22 May, 2021 03:57:08 PM


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു: തിങ്കളാഴ്ച ശക്തമായ ചുഴലിക്കാറ്റിന് സാധ്യത



തിരുവനന്തപുരം: മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന്  രാവിലെ 08.30 ഓടുകൂടി ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. നാളെ (മെയ്‌ 23) രാവിലെയോടെ  ന്യൂനമർദ്ദം ശക്തിപ്പെട്ട് തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യത. ഇത് വടക്ക് - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് മെയ്‌ 24-ഓടെ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായും തുടർന്ന് അടുത്ത 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായും മാറാൻ സാധ്യത.



തുടർന്നും വടക്ക് - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മെയ്‌ 26 ന് രാവിലെ  പശ്ചിമ ബംഗാളിനും വടക്കൻ ഒഡിഷ തീരത്തിനുമിടയിൽ എത്തിച്ചേർന്നു മെയ്‌ 26 ന്  വൈകുന്നേരത്തോടെ പശ്ചിമ ബംഗാളിനും  ഒഡിഷയുടെ വടക്കൻ തീരത്തിനുമിടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


ഒമാൻ നിർദ്ദേശിച്ച 'യാസ്' എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപെടുക. മെയ് 22 മുതൽ മെയ് 24 വരെ തെക്കു കിഴക്കൻ  - മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും, ആൻഡമാൻ കടലിലും, ആൻഡമാൻ-നിക്കോബാർ ദ്വീപുകളുടെ തീരപ്രദേശങ്ങളിലും മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. നിലവിൽ ഈ പ്രദേശങ്ങളിൽ ആഴക്കടൽ മൽസ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മൽസ്യ തൊഴിലാളികൾ ഉടനെത്തന്നെ തീരത്ത് മടങ്ങിയെത്തുവാൻ നിർദേശം നൽകേണ്ടതാണ്.  


ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. കേരളത്തിൽ മെയ് 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ന്യൂനമർദ്ദ രൂപീകരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാവസ്ഥയിൽ ഉണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങൾ വരും മണിക്കൂറുകളിൽ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ന്യൂനമർദ്ദ രൂപീകരണവും അതുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാവസ്ഥയിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങളും ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K