24 June, 2021 06:24:18 PM


ഗര്‍ഭപാത്രമില്ലാതെ ജനിച്ച യുവതി ആരോഗ്യവതിയായ പെണ്‍കുഞ്ഞിന് ജന്മം നല്‍കി




ന്യൂയോര്‍ക്ക്: അമ്മയാകാന്‍ ഒരിക്കലും കഴിയില്ല എന്നും കരുതിയ യുവതി ഒരു കുഞ്ഞിനു ജന്മം നല്‍കി.യുഎസിലെ യൂട്ടയിലാണ് അസാധാരണമായ ഈ സംഭവം. ഗര്‍ഭപാത്രമില്ലാതെ ജനിച്ച അമന്‍ഡ എന്ന യുവതിയാണ് പൂര്‍ണ ആരോഗ്യവതിയായ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.


പതിനാറ് വയസ്സായിട്ടും ആര്‍ത്തവമാകാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അമന്‍ഡയ്ക്ക് ഗര്‍ഭപാത്രമില്ലെന്ന വിവരം അമന്‍ഡയും കുടുംബവും അറിയുന്നത്. വിവാഹം കഴിച്ചെങ്കിലും വേര്‍പരിഞ്ഞു. വിവാഹ മോചിതയായ അമന്‍ഡയ്ക്ക് അമ്മയാകുക എന്നത് തന്റെ സ്വപ്നമായിരുന്നു. ഗര്‍ഭാശയ മാറ്റിവെക്കല്‍(ട്രാന്‍സ്പ്ലാന്റേഷന്‍) നടത്തിയാണ് മുപ്പത്തിരണ്ടുകാരിയായ അമാന്‍ഡ കുഞ്ഞിന് ജന്മം നല്‍കിയത്. സുഹൃത്താണ് അമന്‍ഡയോട് ഈ രീതി പരീക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചത്.


ഇതിനായി സുഹൃത്തുക്കളും അമ്മയും അമന്‍ഡയ്‌ക്കൊപ്പം നിന്നു. അമ്മയുടെ ഗര്‍ഭപാത്രമാണ് അമന്‍ഡയുടെ ശരീരത്തില്‍ തുന്നിച്ചേര്‍ത്തത്. ശസ്ത്രക്രിയയെ തുടര്‍ന്ന്, ഐവിഎഫ് (ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍) പ്രക്രിയയിലൂടെ ഗര്‍ഭം ധരിച്ചു. അതുവഴി 6 പൗണ്ട് 11ഔണ്‍സ് (ഏകദേശം മൂന്ന് കിലോ) തൂക്കമുള്ള പെണ്‍കുഞ്ഞിനാണ് അമന്‍ഡ ജന്മം നല്‍കിയത്. ഗ്രേസ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K