്പിക്കുന്നു. നിലവിലെ മാനദണ്ഡപ്രകാരം മുനിസിപ്പാലിറ്റിക്ക് നടപടി സ്വീകരിക്കാം. എന്നാല്‍ നിര്‍മ്മാണം നടത്തുന്നതില്‍ സ്വീകരിച്ച നടപടിക്രമങ്ങളിലെ പാളിച്ച അടക്കമുള്ളവ ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ പരിശോധിച്ച് വകുപ്പുതലത്തില്‍ നടപടി സ്വീകരിക്കുന്നതിനായി നല്‍കണമെന്നും നിര്‍ദ്ദേശിക്കുന്നു. ഇതുവരെ നടത്തിയ പ്രവ‍ത്തിയുടെ വാല്യുവേഷന്‍ തദ്ദേശസ്വയംഭരണവകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എടുത്ത് ചീഫ് എഞ്ചിനീയര്‍ക്ക് കൈമാറണമെന്നും നിര്‍ദ്ദേശിക്കുന്നു.


'ഷോപ്പിംഗ് കോംപ്ലക്സ് കം മള്‍ട്ടിപ്ലക്സ് തീയേറ്റര്‍' പദ്ധതി ജില്ലാ ആസൂത്രണസമിതി അംഗീകരിക്കുമ്പോള്‍ നിര്‍വ്വഹണരീതി ടെണ്ടര്‍ എന്നാണ് ചേര്‍ത്തിരുന്നത്. എന്നാല്‍ ഇതിന് ഘടകവിരുദ്ധമായാണ് അക്രഡിറ്റഡ് ഏജന്‍സി മുഖേന നിര്‍വ്വഹണം നടത്താന്‍ അന്നത്തെ നഗരസഭാ കൗണ്‍സില്‍ തീരുമാനിക്കുകയും അക്രഡിറ്റഡ് ഏജന്‍സിയെ കണ്ടെത്താന്‍ സെക്രട്ടറി നേരിട്ട് താല്‍പ്പര്യപത്രം ക്ഷണിക്കുകയും ചെയ്തത്. പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ നഗരസഭാ അസിസ്റ്റന്‍റ് എഞ്ചിനീയറെ ഒഴിവാക്കിയായിരുന്നു ഈ നടപടി. സെക്രട്ടറി താല്‍പ്പര്യപത്രം ക്ഷണിച്ചതില്‍ പ്രോജക്ട് മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍സി (പിഎംസി) എന്ന് ചേര്‍ത്തിരുന്നില്ല. അതേസമയം പിഎംസി മാത്രമായ വാപ്‌കോസ് ലിമിറ്റഡിന് നിര്‍മ്മാണചുമതല നല്‍കുകയും അതിനുശേഷം അന്നുണ്ടായിരുന്ന അസിസ്റ്റന്‍റ് എഞ്ചിനീയറെകൊണ്ട് കരാര്‍ ഉടമ്പടിയില്‍ ഏര്‍പ്പെടുകയും ചെയ്തു. 



നിര്‍വ്വഹണ ഉദ്യോഗസ്ഥനായ നഗരസഭാ എഞ്ചിനീയറെ മാറ്റിനിര്‍ത്തി സെക്രട്ടറി താല്‍പര്യപത്രം ക്ഷണിച്ചതും കേന്ദ്ര സര്‍ക്കാര്‍ എജന്‍സിയായ വാപ്‌കോസിന് കരാര്‍ നല്‍കിയതും ക്രമവിരുദ്ധമായിട്ടായിരുന്നു എന്ന് പിന്നീട് വന്ന അസിസ്റ്റന്‍റ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നിര്‍മ്മാണപ്രവര്‍ത്തനം തുടക്കത്തിലേ നിലയ്ക്കുകയായിരുന്നു. സര്‍ക്കാരിന്‍റെ ഏത് നിര്‍മ്മാണപ്രവ‍ൃത്തികളിലും അക്രഡിറ്റഡ് ഏജന്‍സികള്‍ പാലിക്കേണ്ട കാര്യങ്ങള്‍ എഗ്രിമെന്‍റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.  എഞ്ചിനീയറുടെ ഈ റിപ്പോര്‍ട്ട് ശരിവെച്ചുകൊണ്ടാണ് ചീഫ് എഞ്ചിനീയറും റിപ്പോര്‍ട്ട് നല്‍കിയത്.


