08 June, 2021 02:09:48 PM


ജോണ്‍ ബ്രിട്ടാസും ഡോ. വി ശിവദാസനും രാജ്യസഭാ എം പിമാരായി സത്യപ്രതിജ്ഞ ചെയ്തു



ദില്ലി: കേരളത്തിൽ നിന്നുള്ള രാജ്യസഭാ എം പിമാരായി ജോണ്‍ ബ്രിട്ടാസും ഡോ. വി ശിവദാസനും സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭയിൽ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ മുന്നിലാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്‌തത്‌. കേരളത്തില്‍ നിന്നും രാജ്യസഭാ അംഗമാകുന്ന ആദ്യ ദൃശ്യ മാധ്യമ പ്രവര്‍ത്തകനാണ് ജോണ്‍ ബ്രിട്ടാസ്. മൂന്നു പതിറ്റാണ്ടിലേറെയായി ഇടതുപക്ഷ മാധ്യമപ്രവർത്തനത്തിന്റെ പരിചിതമുഖമാണ് ബ്രിട്ടാസ്. ഇരുപത്തിരണ്ടാം വയസ്സിൽ ദേശാഭിമാനി ലേഖകനായാണ് ബ്രിട്ടാസ് ഡൽഹിയിലെത്തിയത്. രാജ്യതലസ്ഥാനത്ത് ജോലി തുടങ്ങിയ ബ്രിട്ടാസ് ആദ്യം റിപ്പോർട്ട്‌ ചെയ്തത് രാജ്യസഭയാണ്.


സമരാനുഭവങ്ങളുടെ ഉൾക്കരുത്തുമായാണ് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വി ശിവദാസൻ രാജ്യസഭയിലേക്ക് എത്തുന്നത്. പാല ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായി വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായ ശിവദാസൻ സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റുവരെയായി. രാജ്യത്തെ മൂന്ന് സംസ്ഥാനത്ത്‌ തടവിലിടപ്പെട്ട വിദ്യാർഥി നേതാവാണ് ശിവദാസൻ. അതേസമയം ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന്, പി വി അബ്ദുള്‍ വഹാബ് ഇന്ന് എം പിയായി സത്യപ്രതിജ്ഞ ചെയ്തില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K