15 July, 2021 06:08:58 PM


യൂറോ കപ്പ് കളി കാണാൻ കളളം പറഞ്ഞ് ലീവെടുത്ത യുവതിയുടെ ജോലി തെറിച്ചു



വെംബ്ലി: യൂറോ 2020 ചാമ്പ്യൻഷിപ്പ് മത്സരം കാണാന്‍ അവധിയെടുത്ത ഇംഗ്ലണ്ടിലെ ഒരു ഫുട്ബോൾ ആരാധികയ്ക്ക് ജോലി നഷ്ടപ്പെട്ടു. കഴിഞ്ഞയാഴ്ച വെംബ്ലി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടും ഡെൻമാർക്കും തമ്മിലുള്ള യൂറോ കപ്പ് സെമി ഫൈനൽ മത്സരം കാണുന്നതിന് ഓഫീസിൽ നിന്ന് ലീവെടുത്ത നീന ഫാറൂഖി എന്ന യുവതിയുടെ ജോലിയാണ് തെറിച്ചത്. ഓഫീസിൽ ജീവനക്കാർ കുറവായതിനാൽ മാനേജ്‌മെന്റിനോട് സത്യം പറഞ്ഞാൽ അവധി ലഭിക്കില്ലെന്ന് അറിയാവുന്നത് കൊണ്ട് സിക്ക് ലീവെടുത്താണ് കളി കാണാൻ പോയത്. എന്നാൽ മത്സരത്തിന്‍റെ ലൈവ് ദ്യശ്യങ്ങളിൽ നീന പ്രത്യക്ഷപ്പെട്ടതോടെ കമ്പനി നീനക്കെതിരെ നടപടി എടുക്കുകയായിരുന്നു.


സിക്ക് ലീവെടുത്ത് സുഹൃത്തിനൊപ്പമാണ് നീന കളി കാണാൻ സ്റ്റേഡിയത്തിലെത്തിയത്. കളിയുടെ ആദ്യ പകുതിയിൽ ഇംഗ്ലണ്ട് സമനില ഗോൾ നേടിയപ്പോൾ നീന വെംബ്ലിയിൽ 60,000ത്തിലധികം കാണികൾക്കൊപ്പം ആഹ്ളാദപ്രകടനത്തിൽ അണി ചേർന്നു. നീനയും കൂട്ടുകാരിയും ഗോൾ നേട്ടം ആഘോഷിക്കുന്നത് ചാനലുകാർ ടെലിവിഷനിൽ പകർത്തി. ക്യാമറ അവരെ സൂം ഇൻ ചെയ്യുകയും അവരുടെ മുഖം ലക്ഷക്കണക്കിന് കാഴ്ചക്കാർക്ക് ദൃശ്യമാവുകയും ചെയ്തു.


ഇതേ ആരവക്കാരുടെ ഒരു സ്ക്രീൻഷോട്ട് ടെലിവിഷൻ അവതാരക സ്റ്റേസി ഡൂലി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കിട്ടിരുന്നു. സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് നീന തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലും ചിത്രം പോസ്റ്റുചെയ്‌തു. എന്നാൽ നീനയുടെ സന്തോഷം അധിക സമയം നീണ്ടു നിന്നില്ല. വെസ്റ്റ് യോർക്ക്ഷയർ ആസ്ഥാനമായുള്ള ഡെക്കിംഗ് ആൻഡ് ക്ലാഡിംഗ് കമ്പനിയായ കോമ്പോസിറ്റ് പ്രൈമിന്റെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസറായിരുന്ന നീനയുടെ ജോലി ഇതോടെ തെറിച്ചു.

മത്സരശേഷം ലണ്ടനിൽ നിന്ന് ബ്രാഡ്‌ഫോർഡിലേക്ക് മടങ്ങുന്നതിനിടെയാണ് നീനയെ പിരിച്ചുവിട്ട വിവരം കമ്പനി അധികൃതർ അറിയിക്കുന്നതെന്ന് ദി ടെലിഗ്രാഫിനോട് സംസാരിച്ച നീന പറഞ്ഞു. മത്സരത്തിനിടെ ഗ്യാലറിയിൽ തന്നെ കണ്ടതായി ബോസ് അറിയിച്ചതായും നീന കൂട്ടിച്ചേർത്തു. ജോലിയിൽ നിന്ന് പുറത്താക്കുന്നത് ഓഫീസ് മാനേജ്‌മെന്റിന്റെ തീരുമാനമാണെന്നും താൻ ചെയ്തതിന്റെ അനന്തര ഫലമായാണ് അവർ ഇങ്ങനെ ഒരു നടപടി സ്വീകരിച്ചതെന്നും നീന എന്ന 37 കാരി പറഞ്ഞു. ജോലി നഷ്ടപ്പെട്ടതിൽ വിഷമമുണ്ടെങ്കിലും ചരിത്രപരമായ ഈ മത്സരം നേരിട്ട് കാണാനായതിൽ സന്തോഷമുണ്ടെന്നും നീന പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K