2018-19 വര്‍ഷം അംഗീകാരം നേടിയ പദ്ധതിയ്ക്ക് 2019 ഫെബ്രുവരി 15ന് മന്ത്രി എ.സി.മൊയ്തീന്‍ തന്നെയാണ് തറക്കല്ലിട്ടത്. ചിറക്കുളത്തിനോട് ചേര്‍ന്ന് എം.സി. റോഡിന് അഭിമുഖമായി 58 കടമുറികളും 240 സീറ്റുകളുള്ള മള്‍ട്ടിപ്ലക്‌സ് സിനിമാ തീയറ്ററും അടങ്ങുന്നതാണ് വിവാദമായ പദ്ധതി. 27,53,84,972 രൂപ അടങ്കല്‍ തുകയായ കെട്ടിടത്തിന്‍റെ നിര്‍മ്മാണത്തിന് 23 കോടി വായ്പയായും ബാക്കി 4,53,84,972 രൂപ നഗരസഭയുട തനത് ഫണ്ടില്‍നിന്ന് വിനിയോഗിക്കാനുമായിരുന്നു തീരുമാനം. 4500ഓളം ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള കെട്ടിടത്തിന്‍റെ ഈ അടങ്കല്‍ തുക പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ചിട്ടുള്ള തുകയുടെ മൂന്നിരട്ടിയായിരുന്നു. 


എഞ്ചിനീയറിംഗ് വിഭാഗത്തെ മാറ്റിനിര്‍ത്തി വാപ്‌കോസുമായി നഗരസഭ കരാറിലേര്‍പെട്ടത്  27.53 കോടിയ്ക്ക് മുഴുവന്‍ നിര്‍മ്മാണവും നടത്തി കെട്ടിടം കൈമാറാമെന്ന നിലയിലുമായിരുന്നു. 18 മാസംകൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കരാര്‍ ഏറ്റെടുത്ത  വാപ്‌കോസ് ഒരു സ്വകാര്യകമ്പനിയ്ക്ക് ഉപകരാര്‍ നല്‍കി. നിര്‍മ്മാണപുരോഗതി ഓരോ ഘട്ടത്തിലും വിലയിരുത്തി ബില്‍തുക അംഗീകരിക്കപ്പെട്ട കരാര്‍കാരന് നഗരസഭ നേരിട്ട് നല്‍കണമെന്നാണ് നിയമം. എന്നാല്‍ നിര്‍മ്മാണം ഏറ്റെടുത്ത വാപ്‌കോസ് നിര്‍മ്മാണത്തിന്‍റെ പുരോഗതികള്‍ നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗത്തെ അറിയിച്ചിരുന്നില്ല. 


ഇതിനിടെ വാപ്കോസിന് സെന്‍റേജ് ചാര്‍ജായി 44 ലക്ഷം രൂപ നല്‍കുവാന്‍ നഗരസഭാ കൌണ്‍സില്‍ തീരുമാനിക്കുകയും ഇതിനായി ഫയല്‍ പുതുതായി ചാര്‍ജെടുത്ത എഞ്ചിനീയറുടെ പക്കല്‍ എത്തുകയും ചെയ്തതോടെയാണ് ക്രമക്കേടുകളുടെ ചുരുളഴിയുന്നത്. പാലാരിവട്ടം പാലം പോലെ ക്രമക്കേടുകള്‍ നിറഞ്ഞ ഈ നിര്‍മ്മാണപ്രവര്‍ത്തിക്ക് കൂട്ടുനിന്ന് ഭാവിയില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറല്ലെന്ന് തുറന്നടിച്ച അസിസ്റ്റന്‍റ് എഞ്ചിനീയര്‍ കരാര്‍ ക്രമവല്‍ക്കരിച്ച് സര്‍ക്കാര്‍ അനുമതി ലഭിച്ചാലേ തുക കൈമാറാനാവൂ എന്ന് ഫയലില്‍ കുറിപ്പെഴുതി.



