09 November, 2021 11:31:12 AM


'റീന പോൾ' എന്ന 'പാലാക്കാരൻ ചേട്ടൻ' അറസ്റ്റിൽ; പ്രതി കുറ്റക്കാരനല്ലെന്ന് പാലാ എംഎൽഎ



കോട്ടയം: പാൽക്കാരൻ പാലാ, പാലാക്കാരൻ ചേട്ടൻ, റീന പോൾ, തോമസ് മാത്യു തുടങ്ങിയ വ്യാജ ഫേസ്ബുക്ക് പേജുകളിലൂടെ രാഷ്ട്രീയ സാമൂഹിക നേതാക്കൾക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയ കേസിൽ ദീർഘനാളായി ഒളിവിൽ കഴിഞ്ഞിരുന്ന പാലാ സ്വദേശി സഞ്ജയ് സഖറിയയെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം സഞ്ജയ് കുറ്റക്കാരനല്ലെന്നും ഇയാൾക്കെതിരെയുള്ള കേസിനെ നിയമപരമായി നേരിടുമെന്നും പാലാ എം.എൽ.എ മാണി.സി കാപ്പൻ വ്യക്തമാക്കി.

കഴിഞ്ഞ ഒരു വർഷത്തിലേറെയായി മുൻമന്ത്രി പരേതനായ കെ.എം മാണി, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ്.കെ മാണി, തോമസ് ചാഴികാടൻ എം.പി എന്നിവരെയും കുടുംബാംഗങ്ങളെയും സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അശ്ലീലകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തതിൽ ഇയാൾക്കെതിരെ പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. 

ഈ സമയം ഒളിവിൽ പോയ സഞ്ജയ് സഖറിയ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. വിശദമായ വാദം കേട്ട കോടതി കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു. തുടർന്ന് എഫ് ഐ ആർ ക്യാൻസലാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇതോടെ  പ്രതി പൊലീസിൽ കീഴടങ്ങുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻമന്ത്രി എംഎം മണി, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർക്കെതിരെയും സഞ്ജയ് സഖറിയ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിരുന്നു. പ്രതി ചങ്ങമ്പുഴ ഇടപ്പള്ളി ഓട്ടോമേഷൻ കമ്പനിയുടെ ഡയറക്റ്റർമാരിൽ ഒരാൾ ആയിരിക്കെ അയാളുടെ ഔദ്യോഗിക വാട്സ്ആപ്പ് നമ്പർ ഉപയോഗിച്ചും വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിൽ അശ്ലീലകരമായതും അപകീർത്തിപരമായതുമായ   പരാമർശങ്ങളും മറ്റും നടത്തിയിട്ടുണ്ടെന്നും കേസുണ്ട്.

കസ്റ്റഡിയിലായ പ്രതിയുടെ ഫോണിൽ നിന്നും മെമ്മറി കാർഡ്, സിം കാർഡ് കാർഡ്, തുടങ്ങിയവ നീക്കം ചെയ്തതായി പരിശോധനയിൽ വ്യക്തമായെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ പാലാ എസ് എച്ച് ഒ  കെ പി തോംസൺ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കും. അതേസമയം കൂടെയുള്ളവർക്കു നീതി ലഭ്യമാക്കാൻ ഏതറ്റം വരെയും പോകുമെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ പറയുന്നു. സഞ്ജയ് സഖറിയാസിനെതിരെ പോലീസ് കള്ളക്കേസ് ചമച്ചിരിക്കുന്നുവെന്നു ബോധ്യമുള്ളതിനാലാണ് പൊലീസ് സ്റ്റേഷനിൽ പോയതെന്നും എം എൽ എ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് തനിക്കു വേണ്ടി പ്രവർത്തിച്ച ആളാണ് സഞ്ജയ്. പൊലീസ് എടുക്കുന്ന എല്ലാ കേസും ശരിയാവണമെന്നില്ല. ചില പൊലീസുകാർ രാഷ്ട്രീയ സ്വാധീനങ്ങൾക്കു വഴങ്ങാറുണ്ടെന്നത് സത്യമാണെന്നും കൂടെ നിൽക്കുന്നവർക്കു നീതി ലഭ്യമാക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറാണെന്നും എംഎൽഎ വ്യക്തമാക്കി. നിയമത്തിനും നീതിക്കും ന്യായത്തിനും വേണ്ടിയാവണം പൊലീസ് പ്രവർത്തിക്കേണ്ടതെന്നും കേസിനെ നിയമപരമായി നേരിടുമെന്നും  മാണി സി കാപ്പൻ കൂടിച്ചേർത്തു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K