26 October, 2021 05:39:43 PM


പദ്ധതികൾ മുടങ്ങുന്നു: ഏറ്റുമാനൂർ നഗരസഭയിൽ പ്രതിഷേധസമരങ്ങളുടെ പരമ്പര



ഏറ്റുമാനൂർ: പദ്ധതികൾ ഒന്നും പ്രവർത്തികമാകാതെ മുടങ്ങുന്ന അവസ്ഥ സംജാതമായതോടെ ഏറ്റുമാനൂർ നഗരസഭ പ്രതിഷേധസമരങ്ങളുടെ വിളനിലമാകുന്നു. എൽ.ഡി.എഫ്. കൗൺസിലർമാരുടെ സമരങ്ങൾ സ്ഥിരമായി മാറി നഗരസഭയില്‍. കഴിഞ്ഞ ദിവസവും ഇവിടെ കൗൺസിൽ യോഗം ബഹിഷ്കരിക്കലും ധർണ്ണയും നടന്നിരുന്നു.

പദ്ധതി കാലാവധി തീരാൻ ഇനി മൂന്നു മാസം മാത്രമാണുള്ളത്. ഇതിനിടെ 146  പദ്ധതികളിൽ 46 എണ്ണത്തിന് മാത്രമാണ് സാങ്കേതികനുമതി ലഭിച്ചത്. ഇത് ഭരണ സമിതിയുടെയും എഞ്ചിനിയറിങ് വിഭാഗത്തിന്റെയും ഗുരുതര വീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. നിർദ്ധന രോഗികൾക്ക് മരുന്നുകൾ വിതരണം ചെയ്യുന്ന പദ്ധതിയുണ്ടെങ്കിലും ഫണ്ട് എവിടെയെന്നുപോലും അറിയില്ല. നഗരത്തിലെ റോഡുകൾ മുഴുവൻ തകർന്നു. വഴിവിളക്കുകൾ കത്തുന്നില്ല. ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാൻ പോലും ആരുമില്ലാത്ത അവസ്ഥയാണുള്ളതെന്നും എൽ.ഡി.എഫ്. അംഗങ്ങള്‍ ആരോപിക്കുന്നു. 

35 അംഗ ഭരണസമിതിയിൽ രണ്ട് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെയാണ് യു. ഡി.എഫ് .ഭരണം നടത്തുന്നത്. എന്നാൽ പദ്ധതി നിർവഹണം പരാജയപ്പെട്ടിട്ടുണ്ടെങ്കിൽ എൽ ഡി എഫ് അംഗങ്ങൾക്കും പങ്കുണ്ടെന്നാണ് യു ഡി എഫ് കൗൺസിലർമാരുടെ വാദം. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എൽ ഡി എഫ് പ്രതിനിധിയാണ്. മറ്റ് സ്ഥിരം സമിതികളിലും എല്‍ഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാരുടെ പങ്കാളിത്തമുണ്ട്. അപ്പോൾ പ്രശ്നങ്ങൾക്ക് കൂട്ടുത്തരവാദിത്തം ആണെന്നുള്ളത് തള്ളിക്കളയാനാവില്ലെന്നും ഇവർ ചൂണ്ടികാട്ടുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K