2017ലെ ഹൈക്കോടതി വിധിയ്ക്ക് വിരുദ്ധമായി നഗരസഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് നിയമോപദേശം തേടണമെന്നും പിഎംസി ബിഡുകള്‍ ക്ഷണിച്ചതിലുള്ള അപര്യാപ്തതകള്‍ ക്രമവല്‍ക്കരിക്കുന്നതിന് സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചും കെട്ടിടനിര്‍മ്മാണത്തിന് കരാര്‍ വെച്ചതുമുതലുള്ള കാര്യങ്ങളിലെ  ക്രമക്കേടുകള്‍ അക്കമിട്ടു നിരത്തിയും അസിസ്റ്റന്‍റ് എഞ്ചിനീയര്‍ നല്‍കിയ കത്ത് മാസങ്ങളോളം വെളിച്ചം കണ്ടില്ല. ഈ കത്ത് ചര്‍ച്ചയ്‌ക്കെടുക്കാന്‍ ചെയര്‍മാന്‍ തയ്യാറാകാതെ വന്നത് സംശയങ്ങള്‍ക്ക് ആക്കം കൂട്ടി. ഇതോടെ പ്രശ്‌നം ഗുരുതരമാകുമെന്ന് മനസിലാക്കിയ അന്നത്തെ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് തദ്ദേശസ്വയംഭരണവകുപ്പ് ചീഫ് എഞ്ചിനീയറുടെ ഉപദേശം തേടുകയായിരുന്നു.


2019  ആഗസ്ത് 26, ഒക്ടോബര്‍ 21 തീയതികളില്‍ ചെയര്‍മാന്‍ നല്‍കിയ കത്തിന് നവംബര്‍ 2ന് ചീഫ് എഞ്ചിനീയര്‍ നല്‍കിയ മറുപടി പ്രവൃത്തിയുടെ നിര്‍വ്വഹണത്തിന് വാപ്‌കോസ് ലിമിറ്റഡിനെ തിരഞ്ഞെടുത്തതില്‍ സ്വീകരിച്ച നടപടിക്രമങ്ങളില്‍ അപാകതകള്‍ ഉണ്ടെന്ന് ശരിവെക്കുന്നതായിരുന്നു. ടെന്‍ഡര്‍ നടപടിയ്ക്ക് മുമ്പ് ചെയ്യേണ്ട പത്രപരസ്യം പോലും നല്‍കാതെ മുന്‍ ചെയര്‍മാന്‍റെ കാലത്ത് രഹസ്യമായി താല്‍പര്യപത്രം ക്ഷണിച്ച് കരാര്‍ നല്‍കിയത് തെറ്റായി പോയിയെന്ന് അവസാനം നഗരസഭയുടെ നാലാമത്തെ ചെയര്‍മാനായ ജോര്‍ജ് പുല്ലാട്ടിന് സമ്മതിക്കേണ്ടിവന്നു. അങ്ങിനെയാണ് ഡിസംബറില്‍ ഇദ്ദേഹം ഉന്നതങ്ങളില്‍ കത്ത് നല്‍കിയത്.


കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന നഗരസഭയില്‍ വാര്‍ഡ് തലത്തില്‍ നടക്കേണ്ട വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ വെട്ടിചുരുക്കി ഷോപ്പിംഗ് കോംപ്ലക്സിന് തുക കണ്ടെത്താനും ഇതിനിടെ നീക്കം നടന്നു. ഒരു വിഭാഗം അംഗങ്ങളുടെ താല്‍പര്യം മാത്രം കണക്കിലെടുത്ത് ഷോപ്പിംഗ് കോംപ്ലക്സ് പണിത് വികസനം മുരടിപ്പിക്കുന്നതിനെതിരെ കൌണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. നഗരസഭ തുടങ്ങിവെച്ച എല്ലാ പദ്ധതികളും പൂര്‍ത്തിയാക്കാനാവാതെ പാതി വഴിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഈ ഗണത്തിലേക്ക് പുതിയ ഒരെണ്ണം കൂടി വേണ്ടെന്നുള്ള അഭിപ്രായമായിരുന്നു അന്ന് ഭൂരിപക്ഷം അംഗങ്ങള്‍ക്കിടയിലും ഉരുത്തിരിത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K