08 February, 2022 10:14:59 PM


സ്കൂള്‍ മൈതാനം ടൂര്‍ണമെന്‍റിന് നല്‍കിയ പഞ്ചായത്ത് നടപടിക്കെതിരെ ഓംബുഡ്സ്മാന്‍




ഏറ്റുമാനൂര്‍:  സ്കൂള്‍ മൈതാനം വിദ്യാഭ്യാസവകുപ്പിന്‍റെ അനുമതിയില്ലാതെ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് വി‌ട്ടുകൊടുത്ത ഗ്രാമപഞ്ചായത്ത് നടപടിക്കെതിരെ തദ്ദേശസ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ഓംബുഡ്സ്മാന്‍. നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മൂഴിക്കുളങ്ങരയിലാണ് സംഭവം. മൂഴികുളങ്ങര എല്‍.പി.സ്കൂള്‍ കോമ്പൗണ്ടിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സാംസ്കാരിക നിലയത്തിന് 2019 ഡിസംബറില്‍ ഫുട്ബോള്‍ മത്സരം നടത്താന്‍ തങ്ങളറിയാതെ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട് വിട്ടുകൊടുത്തതിനെതിരെ സ്കൂള്‍ ഹെഡ്മിസ്ട്രസ് നല്‍കിയ പരാതിയിലാണ് നടപടി. 

ഗ്രാമപഞ്ചായത്തിന്‍റെ അനുമതിയോടെ സ്കൂള്‍ കോമ്പൗണ്ടിലെ കെട്ടിടത്തില്‍ മഹാത്മാ സാംസ്കാരികനിലയം പ്രവര്‍ത്തിക്കുന്നതിനെതിരെ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ രംഗത്ത് വന്നത് നേരത്തെ ഏറെ വിവാദമായിരുന്നു. ഈ ഹെഡ്മാസ്റ്റര്‍ വിരമിച്ചശേഷമാണ് ഇതേ സംഘടനയ്ക്ക് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് നടത്താന്‍ പഞ്ചായത്ത് അനുമതി നല്‍കിയത്. ഇതിനെ ചോദ്യം ചെയ്താണ് ഹെഡ്മിസ്ട്രസ് സിസിലി തോമസ് പഞ്ചായത്തിനെതിരെ ഓംബുഡ്സ്മാനെ സമീപിച്ചത്.

എന്നാല്‍ പഞ്ചായത്ത് ഔദ്യോഗികമായല്ല അനുമതി നല്‍കിയതെന്നും പ്രസിഡന്‍റ് വ്യക്തിപരമായി നല്‍കിയതെന്നുമായിരുന്നു അസിസ്റ്റന്‍റ് സെക്രട്ടറി ഓംബുഡ്സ്മാന് മുന്നില്‍ വ്യക്തമാക്കിയത്. പ്രസിഡന്‍റ് രാജി വെച്ച ഒഴിവില്‍ ചാര്‍ജുണ്ടായിരുന്ന അന്നത്തെ വൈസ് പ്രസിഡന്‍റ് തോമസ് ജോസഫ് ആയിരുന്നു ടൂര്‍ണമെന്‍റ് നല്‍കാന്‍ അനുമതി നല്‍കിയത്. സ്കൂള്‍ വികസനത്തിന് ഫണ്ട് നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുന്ന ഗ്രാമപഞ്ചായത്തിന്‍റെ അധീനതയിലാണ് സ്ഥലം എന്ന് കരുതിയാണ് താന്‍ അനുമതി നല്‍കിയതെന്ന് തോമസ് ജോസഫും പറയുന്നു.

വിദ്യാഭ്യാസവകുപ്പിന്‍റെ 2018 ജനവരി 24ലെ ഉത്തരവ് അനുസരിച്ച് സ്കൂള്‍ കെട്ടിടങ്ങളോ മൈതാനങ്ങളോ സ്കൂള്‍ മേധാവിയുടെ അനുവാദം കൂടാതെ മറ്റൊരു സ്ഥാപനത്തിന് നല്‍കരുത് എന്നും ഓംബുഡ്സ്മാന്‍ ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K