01 November, 2021 05:58:21 PM


സൗഹൃദത്തിന്‍റെ പുത്തന്‍ രീതികള്‍ വിദ്യാര്‍ത്ഥികള്‍ ശീലിക്കണം - മന്ത്രി വി.എൻ. വാസവൻ



കോട്ടയം: കോവിഡാനന്തര കാലമെന്ന പുതിയ അദ്ധ്യായമാണ് വിദ്യാർഥികൾക്കു മുമ്പിൽ തുറക്കപ്പെട്ടിരിക്കുന്നതെന്നും സൗഹൃദത്തിന്‍റെ പുത്തൻ രീതികൾ വിദ്യാർഥികൾ ശീലിക്കണമെന്നും മന്ത്രി വി.എൻ. വാസവൻ. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കുവാന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഒന്നുപോലെ തയ്യാറാവണം. പഠനം മികവുറ്റതാക്കാൻ സ്‌കൂളുകൾക്കും വിദ്യാർഥികൾക്കും സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു. കാണക്കാരി ഗവൺമെന്‍റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന കോട്ടയം ജില്ലാതല സ്കൂള്‍ പ്രവേശനോത്സവം ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.


ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഓൺലൈനിലൂടെ മുഖ്യപ്രഭാഷണം നടത്തി. നവീകരിച്ച വായനാമുറിയുടെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനു മനോജ് സ്‌കൂൾ മാഗസിൻ പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ആർ. പത്മകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. സുജയ, വി.എച്ച്.എസ്.സി. അസിസ്റ്റന്‍റ് ഡയറക്ടർ ലിജി ജോസഫ്, കടുത്തുരുത്തി ഡി.ഇ.ഒ. ടി. രാജു,  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ കെ.ജെ. പ്രസാദ്, കുറവിലങ്ങാട് എ.ഇ.ഒ. ഇ.എസ്. ശ്രീലത എന്നിവർ പങ്കെടുത്തു. 



മുട്ടമ്പലം ഗവൺമെന്റ് യു.പി.എസിൽ നടന്ന പ്രവേശനോത്സവം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K