24 May, 2021 02:02:51 PM


വാക്സിൻ സൗജന്യമായി നൽകാത്തത് എന്തുകൊണ്ട്? ; കേന്ദ്രത്തോട് ഹൈക്കോടതി



കൊച്ചി: വാക്സിൻ സൗജന്യമായി നൽകാത്തത് ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങൾ ഉയർത്തി കേരള ഹൈക്കോടതി. രാജ്യത്തെ പൗരന്മാർക്ക് എന്ത് കൊണ്ട് സൗജന്യ വാക്‌സീൻ നൽകുന്നില്ലെന്ന് കോടതി ചോദിച്ചു. ഭരണഘടനയിലെ ഫെഡറലിസം നോക്കേണ്ട സമയം ഇതല്ലേ? എല്ലാവർക്കും സൗജന്യ വാക്‌സീൻ നൽകാൻ വേണ്ടി വരുന്നത് 34,000 കോടി രൂപയാണ്. 54,000 കോടി രൂപ അധിക ലാഭവിഹിതമായി റിസർവ് ബാങ്ക് സർക്കാരിനു നൽകിയിട്ടുണ്ട്. ഈ തുക സൗജന്യമായി വാക്‌സീൻ വിതരണത്തിന് ഉപയോഗിച്ചു കൂടെയെന്നും കോടതി ചോദിച്ചു.


വിഷയം നയപരമായ കാര്യമാണെന്നും മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്ര സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ മറുപടി നൽകി. വാക്സീൻ നയം മാറിയതോടെ വാക്സീൻ ലഭിക്കുന്നവരുടെ എണ്ണം കുറഞ്ഞതായി ഹർജിക്കാർ പരാതിപ്പെട്ടു.

ജുഡീഷ്യൽ ഓഫിസർമാരെയും കോടതി ജീവനക്കാരെയും എന്തുകൊണ്ടാണ് മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താത്തത് എന്നു സംസ്ഥാന സർക്കാരിനോടു കോടതി ചോദിച്ചു. കോവിഡ് വ്യാപനത്തിന് ഇടയിലും ലോക്ഡൗണിലും കോടതികൾ പ്രവർത്തിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന  സർക്കാർ ബുധനാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് അറിയിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും. വാക്സിൻ നിർമാണത്തിന് കെഎസ് ഡിപി അടക്കമുള്ളവർക്ക് അനുമതി നൽകണമെന്നതടക്കമുള്ള പൊതുതാൽപ്പര്യ ഹർജികയാണ് ഡിവിഷൻ ബഞ്ച് പരിഗണിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K