21 December, 2021 06:23:30 PM


രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരുടെ അലവൻസ് വർധിപ്പിക്കും - മന്ത്രി പി. രാജീവ്



കോട്ടയം: കോട്ടയം ടെക്സ്റ്റയിൽസിൽ രാത്രി ജോലി ചെയ്യുന്ന തൊഴിലാളികളുടെ അലവൻസ് വർധിപ്പിക്കുമെന്ന് വ്യവസായ-നിയമ മന്ത്രി പി. രാജീവ് പറഞ്ഞു. പ്രവർത്തനം പുനരാരംഭിച്ച കോട്ടയം ടെക്സ്റ്റയിൽസ് സന്ദർശിച്ചശേഷം അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമാവധി ഉത്പാദനം ലക്ഷ്യമിടുന്ന സാഹചര്യത്തിൽ രാത്രി ഷിഫ്റ്റിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് പ്രത്യേക പരിഗണന നൽകും. ഇവർക്കുള്ള അലവൻസ് 150 രൂപയാക്കി ഉയർത്തും.

ടെക്സ്റ്റയിൽസ് കോർപ്പറേഷന്റെ കീഴിലുള്ള മികച്ച ലാഭം നേടുന്ന അഞ്ച് ടെക്സ്റ്റയിൽസ് കമ്പനികൾക്കൊപ്പം  കോട്ടയം ടെക്സ്റ്റയിൽസിനെയും ഉയർത്തുന്നതിന് നടപടി സ്വീകരിക്കും.
കമ്പനിയുടെ ഭൗതിക സാഹചര്യം കൂടുതൽ മെച്ചപ്പെടുത്താനും യന്ത്രങ്ങളുടെ തകരാറുകൾ പരിഹരിക്കാനുമുള്ള പ്രവൃത്തികൾ  പുരോഗമിക്കുകയാണ്. വേദഗിരിയിൽ കിൻഫ്രയുമായി ചേർന്ന് ടെക്സ്റ്റയിൽ മേഖലയുമായി ബന്ധപ്പെട്ട പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തനം പുനരാരംഭിച്ച ശേഷം ഉൽപ്പാദിപ്പിച്ച ആദ്യ ലോഡുമായി പോകുന്ന വാഹനത്തിന്റെ ഫ്ളാഗ് ഓഫും മന്ത്രി നിർവഹിച്ചു. 9000 കിലോ കോട്ടൺ നൂലുകൾ മധ്യപ്രദേശിലേക്കാണ് അയച്ചത്.

അവലോകനയോഗത്തിൽ മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. സി.കെ. ആശ എം.എൽ.എ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ടെക്‌സ്റ്റെയിൽസ് കോർപ്പറേഷൻ ചെയർമാൻ സി.ആർ. വത്സൻ, മാനേജിങ് ഡയറക്ടർ കെ.ടി. ജയരാജൻ, കോട്ടയം ടെക്സ്റ്റയിൽസ് യൂണിറ്റ് ഇൻ-ചർജ് എബി തോമസ്, ഡയറക്ടർ ബോർഡംഗം പൂയപ്പള്ളി രാഘവൻ, ട്രേഡ് യൂണിയൻ പ്രതിനിധികളായ കെ.എൻ രവി, കെ.എ. ശ്രീജിത്ത് (സിഐടിയു), ടി.ആർ. മനോജ് (ഐഎൻടിയു സി), സാലി തോമസ് (എഐടിയുസി), ബെന്നി ജോർജ്ജ് (കെടിയുസി), അഡ്വ. ജെയ്‌സൻ ജോസഫ്(കെ.ടി.യു.സി) എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K