16 December, 2021 02:19:40 PM


ഏറ്റുമാനൂരിലെ എട്ട് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു



ഏറ്റുമാനൂര്‍: നഗരത്തിലെ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യവിഭാദം നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ ആരംഭിച്ച പരിശോധനയില്‍ നഗരത്തിലെ എട്ട് ഹോട്ടലുകളില്‍നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തത്. എം.സി റോഡരികില്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ പട്ടിത്താനം വരെയായിരുന്നു പരിശോധന.


ദിവസങ്ങളോളം പഴകിയ അച്ചാറുകള്‍, അവിയല്‍, തോരന്‍ തുടങ്ങിയ കറികള്‍, ചോറ്, പൊറോട്ട, ചപ്പാത്തി, ബീഫ്, ചിക്കന്‍, മീന്‍ ഇവയെല്ലാം പിടിച്ചെടുത്തവയില്‍പെടുന്നു. പഴകിയ ഭക്ഷണം ലഭിച്ചവയില്‍ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രപരിസരത്തെ ഹോട്ടലുകളും ഉള്‍പ്പെടുന്നു. ഇവിടെ ഒരു ഹോട്ടലില്‍ നിന്ന് പൂപ്പല്‍ പിടിച്ച അച്ചാര്‍ ഉള്‍പ്പെടെയുള്ള ഭക്ഷണമാണ് പിടിച്ചെടുത്തത്. ശബരിമല സീസണ്‍ ആരംഭിച്ചതിനെതുടര്‍ന്ന് ഒട്ടേറെ തീര്‍ത്ഥാടകരാണ് ഈ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചു മടങ്ങുന്നത്.


പേരൂര്‍കവലയിലെ ഒരു ഹോട്ടലില്‍നിന്നും തവളക്കുഴി, പട്ടിത്താനം മേഖലയിലെ അഞ്ച് ഹോട്ടലുകളില്‍ നിന്നും ക്ഷേത്രപരിസരത്ത് എം.സി.റോഡിലെ രണ്ട് ഹോട്ടലുകളില്‍നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. അമല, വൃന്ദാവൻ, എമിറേറ്റ്സ്, ബീബീസ്, ശ്രുതി, അമ്മവീട്, അബ്ബാ, മാളിക എന്നീ ഹോട്ടലുകളിൽ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം പിടിച്ചെടുത്തത്. ഈ ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. ഇവരില്‍നിന്നും പിഴ ഈടാക്കുമെന്ന് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആറ്റ്‌ലി പി ജോണ്‍ പറഞ്ഞു. 


ശുചിത്വപാലനത്തില്‍ നഗരത്തിലെ മിക്ക ഹോട്ടലുകളും വീഴ്ച വരുത്തിയിട്ടുണ്ടെന്നും കണ്ടെത്തി. മാലിന്യസംസ്‌കരണത്തിന് പ്രത്യേകം പ്ലാന്റുകള്‍ വേണമെന്നിരിക്കെ ഭൂരിഭാഗം സ്ഥാപനങ്ങളും ഓടകളിലേക്കാണ് മലിനജലം ഒഴുക്കുന്നത്. ഇവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം.ആര്‍.രാജേഷ്, വിജിത കെ.കെ., പി.പി.പിരജിത, നഗരസഭാ ജീവനക്കാരായ ഹരീഷ് കുമാര്‍, പ്രേംകുമാര്‍, ജോമോന്‍, റോബിന്‍ കുര്യാക്കോസ് തുടങ്ങിയവരും പരിശോധനകളില്‍ പങ്കെടുത്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 10.5K