16 March, 2021 09:07:57 PM


ലതികയുടെ രംഗപ്രവേശം: മണ്ഡലം നിറഞ്ഞ് ഇരുമുന്നണി സ്ഥാനാര്‍ഥികളും




ഏറ്റുമാനൂർ: മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് ഏറ്റുമാനൂരിലെ ഗോദയില്‍ ഇറങ്ങുന്നതായി പ്രഖ്യാപിച്ചതോടെ ഇടതു-വലതു മുന്നണികള്‍ തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കി. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എന്‍.വാസവനും മണ്ഡലത്തിന്‍റെ മുക്കിലും മൂലയിലും ഓടിയെത്തി തുടങ്ങി.


യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് ജില്ലയിൽ എത്തിയ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ സന്ദർശിച്ച് അനുഗ്രഹവും ആശിർവാദവും വാങ്ങി. ഉച്ചയോടെ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ എത്തിയാണ് ഇദ്ദേഹം മുല്ലപ്പള്ളിയെ കണ്ടത്. ചൊവ്വാഴ്ച രാവിലെ ഏറ്റുമാനൂരിലെ വിവിധ പ്രദേശങ്ങളിൽ ഭവന സന്ദർശനത്തോടെയാണ് സ്ഥാനാർത്ഥി പര്യടന പരിപാടികൾ ആരംഭിച്ചത്. പലയിടത്തും ആവേശകരമായ സ്വീകരണമാണ് സ്ഥാനാർഥിക്ക് ലഭിച്ചത്. മരണവീടുകളിലും, പൊതുസ്ഥലങ്ങളിലും എത്തിയ സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസ് പരമാവധി ആളുകളെ നേരിൽ കാണാനാണ് സമയം ചിലഴിച്ചത്. ഇതിനിടെ വിവിധ മാധ്യമങ്ങളുടെ ഓഫീസുകളിലുമെത്തി. 


അതിരമ്പുഴക്കാർക്ക് ആവേശത്തിന്‍റെ പകല്‍ സമ്മാനിച്ചായിരുന്നു ചൊവ്വാഴ്ച വാസവന്‍റെ പര്യടനം. തിരഞ്ഞെടുപ്പ് കൺവെൻഷൻ മുതൽ ചിട്ടയായ പ്രവർത്തനങ്ങളിലേയ്ക്ക് കടന്ന അതിരമ്പുഴയിൽ ഘടക കക്ഷിയായി എത്തിയ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്‍റെ മുതിർന്ന നേതാക്കളും യുവജന പ്രവർത്തകരും വോട്ട് ഉറപ്പിക്കാൻ വാശിയോടെ മുൻ നിരയിൽ ഉണ്ടായിരുന്നു. രാവിലെ അതിരമ്പുഴ സെന്‍റ് മേരീസ് ഫെറോന പള്ളി വികാരി ഫാദർ ജോസഫ് മുണ്ടാകത്തിലിനെ സന്ദർശിച്ച ശേഷമാണ് സ്ഥാനാർഥി വ്യാപാര സ്ഥാപനങ്ങളിലും മറ്റ് പൊതു ഇടങ്ങളിലും എത്തിയത്.



ആൾകൂട്ടം ഒഴിവാക്കി അഞ്ച് പാർട്ടി പ്രവർത്തകർ മാത്രമായി സ്ഥാപനങ്ങൾ കയറുവാനാണ് തീരുമാനം എടുത്തിരുന്നെതെങ്കിലും സ്ഥാനാർത്ഥിയെ കണ്ട് നാട്ടുകാർ ചുറ്റും കൂടി. അതിരമ്പുഴയിലെ ഒരു വിഭാഗം ഓട്ടോ ഡ്രൈവർമാരും വോട്ട് ചോദിക്കാൻ ഒപ്പം കൂടി. തുടർന്ന് കുടംബ സംഗമങ്ങളിലേയ്ക്ക്. മാറിയ രാഷ്ട്രീയ കാലാവസ്ഥയിൽ പഞ്ചായത്തിൽ നിന്ന് നല്ല ഭൂരിപക്ഷം ഇടതിന് ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സ്ഥാനാര്‍ഥിയും അണികളും. സ്നേഹ ഭവൻ വൃദ്ധസദനത്തിൽ സന്ദർശനം നടത്തിയ ശേഷം മടങ്ങിയ വി.എൻ വാസവന്‍ ഉച്ചയ്ക്ക് ശേഷം ഏറ്റുമാനൂർ നഗരത്തിലായിരുന്നു പര്യടനം. കടുത്ത വേനൽ ചൂടിനെയും അവഗണിച്ച് ഉഷാറായി പ്രവർത്തകരും ഒപ്പം കൂടി. 


ഇതിനിടെ, മലയാളികളെ ഹരം കൊള്ളിച്ച നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ്  ജോസഫ് തന്‍റെ വസതിയിലെത്തിയ വി.എൻ വാസവനെ "മെഗാഹിറ്റ്" വിശേഷത്തോടെയാണ് സ്വീകരിച്ചത്. മുൻപ് വി.എൻ വാസവനെ കാണാൻ എത്തിയ കാര്യവും അന്നു മുതൽ തുടരുന്ന സൗഹൃദവും രണ്ട് പേരും പങ്ക് വെച്ചു. അടുത്തിടെ പുറത്തിറങ്ങിയ തന്‍റെ പുസ്തകം മുൻകൂർ വിജയ സമ്മാനമായി അദ്ദേഹം സ്ഥാനാർത്ഥിക്ക് കൈമാറി. തിരഞ്ഞെടുപ്പ് കാലമായതിനാൽ ഉടൻ വായിക്കാനാവില്ല, തിരക്ക് കഴിഞ്ഞാൽ തീർച്ചയായും വായിച്ച ശേഷം വിളിക്കാം എന്ന് സ്ഥാനാർഥി പറഞ്ഞപ്പോൾ, വേണ്ട നിയമസഭയിൽ എത്തി സത്യപ്രതിഞ്ജയും കഴിഞ്ഞ് വിളിച്ചാൽ മതിയെന്ന് ഡെന്നിസ് ജോസഫിന്‍റെ മറുപടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K