14 December, 2021 08:57:59 AM
റഷ്യയിലെ സ്കൂളിൽ കൗമാരക്കാരന്റെ ചാവേറാക്രമണം; നിരവധി പേർക്ക് പരിക്ക്

മോസ്കോ: റഷ്യയിലെ ഓർത്തഡോക്സ് കോൺവെന്റ് സ്കൂളിൽ കൗമാരക്കാരൻ നടത്തിയ ചാവേറാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സെർപുഖോവിലെ സ്കൂളിൽ നിന്ന് ബിരുദം നേടിയ 18 വയസുകാരനാണ് സ്ഫോടക വസ്തുക്കളുമായി എത്തി സ്വയം പൊട്ടിത്തെറിക്കാൻ ശ്രമിച്ചതെന്ന് റഷ്യയുടെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാൽ ആക്രമണത്തിൽ ഇയാൾ മരിച്ചില്ല. സ്ഫോടനത്തിൽ പരിക്കേറ്റവരിൽ 15 വയസുകാരനും ഉണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
എട്ട് പേർക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ അറിയിച്ചു. സ്ഫോടനം നടത്തിയ ആളുടെ നില ഗുരുതരമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്ലാഡിസ്ലാവ് സ്ട്രുഷെങ്കോവ് എന്നാണ് അക്രമിയുടെ പേരെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. സ്കൂളിലെ അധ്യാപകരോടും വിദ്യാർഥികളോടും കൗമാരക്കാരന്റെ വൈരാഗ്യമാകാം ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് റഷ്യയുടെ ഇന്റർഫാക്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ പോ ലീസ് അന്വേഷണം ആരംഭിച്ചു.





