22 February, 2021 01:19:33 PM


'കോവിഡ് ഇവരെ പിടികൂടില്ലേ?'; നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി നഗരസഭാ വികസനസെമിനാര്‍



ഏറ്റുമാനൂര്‍ : കോവിഡ് വ്യാപനം അതിശക്തമായി തുടരുമ്പോഴും നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി നഗരസഭയുടെ വികസനസെമിനാര്‍. ഇന്ന് ഏറ്റുമാനൂര്‍ ക്രിസ്തുരാജ പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ സര്‍ക്കാരിന്‍റെയും ജില്ലാ കളക്ടറുടെയും നിര്‍ദ്ദേശങ്ങള്‍ മറികടന്ന് പങ്കെടുത്തത് ഇരുന്നൂറിലധികം പേര്‍. 


പതിമൂന്നാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി ജനകീയാസൂത്രണപദ്ധതി പ്രകാരം 2021 - 2022 വര്‍ഷത്തെ വാര്‍ഷിക പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിന് നടന്ന വികസനസെമിനാറിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കപ്പെടാതെ പോയത്. സെമിനാറിനു മുന്നോടിയായി നടന്ന യോഗത്തിലും തുടര്‍ന്ന് ഭരണാധികാരികളുടെ നേതൃത്വത്തില്‍ നടന്ന ഗ്രൂപ്പ് ചര്‍ച്ചകളിലും പങ്കെടുത്തവര്‍ ഒട്ടും  സാമൂഹിക അകലം പാലിച്ചിരുന്നില്ല. ശരിയായ രീതിയില്‍ മാസ്ക് ധരിച്ചതും വളരെ കുറച്ച് പേര്‍. മാസ്ക് താഴ്ത്തിവെച്ചാണ് പലരും മുഖാമുഖമിരുന്ന് ചര്‍ച്ചകളില്‍ പങ്കെടുത്തത്.


ഹാളുകളില്‍ നടക്കുന്ന സംഗമങ്ങളില്‍ നാല്‍പതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല എന്നാണ് നിര്‍ദ്ദേശം. സെമിനാറില്‍ പങ്കെടുക്കുന്നതിന് ക്ഷണിക്കപ്പെട്ടതിന്‍പ്രകാരം എത്തിയ ആരോഗ്യവകുപ്പിന്‍റെ പ്രതിനിധി നിയന്ത്രണാതീതമായ രീതിയില്‍ ജനകൂട്ടം കണ്ട് പരിപാടിയില്‍ പങ്കെടുക്കാതെ തിരികെ പോയി. 


ഫോട്ടോ ഷൂട്ട് നടത്തിയതുള്‍പ്പെടെ ഏറ്റുമാനൂര്‍ നഗരസഭ ഇതിനുമുമ്പും കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുകയും വിവാദങ്ങലില്‍ അകപ്പെടുകയും ചെയ്തിരുന്നു. അന്ന് സെക്ടറല്‍ മജിസ്ട്രേറ്റ് ഉണ്ടായിട്ടും രാഷ്ട്രീയക്കാരല്ലേ, എന്ന പരിഗണന നല്‍കി നടപടിയെടുക്കാതെ മാറിനില്‍ക്കുകയായിരുന്നു. കോവിഡ് വ്യാപനം ശക്തമായതിനാല്‍ കഴിഞ്ഞ ആഴ്ചവരെ നഗരസഭയുടെ ആകെയുള്ള 35 വാര്‍ഡുകളില്‍ 24 വാര്‍ഡുകളും കണ്ടെയ്ന്‍മെന്‍റ് സോണിലായിരുന്നു. ഇന്ന് യോഗം നടന്ന ഹാള്‍ കണ്ടെയ്ന്‍മെന്‍റ് സോണായിരുന്ന 33-ാം വാര്‍ഡിലാണ് സ്ഥിതിചെയ്യുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K