12 December, 2021 05:54:23 PM


കോട്ടയം ദന്തൽ കോളേജിൽ ശിശുക്കൾക്ക് നൂതന ദന്തവദന ചികിത്സ നാളെ മുതല്‍



കോട്ടയം: ഗവൺമെന്‍റ് ദന്തൽ കോളേജിൽ ശിശുക്കൾക്കായി ആരംഭിക്കുന്ന നൂതന രീതിയിലുള്ള ദന്ത വദന ചികിത്സയ്ക്ക് നാളെ തുടക്കം. കുഞ്ഞുങ്ങളെ മയക്കി കിടത്തി ദന്ത ചികിത്സ നടത്തുന്ന  രീതി കേരളത്തിൽ സർക്കാർ മേഖലയിൽ ആദ്യമായി നടപ്പാക്കുന്നത് കോട്ടയം ദന്തൽ കോളേജിലാണ്. വിദേശ രാജ്യങ്ങളിലും  ഇതര സംസ്ഥാനങ്ങളിലും വൻചിലവ് വരുന്ന  ചികിത്സയാണിത്.  

പുതിയ ചികിത്സാ സംവിധാനത്തിന്‍റെ  ഉദ്ഘാടനം ഡിസംബർ 13ന്  രാവിലെ പത്തിന് മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കും. ദന്തൽ കോളേജിൽ നടക്കുന്ന ചടങ്ങിൽ  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ അധ്യക്ഷത വഹിക്കും. ശിശു ദന്തരോഗ ചികിത്സാ വിഭാഗം മേധാവി ഡോ. അനുപം കുമാർ മുഖ്യ പ്രഭാഷണം നടത്തും. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിർമ്മല ജിമ്മി, നഗരസഭാ കൗൺസിലർ ബാബു മാത്യു, കോട്ടയം  മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.പി ജയകുമാർ, ദന്തൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി. റ്റി ബീന, പുഷ്പഗിരി ദന്തൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോർജ് വർഗീസ്, കോട്ടയം ഗവൺമെന്‍റ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. വി.കെ. ഉഷ. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ ടി.കെ. ജയകുമാർ, അനസ്തേഷ്യാ വിഭാഗം മേധാവി ഡോ. ഷീല വർഗീസ്, പി.ടി.എ വൈസ് പ്രസിഡന്‍റ് ഇ എൻ സതീഷ് കുമാർ എന്നിവർ സംസാരിക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K