13 June, 2021 01:36:38 PM
ചീരഞ്ചിറ സ്വദേശി യുവഎഞ്ചിനിയറും പിഞ്ചുമകനും യുഎസില്‍ കടലിൽ മുങ്ങി മരിച്ചു

ഫ്ലോറിഡ: മലയാളിയായ യുവ എഞ്ചിനിയറും പിഞ്ചുമകനും യുഎസിലെ കടലിൽ മുങ്ങി മരിച്ചു. ചീരഞ്ചിറ സ്വദേശി ജാനേഷ് (37), മകൻ ഡാനിയൽ (3) എന്നിവർ മരിച്ചു എന്ന വിവരമാണ് ബന്ധുക്കൾക്ക് ലഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
ചീരഞ്ചിറ പുരയ്ക്കൽ പരേതനായ ബേബി മാത്യുവിന്റെയും മേരിക്കുട്ടിയുടെയും മകനായ ജാനേഷ് ഐടി എഞ്ചിനിയറാണ്. വെള്ളിയാഴ്ച ജോലി കഴിഞ്ഞെത്തിയ ശേഷം മകനുമായി അപ്പോളോ ബീച്ചിലെത്തിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ച മറ്റൊരാളും അപകടത്തിൽപ്പെട്ടുവെന്നും വിവരമുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങള്‍ ലഭിച്ച് വരുന്നതേയുള്ളു.
ഫ്ലോറിഡയിലെ ടാംപയിൽ കുടുംബസമേതം കഴിയുകയായിരുന്നു ജാനേഷ്. ഭാര്യ അനീറ്റ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് സൂപ്രണ്ടാണ്. മരിച്ച ഡാനിയലിനെ കൂടാതെ എട്ട് മാസം പ്രായമുള്ള ഒരു മകൻ കൂടിയുണ്ട്. പഠനത്തിനായി അമേരിക്കയിലെത്തിയ ജാനേഷ്, ജോലി ലഭിച്ച ശേഷം അവിടെ തന്നെ താമസമാക്കുകയായിരുന്നു. 2019 ലാണ് അവസാനമായി നാട്ടിലെത്തി മടങ്ങിയത്.





