28 February, 2021 10:21:40 PM
സിഐടിയു സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും; ചിത്രങ്ങള്‍ വൈറലാവുന്നു

കോട്ടയം: കഴിഞ്ഞ ദിവസം കോട്ടയം നഗരത്തില്‍ സിഐടിയു നേതൃത്വം നല്‍കുന്ന സംഘടന നടത്തിയ സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്‍റെ സാന്നിദ്ധ്യം വിവാദമാവുന്നു. കൊമേഴ്സ്യല്‍ ബാങ്ക് എംപ്ലോയീസ് സഹകരണ ബാങ്കിന് മുന്നില്‍ സിഐടിയു നേതൃത്വം നല്‍കുന്ന സംഘടനയായ കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ നടത്തിയ സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പുതുപ്പള്ളി മണ്ഡലം സെക്രട്ടറി ബിനീഷ് ബെന്നിയുടെ സജീവസാന്നിദ്ധ്യമാണ് ചിത്രങ്ങള്‍ സഹിതം വാട്സ് ആപ്പിലും മറ്റ് സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പിന്നാലെ സിപിഐ ഭരിക്കുന്ന ബാങ്കിനെതിരെ പ്രത്യക്ഷസമരവുമായി സിപിഎം സംഘടന രംഗത്തെത്തിയത് വിവാദമായതിന് പിന്നാലെയാണ് പുതിയ ആരോപണം. 2020 ജൂലൈ 31 ന് വിരമിച്ച സെക്രട്ടറി വിൻസി ജോർജിന്‍റെ ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നില്ലെന്നും ആരോപിച്ചാണ് സിപിഎം സംഘടന രംഗത്തെത്തിയത്. ശനിയാഴ്ച പൊതുയോഗം നടക്കുമ്പോള്‍ ബാങ്ക് ഉപരോധിച്ചുകൊണ്ട് സമരം നടത്താനെത്തിയ പ്രവര്‍ത്തകരെ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പോലീസ് തടഞ്ഞിരുന്നു.

ഇതിനിടെയാണ് സമരക്കാര്‍ക്കിടയില്‍ ബിനീഷ് ബെന്നിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. രണ്ട് വര്‍ഷം മുമ്പ് ബാങ്കില്‍ കെയര്‍ ടേക്കര്‍ എന്ന നിലയില്‍ താത്ക്കാലിക ജീവനക്കാരനായി ബിനീഷ് ജോലി ചെയ്തിരുന്നു. വീണ്ടും ജോലിയില്‍ പ്രവേശിപ്പിക്കാം എന്ന വാഗ്ദാനം നല്‍കി തെറ്റിദ്ധരിപ്പിച്ചതാകാം, ബിനീഷ് സിഐടിയു നടത്തിയ സമരത്തില്‍ പങ്കാളിയാകാന്‍ കാരണമായതെന്ന് ബാങ്ക് ഭരണസമിതിഅംഗങ്ങള്‍ സംശയിക്കുന്നു.

ശനിയാഴ്ച നടന്ന സമരത്തിന് മുമ്പ് ഫെബ്രുവരി 5ന് കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ നടത്തിയ സമരത്തിനിടയിലും ബിനീഷിന്‍റെ സാന്നിദ്ധ്യമുണ്ടായിരുന്നുവത്രേ. ഈ രണ്ട് ദിവസങ്ങളിലും സമരക്കാര്‍ക്കിടയില്‍ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയും മൊബൈല്‍ ഫോണില്‍ സംസാരിച്ചും നില്‍ക്കുന്നതുള്‍പ്പെടെയുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. ഉമ്മന്‍ചാണ്ടി എംഎല്‍എയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇയാള്‍ സിഐടിയു സമരത്തില്‍ പങ്കെടുത്തതിലെ ദുരൂഹതയും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
കഴിഞ്ഞ 52 വർഷമായി കൊമേഴ്സ്യൽ ബാങ്ക് എംപ്ലോയീസ് സഹകരണ ബാങ്കിൽ ഭരണം നിർവഹിച്ചു വരുന്നത് സിപിഐയുടെ ട്രേഡ് യൂണിയനായ ആൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ്. സിപിഐയുടെ സംഘടന നേതൃത്വം നല്‍കുന്ന ബാങ്കിനെതിരെ സിപിഎം സംഘടന സമരരംഗത്തെത്തിയത് മുന്നണിക്കുള്ളില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പിന്നാലെ നടത്തിയ ഈ സമരത്തെ സിപിഎമ്മിന്‍റെ വല്യേട്ടന്‍ മനോഭാവമായാണ് സിപിഎം പ്രവര്‍ത്തകരും കാണുന്നത്. 1500 അംഗങ്ങളുള്ള ബാങ്കില്‍ സിപിഎം അനുഭാവികളായവര്‍ക്ക് അംഗത്വം തീരെ കുറവാണ്. കൊമേഴ്സ്യല്‍ ബാങ്കിംഗ് മേഖലയിലെ ബഹുഭൂരിപക്ഷവും സിപിഐ നേതൃത്വം നല്‍കുന്ന ആൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ അംഗങ്ങളാണ്.