31 October, 2021 08:56:32 PM


ജില്ലാപ്രവേശനോത്സവം കാണക്കാരിയിൽ: കോവിഡ് മാനദണ്ഡമനുസരിച്ച് ക്ലാസുകൾ



കോട്ടയം: കോവിഡ് വ്യാപനത്തെത്തുടർന്ന് താത്കാലികമായി അടച്ച ജില്ലയിലെ സ്‌കൂളുകൾ കേരളപ്പിറവി ദിനമായ നാളെ തുറക്കും. എട്ട്, ഒമ്പത്, പ്ലസ് വൺ ക്ലാസുകളൊഴിച്ച് മറ്റുള്ള ക്ലാസുകളാണ് ഇന്നാരംഭിക്കുന്നത്. വിദ്യാർഥികളെ വരവേൽക്കാൻ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂളുകൾ ഒരുങ്ങിയതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. ജില്ലയിലെ 912 സ്‌കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ 1,58,683 വിദ്യാർഥികളാണുള്ളതെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ  എൻ. സുജയ പറഞ്ഞു. 134 സ്‌കൂളുകളിലായി പ്ലസ് ടുവിന് 22,000 വിദ്യാർഥികളാണുള്ളതെന്ന് ഹയർ സെക്കൻഡറി ജില്ലാ കോ-ഓർഡിനേറ്റർ പി.കെ. അനിൽകുമാർ പറഞ്ഞു. 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അഞ്ചു കോടി രൂപ ചെലവിൽ ജില്ലയിലെ ഏഴു സ്‌കൂളുകളും മൂന്നു കോടി രൂപ ചെലവിൽ രണ്ടു സ്‌കൂളുകളും ഒരു കോടി രൂപ ചെലവിൽ എട്ടു സ്‌കൂളുകളും നവീകരിക്കുകയും അത്യാധുനിക സൗകര്യങ്ങളുള്ള കെട്ടിടങ്ങൾ ഒരുക്കുകയും ചെയ്തതായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ.ജെ. പ്രസാദ് പറഞ്ഞു. ക്ലാസ് മുറികളുടെ അണുനശീകരണവും സ്‌കൂൾ പരിസരം, കിണറുകൾ, സംഭരണികൾ, ടോയ്ലെറ്റുകൾ എന്നിവയുടെ ശുചീകരണവും പൂർത്തീകരിച്ചിരുന്നു. ആരോഗ്യവകുപ്പ് ഡോക്ടർ ഓൺ കോൾ സേവനം എല്ലാ സ്‌കൂളുകളിലും സജ്ജമാക്കിയിട്ടുണ്ട്.

സ്‌കൂളുകൾ പ്രവർത്തിക്കുന്ന സ്ഥലത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഡോക്ടറുടെയും കൗൺസിലറുടേയും സേവനം, കോവിഡ് വാക്സിനേഷൻ, ആംബുലൻസ് സഹായങ്ങൾ എന്നിവ സ്‌കൂളുകൾക്ക് ലഭിക്കും. വാക്സിൻ ലഭിക്കേണ്ട അധ്യാപകർക്കും അനധ്യാപകർക്കും വാക്സിൻ ലഭ്യമാക്കും. സ്‌കൂൾ പരിസരത്തെ കടകളിൽ ലഹരി വസ്തുക്കളുടെ വില്പന തടയുന്നതിനായി പൊലീസ് - എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഏർപ്പെടുത്തി. 

കോവിഡ് മാനദണ്ഡമനുസരിച്ചായിരിക്കും വിദ്യാർഥികളെ ക്ലാസിൽ പ്രവേശിപ്പിക്കുന്നത്. സാമൂഹിക അകലം ഉറപ്പാക്കും. അധ്യാപകരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ പരിപാടിയും നടത്തിയിരുന്നു. 

സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ജില്ലാതല പ്രവേശനോത്സവം നവംബർ 1ന്  രാവിലെ 10ന് കാണക്കാരി ഗവൺമെന്റ് ഹയർസെക്കൻഡറി-വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണവും നവീകരിച്ച വായനമുറി ഉദ്ഘാടനവും നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അവാർഡ് വിതരണം നിർവഹിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K