02 December, 2021 01:52:34 PM


കുരുതിക്കളമായി ഏറ്റുമാനൂര്‍ - മണര്‍കാട് ബൈപാസ് റോഡ്: പൊലിഞ്ഞത് ഏഴ് ജീവന്‍



ഏറ്റുമാനൂര്‍: ആധുനികരീതിയില്‍ നവീകരിക്കപ്പെട്ട മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസ് റോഡ് കുരുതിക്കളമായി മാറുന്നു. അപകടങ്ങള്‍ നിത്യസംഭവമായ റോഡില്‍ കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ പത്തോളം ജീവനുകളാണ് പൊലിഞ്ഞുവീണത്. ഇതില്‍ എട്ടെണ്ണവും ഏറ്റുമാനൂര്‍ നഗരസഭാ അതിര്‍ത്തിയില്‍ പൂവത്തുംമൂടിനും പാറകണ്ടത്തിനും ഇടയില്‍. ഏറ്റുമാനൂരില്‍ പഴയ പേരൂര്‍ റോഡാണ് ബൈപാസ് റോഡ് ആയി മാറിയത്. ഇതില്‍ മൂന്ന് പേര്‍ മരിച്ചത് കണ്ടംചിറ കവലയ്ക്ക് സമീപവും മൂന്ന് പേരുടെ മരണം സംഭവിച്ചത് ചെറുവാണ്ടൂര്‍ വായനശാല ജംഗ്ഷനു സമീപവുമായിരുന്നു.


ബൈപാസായി രൂപാന്തരം പ്രാപിച്ച റോഡ് നാട്ടുകാര്‍ക്കായി തുറന്നുകൊടുത്തശേഷം ഈ മേഖലയില്‍ അന്ത്യം സംഭവിച്ച ഏഴാമത്തെയാളാണ് കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്നലെ മരണത്തിന് കീഴടങ്ങിയ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ആദില്‍ കെ ബിജു. മംഗളം എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ ആദില്‍ സൃഹൃത്തിന്‍റെ ബൈക്കില്‍ പിന്നിലിരുന്ന് സഞ്ചരിക്കവെ ടാങ്കര്‍ലോറിടിച്ചായിരുന്നു അപകടം. പിന്നില്‍നിന്ന് ലോറിയിടിച്ചതിന്‍റെ ആഘാതത്തില്‍ തെറിച്ചുവീണത് എതിര്‍വശത്തുനിന്നും വന്ന ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറിയുടെ കീഴിലേക്ക്.


2019 മാര്‍ച്ച് നാലിനായിരുന്നു നാടിനെയാകെ ദുഖത്തിലാഴ്ത്തിയ അപകടം പേരൂര്‍ കണ്ടഞ്ചിറ കവലയ്ക്ക് സമീപം നടന്നത്. അന്ന് അമിതവേഗതയില്‍ എത്തിയ കാറിടിച്ച് ജീവന്‍ പോലിഞ്ഞത് വഴിയാത്രക്കാരായ അമ്മയുടെയും രണ്ട് മക്കളുടെയും. കാവുംപാടം കോളനി നിവാസികളായിരുന്ന ലെജി (45), അന്നു (20), നൈനു (17) എന്നിവരാണ് ആ അപകടത്തില്‍ മരിച്ചത്. 2020 ഫെബ്രുവരി 8ന് ബൈപാസ് ആയി മാറിയ പഴയ പേരൂര്‍ റോഡില്‍ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികനായ കിടങ്ങൂര്‍ സ്വദേശി സജികുമാര്‍ (46) മരണമടഞ്ഞു.


