07 February, 2022 11:36:18 AM


വാവ സുരേഷ് ആശുപത്രി വിട്ടു; ഇനി തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമം



കോട്ടയം: മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ  ചികിത്സയിലായിരുന്ന  വാവ സുരേഷ് കോട്ടയം മെഡിക്കല്‍ കോളേജില്‍  നിന്ന് ഡിസ്ചാര്‍ജ് ആയി. ഇന്ന് രാവിലെ 11 മണിയോടെയാണ് സുരേഷിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. തന്നെ സഹായിച്ച സർക്കാരിനും, ആശുപത്രി അധികൃതർക്കും, കണ്ണിൽ എണ്ണയൊഴിച്ച് പ്രാർത്ഥനയിൽ മുഴുകിയ ബന്ധുജനങ്ങൾക്കും, കുറിച്ചിയിലെ ജനങ്ങൾക്കും സുരേഷ് നന്ദി പറഞ്ഞു.

മന്ത്രി വി. എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ആശുപത്രി സൂപ്രണ്ട് ഡോ.റ്റി കെ ജയകുമാർ, ഡപ്യൂട്ടി സൂപ്രണ്ട് ഡോ.രതീഷ് കുമാർ, എന്നിവരും സഹോദരൻ അടക്കമുള്ള കുടുംബാംഗങ്ങളും ആശുപത്രി വിടുമ്പോൾ കൂടെ ഉണ്ടായിരുന്നു. ആരോഗ്യം വീണ്ടെടുത്ത ശേഷം ഇനിയും ജനങ്ങളെ  പാമ്പിൽ നിന്നും രക്ഷക്കാൻ മുന്നിട്ടിറങ്ങുമെന്ന് സുരേഷ് പറഞ്ഞു.

വാവ സുരേഷിൻ്റെ ആരോഗ്യം പഴയ നിലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. എന്നാൽ അണുബാധക്ക് സാധ്യതയുള്ളതിനാല്‍ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദര്‍ശകരെ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. പാമ്പ് കടിയേറ്റിടത്തെ മുറിവ് ഉണങ്ങിവരുന്നുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയം കുറിച്ചിയിൽ വച്ച് വാവ സുരേഷിന് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. ഗുരുതരാവസ്ഥയില്‍ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും എത്തിച്ച് നടത്തിയ വിദഗ്ധ ചികിത്സയിലൂടെയാണ് വാവ സുരേഷിൻ്റെ ജീവൻ രക്ഷിക്കാനായത്. സ്വദേശമായ തിരുവനന്തപുരത്തേക്കാണ് സുരേഷ് മടങ്ങിയത്. സുരേഷിന് വീട് നിർമ്മിച്ച് നൽകാൻ ചെന്നൈയിലെ ഒരു ഹോട്ടൽ ഗ്രൂപ്പ് മേധാവി സന്നദ്ധത അറിയിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K