17 June, 2016 10:04:14 PM


മാക്സ് ലൈഫും ഫിനാന്‍ഷ്യല്‍ സര്‍വീസും എച്ച്‌ഡിഎഫ്സി സ്റ്റാന്‍ഡേഡ് ലൈഫില്‍ ലയിക്കുന്നു

ദില്ലി: മാക്സ് ലൈഫ്, മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്നീ ഇന്‍ഷുറന്‍സ് കമ്പനികള്‍ എച്ച്‌ഡിഎഫ്സി സ്റ്റാന്‍ഡേഡ് ലൈഫില്‍  ലയിക്കുന്നു. ഇന്ത്യയിലെ ഇന്‍ഷുറന്‍സ് രംഗത്തു നടക്കുന്ന ഏറ്റവും വലിയ ലയനമാണിത്. ലയനശേഷമുള്ള കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി ഒരു ലക്ഷം കോടിയിലേറെ രൂപയായിരിക്കും. സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് മാത്രമാണു നിലവില്‍ ഒരു ലക്ഷം കോടി രൂപ കടന്നിട്ടുള്ളത്.


എച്ച്‌ഡിഎഫ്സിക്ക് 61.63%, ബ്രിട്ടീഷ് കമ്പനിയായ സ്റ്റാന്‍ഡേഡ് ലൈഫിന് 35% എന്നിങ്ങനെ ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമാണ് എച്ച്‌ഡിഎഫ്സി സ്റ്റാന്‍ഡേഡ് ലൈഫ്. മാക്സ് ഫിനാന്‍ഷ്യലിന് 68%, ജാപ്പനീസ് കമ്പനിയായ മിത്സുയി സുമിടോമോയ്ക്ക് 26% എന്നിങ്ങനെ ഓഹരിയുള്ള കമ്പനിയാണ് മാക്സ് ലൈഫ്.

ലയനശേഷമുള്ള കമ്പനിയുടെ വാര്‍ഷിക പ്രീമിയം വരുമാനം 26000 കോടി രൂപയായിരിക്കും. പൊതുമേഖലാ സ്ഥാപനമായ എല്‍ഐസി അടക്കം 24 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളാണ് രാജ്യത്തുള്ളത്. 70% വിപണിവിഹിതം എല്‍ഐസിക്കാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K