2019 ഒക്ടോബര്‍ 20നാണ് ചെറുവാണ്ടൂര്‍ വായനശാല ജംഗ്ഷനുസമീപം പെട്ടി ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ തിരുവഞ്ചൂര്‍ സ്വദേശി കെ.എസ്. അനന്തു (18) മരണമടഞ്ഞത്. ഈ അപകടം നടന്ന സ്ഥലത്തിന് എതാനും മീറ്ററുകള്‍ മാത്രം മാറിയാണ് കഴിഞ്ഞ ഫെബ്രുവരി 14ന് ചെറുവാണ്ടൂര്‍ വള്ളോംകുന്നേല്‍ ജോയിയുടെ ഭാര്യ സാലി (46)യുടെ ജീവനെടുത്ത അപകടവും നടന്നത്. ചെറുവാണ്ടൂര്‍ പള്ളികവലയില്‍ മകളോടൊപ്പം റോഡ് മുറിച്ചുകടക്കവെ പേരൂര്‍ ഭാഗത്തുനിന്ന് വന്ന മാരുതി ഓള്‍ട്ടോ കാര്‍ സാലിയെയും ആറ് വയസുള്ള ദത്തുപുത്രി ജുവലിനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ഒരാഴ്ചമുമ്പ് മാത്രം ദത്തെടുത്ത കുട്ടിയെ ബന്ധുവിനെ കാണിക്കാനായി കൊണ്ടുപോയ ശേഷം മടങ്ങുകയായിരുന്നു സാലി.


ഇതിനൊക്കെ പുറമെ അപകടങ്ങളുടെ പരമ്പരതന്നെയാണ് ഈ പ്രദേശത്ത് ദിനംപ്രതിയുണ്ടാവുന്നത്. ജീവന്‍പോകാതെ രക്ഷപെടുന്നത് ഭാഗ്യം കൊണ്ടുമാത്രം. പഴയ പേരൂര്‍ - സംക്രാന്തി റോഡും പുതിയ ബൈപാസ് റോഡും സംഗമിക്കുന്ന നാല് കൂടിയ പൂവത്തുംമൂട് കവലയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഒരു വര്‍ഷം മുമ്പ് പൂവത്തുംമൂട്ടില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ അമ്മയും മകളും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. പാൽ കയറ്റിവന്ന ഓട്ടോറിക്ഷയിൽ കാർ ഇടിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു. സ്വകാര്യബസ്സും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. സ്കൂളിലേക്ക് സൈക്കിളില്‍ പോകുകയായിരുന്ന വിദ്യാര്‍ഥിയെ പുളിമൂട് കവലയ്ക്കു സമീപത്ത് ബൈക്ക് യാത്രികന്‍ ഇടിച്ച് തെറിപ്പിച്ചതും കഴിഞ്ഞ ആഴ്ചയാണ്.


റോഡ് നവീകരിച്ചതോടെ അമിതവേഗതയില്‍ പായുന്ന വാഹനങ്ങളാണ് അപകടങ്ങളിലെല്ലാം വില്ലന്‍മാരായത്. വളവുകള്‍ ശ്രദ്ധിക്കാതെ ഓടിച്ചുവരുന്ന അതേ വേഗതയില്‍ ഓവര്‍ടേക്കിംഗിന് ശ്രമിക്കുന്നതും അപകടകാരണമാകുന്നു. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് നടപടികള്‍ ഒന്നുമുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. എന്നാല്‍ റോഡ് ആധുനികവല്‍ക്കരിക്കുന്നത് നല്ല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ഡ്രൈവര്‍മാര്‍ മിനക്കെടാത്തതാണ്  അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് ബൈപാസ് ഉദ്ഘാടനവേളയില്‍ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞത്.


ഇതിനിടെ റോഡ് കയ്യേറ്റവും പ്രധാന പ്രശ്നമാകുന്നുണ്ട്. മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് വഴിയരികിലെ അനധികൃതകയ്യേറ്റം ഒഴിപ്പിച്ചതാണ്. പക്ഷെ അധികനാള്‍ കഴിയും മുമ്പേ വീണ്ടും പഴയപടിയായി. നഗരസഭയുടെ നേതൃത്വത്തില്‍ അനധികൃതദിശാബോര്‍ഡുകളും കയ്യേറ്റങ്ങളും എടുത്തുമാറ്റുവാന്‍ തീരുമാനമുണ്ടെങ്കിലും പൂര്‍ണ്ണമായും പ്രാവര്‍ത്തികമായിട്ടില്ല.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K