18 June, 2021 08:47:07 PM


കടുത്തുരുത്തി ബൈപ്പാസ്: ലാന്‍റ് സ്പാനിന്‍റെ കോൺക്രീറ്റിംഗ് പൂർത്തീകരിച്ചു


കടുത്തുരുത്തി: കോട്ടയം - എറണാകുളം സംസ്ഥാന പാതയിൽ നിർമ്മിക്കുന്ന കടുത്തുരുത്തി ടൗൺ ബൈപ്പാസ് റോഡിന്‍റെ നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി ലാന്‍റ് സ്പാനിന്‍റെ കോൺക്രീറ്റിംഗ് പൂർത്തീകരിച്ചു.  അഡ്വ. മോൻസ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥ സംഘം ബൈപ്പാസ് റോഡിന്‍റെ നിർമ്മാണ ജോലികളുടെ    വിലയിരുത്തൽ നടത്തുകയുണ്ടായി. 


കടുത്തുരുത്തി - ആലപ്പുഴ തീരദേശറോഡിന് മുകളിലൂടെ കടന്ന് പോകുന്ന ബൈപ്പാസ് ഭാഗമാണ് ഇന്ന് കോൺക്രീറ്റിംഗ് നടത്തിയത്. 11 മീറ്റർ വീതിയിലും, 10.30 മീറ്റർ നീളത്തിലും, 3.9 മീറ്റർ ഉയരവും പാലിച്ച് കൊണ്ടാണ് ലാന്റ് സ്പാൻ തീരദേശ റോഡിൽ നിർമ്മിച്ചിരിക്കുന്നത്. വലിയ തോടിന് കുറുകെയുള്ള രണ്ട് സ്പാനുകളുടെ നിർമ്മാണമാണ് ഇനി നടക്കേണ്ടത്. 3 മാസത്തിനുള്ളിൽ ഇതിന്റെ കോൺക്രീറ്റിംഗ് നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതോട് കൂടി വലിയ തോടിന് കുറുകെയുള്ള സമാന്തര പാലത്തിന്‍റെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുന്നതാണ്. ബൈപ്പാസ് റോഡിൽ ചുള്ളിത്തോടിന് കുറുകെയുള്ള പാലത്തിന്റെ നിർമ്മാണം നേരത്തെ പൂർത്തീകരിച്ചിട്ടുള്ളതാണ്.

    ബൈപ്പാസിന്റെ വിവിധ റോഡ് റീച്ചുകളുടെ  കണക്ടിവിറ്റിയാണ് തുടർന്ന് നടക്കാനുള്ളത്. ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിനും ബൈപ്പാസ് റോഡ് നിർമ്മാണം പൂർത്തീകരിക്കുന്നത് സംബന്ധിച്ച് ആവശ്യമായ അന്തിമ നടപടികൾ കൈക്കൊള്ളുന്നതിനും വേണ്ടി പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പ്രത്യേക യോഗം ഉടനെ വിളിച്ച് ചേർക്കുമെന്ന്  മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. കടുത്തുരുത്തി ബൈപ്പാസ് നിർമ്മാണ പൂർത്തീകരണത്തിന് വേണ്ടി തുടർച്ചയായ മോണിറ്ററിംഗ് എപ്പോഴും നടത്തി വരുകയാണെന്നും  എം.എൽ.എ അറിയിച്ചു . 
   പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം കോട്ടയം എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. ശ്രീലേഖ, കടുത്തുരുത്തി അസ്സി. എക്സിക്യൂട്ടീവ് എഞ്ചിനീയർ രഞ്ജു ബാലൻ, അസ്സി. എൻജിനീയർ സജീവ് കുമാർ, മറ്റ് പ്രധാന ഉദ്യോഗസ്ഥരും ബൈപ്പാസ് റോഡ് നിർമ്മാണ ചർച്ചയിലും, വിലയിരുത്തലിലും എം.എൽ.എയോടൊപ്പം പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K